സ്നേഹം കൈകോര്‍ത്തു; ബാബുവിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം

ഗുരുവായൂര്‍: ഏഴ് വര്‍ഷമായി നട്ടെല്ല് തളര്‍ന്ന് കിടക്കുന്ന തിരുവെങ്കിടം പെരുവഴിക്കാട്ടില്‍ ബാബുവിന്‍െറ പാര്‍പ്പിട സ്വപ്നം വെള്ളിയാഴ്ച പൂവണിയുന്നു. ഗോകുലം സ്കൂള്‍ പി.ടി.എ നിര്‍മിച്ച വീടിന്‍െറ താക്കോല്‍വിതരണം വെള്ളിയാഴ്ച നടക്കുമെന്ന് പി.ടി.എ ഭാരവാഹികള്‍ അറിയിച്ചു. ഗുരുവായൂര്‍ നഗരസഭ സഹായമായി നല്‍കിയ 2.25 ലക്ഷം രൂപയും സുമനസ്സുകളുടെ കാരുണ്യവും ഒത്തുചേര്‍ത്താണ് വീട് നിര്‍മിച്ച് നല്‍കുന്നത്. 500 ചതുരശ്ര അടിവരുന്ന വീട് പൂര്‍ണായും നിര്‍മാണം പൂര്‍ത്തിയാക്കിയാണ് കൈമാറുന്നത്. ‘ആശ്രയ’ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ബാബുവിന് ഇരിങ്ങപ്പുറം വന്നേരി റോഡിന് സമീപം നഗരസഭ രണ്ട് സെന്‍റ് ഭൂമി സൗജന്യമായി നല്‍കിയിരുന്നു. 7.25 ലക്ഷം രൂപയാണ് വീടിന് ചെലവ് വന്നത്. വീട്ടിലേക്കാവശ്യമായ ഫര്‍ണിച്ചറുകളും ഗൃഹോപകരണങ്ങളും നല്‍കാന്‍ തയാറായി സുമനസ്സുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് 3.30ന് നടക്കുന്ന താക്കോല്‍ കൈമാറ്റ ചടങ്ങ് സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ശ്രീഗോകുലം ഗ്രൂപ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അധ്യക്ഷത വഹിക്കും. പി.എ. മാധവന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. വിദ്യാര്‍ഥി പ്രതിനിധികളായ നിധിന്‍ പീറ്റര്‍, അമീന ഷാനവാസ് എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ കൈമാറും. പ്രിന്‍സിപ്പല്‍ പി.കെ. മനോഹരന്‍, പി.ടി.എ പ്രസിഡന്‍റ് വി.സി. സുരേഷ്, പി.ഐ. ജിഫ്രൂം, പി.കെ. ജയശ്രീ, സിനി കണ്ടംപുള്ളി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു. നിര്‍മാണ തൊഴിലാളിയായ ബാബു ഏഴു വര്‍ഷം മുമ്പ് മേല്‍ക്കൂര നിര്‍മാണത്തിനിടെ വീണ് നട്ടെല്ലിന് പരിക്കേല്‍ക്കുകയായിരുന്നു. ചികിത്സക്കായി കിടപ്പാടം വിറ്റതിനെ തുടര്‍ന്ന് കാലിത്തൊഴുത്ത് വീടാക്കി മാറ്റിയാണ് കഴിഞ്ഞിരുന്നത്. മകള്‍ ദേവികയെ ഈ വര്‍ഷം മുതല്‍ സൗജന്യമായി ഗോകുലം സ്കൂളില്‍ പഠിപ്പിക്കുന്നുണ്ട്. ശ്രീകൃഷ്ണ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ മകന്‍ വിഷ്ണുവിന്‍െറ ഒരുവര്‍ഷത്തെ പഠന ചെലവും വഹിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.