മിച്ചഭൂമിയില്‍ താമസിക്കുന്ന 20 കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍

തൃശൂര്‍: പീച്ചിയില്‍ മിച്ചഭൂമിയില്‍ താമസിക്കുന്ന 20ലധികം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍. 1976ല്‍ പട്ടയം ലഭിച്ച് തലമുറകളായി ഉപയോഗിച്ചു വരുന്ന പീച്ചി വില്ളേജിലെ 5.70 സെന്‍റ് ഭൂമിയിയില്‍ നിന്ന് തങ്ങളെ തിങ്കളാഴ്ച സ്വകാര്യ വ്യക്തികള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കുടിയൊഴുപ്പിക്കാന്‍ തീരുമാനിച്ചിരിക്കകയാണെന്ന് സര്‍വകക്ഷി സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2009ലെ മിച്ചഭൂമി ഉത്തരവില്‍ ഉള്‍പ്പെട്ടതാണ് ഭൂമി. എന്നിട്ടും ജന്മിമാരുടെ കൈവശം അധികം ഭൂമിയുണ്ടോ എന്ന അന്വേഷണത്തിലാണ് ഇപ്പോഴത്തെ ഡെപ്യൂട്ടി കലക്ടറെന്നും ഇത് യഥാര്‍ഥത്തില്‍ ജന്മിമാരെ സഹായിക്കാനാണെന്നും സമരസമിതി ആരോപിച്ചു. സാമ്പത്തിക ശേഷിയും നീതിന്യായ തലത്തില്‍ വരെ ശക്തമായ സ്വാധീനവുമുള്ള ഇവര്‍ക്ക് മിച്ച ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ കൂട്ടുനില്‍ക്കുകയാണ്. മിച്ചഭൂമിയാണെന്ന അന്തിമ ഉത്തരവ് നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിലൂടെ കുടിയിറക്കപ്പെടുന്ന കുടംബങ്ങളുടെ മനുഷ്യാവകാശമാണ് ലംഘിക്കപ്പെടുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. ഭൂ വിനിയോഗ ബോര്‍ഡിന്‍െറ 2009ലെ മിച്ചഭൂമി ഉത്തരവിനെ ആധാരമാക്കി ഇപ്പോഴത്തെ ലാന്‍ഡ് ബോര്‍ഡ് അന്തിമ ഉത്തരവ് അടിയന്തരമായി പുറപ്പെടുവിച്ച് ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെടുന്ന കുടുംബങ്ങളെ സംരക്ഷിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.സമരസമിതി കണ്‍വീനര്‍ രാജാജി മാത്യു തോമസ്, ചെയര്‍മാന്‍ കെ.കെ. ശ്രീനിവാസന്‍, സി.പി.എം പീച്ചി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. ബാലകൃഷ്ണന്‍, കര്‍ഷക സംഘം പീച്ചി മേഖല സെക്രട്ടറി സണ്ണി മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.