തെരുവുനായ ഭീഷണി രൂക്ഷം: നായ വാഴും തീരം

പെരിഞ്ഞനം: തീരദേശ മേഖലയില്‍ ഭീതിപരത്തി തെരുവ് നായകളുടെ വിളയാട്ടം. കൂരിക്കുഴി, ആശുപത്രിപ്പടി, പതിനെട്ടുമുറി, വിളക്കുപറമ്പ്, തായ്നഗര്‍, ചളിങ്ങാട്, ചാമക്കാല, ചെന്ത്രാപ്പിന്നി, കുറ്റിലക്കടവ്, പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് സ്കൂള്‍ തുടങ്ങിയ മേഖലകളിലാണ് തെരുവ് നായകളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. കയ്പമംഗലം പഞ്ചായത്തിലെ കൂരിക്കുഴി, പതിനെട്ടുമുറി, വിളക്കുപറമ്പ്, ആശുപത്രിപ്പടി തുടങ്ങിയ പ്രദേശങ്ങളിലായി ഇതുവരെ തെരുവ്നായകളുടെ കടിയേറ്റവരുടെ എണ്ണം പത്തില്‍ കൂടുതലാണ്. നായ്ക്കള്‍ കൂട്ടമായത്തെി ആടുകളും കോഴികളും ഉള്‍പ്പെടെ വളര്‍ത്തു മൃഗങ്ങളെ കടിച്ചുകൊന്ന സംഭവങ്ങള്‍ നിരവധി. പള്ളിത്താനം ഭാഗത്ത് പോത്തിന്‍ കുട്ടിയെ നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു. കൂരിക്കുഴിയില്‍ വളര്‍ത്തു മൃഗങ്ങളെ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്നതിനിടെ യുവാവിനും വിളക്കുപറമ്പില്‍ വിദ്യാര്‍ഥികളെ നായ്ക്കൂട്ടത്തിനിടയില്‍ നിന്ന് രക്ഷിക്കുന്നതിനിടെ വയോധികക്കും പരിക്കേല്‍ക്കുകയുണ്ടായി. പ്രഭാത സവാരിക്കിറങ്ങുന്നവര്‍ക്കും രാവിലെ ക്ഷേത്രങ്ങളിലേക്കും പള്ളിയിലേക്കും പോകുന്നവര്‍ക്കും മദ്റസാ വിദ്യാര്‍ഥികള്‍ക്കും തെരുവ് നായ്ക്കളുടെ ഭീഷണി ചെറുതല്ല. കൂട്ടമായത്തെുന്ന തെരുവ് നായ്ക്കളെ നേരിടാന്‍ കഴിയാതെ ഓടി രക്ഷപ്പെടുകയാണ് നാട്ടുകാര്‍. കുറ്റിക്കാടുകളിലും ഒഴിഞ്ഞ പറമ്പുകളിലും സംഘമായിരിക്കുന്ന തെരുവുനായ്ക്കള്‍ പൊടുന്നനെയാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തുന്നത്. റോഡരികിലും പൊതുസ്ഥലങ്ങളിലും കനോലികനാലിന്‍െറ തീരത്തും തള്ളുന്ന അറവുമാലിന്യവും കോഴിയവശിഷ്ടങ്ങളുമാണ് നായകള്‍ പെരുകാന്‍ കാരണം. നായ്ക്കളെ വന്ധ്യംകരിക്കുന്നതിനോടൊപ്പം അറവുമാലിന്യമുള്‍പ്പെടെയുള്ളവ വഴിയില്‍ തള്ളുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.