പോസ്റ്റ്ഓഫിസ് പത്ത് ദിവസത്തിനകം താല്‍ക്കാലിക കെട്ടിടത്തിലേക്ക്

തൃശൂര്‍: പട്ടാളം റോഡ് വികസനത്തിന്‍െറ ഭാഗമായി പോസ്റ്റ്ഓഫിസ് പ്രവര്‍ത്തനം പത്ത് ദിവസത്തിനുള്ളില്‍ കോര്‍പറേഷന്‍ ബില്‍ഡിങ്ങിലേക്ക് മാറും.പോസ്റ്റ്ഓഫിസ് മാറാനായി തപാല്‍ വകുപ്പും കോര്‍പറേഷനും തമ്മിലുണ്ടാക്കിയ കരാറില്‍ ഒപ്പുവെച്ചു. പോസ്റ്റ്ഓഫിസ് മാറ്റുന്ന നടപടികള്‍ക്ക് അംഗീകാരമായിരുന്നെങ്കിലും പുതിയ താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറുന്നതിന് ബുധനാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഓഫിസ് മാറ്റത്തിനായി അനുമതിയായ സാഹചര്യത്തില്‍ പ്രവൃത്തി വേഗത്തില്‍ തുടങ്ങുമെന്ന് മേയര്‍ രാജന്‍ ജെ. പല്ലന്‍ അറിയിച്ചു. കരാറനുസരിച്ച് പോസ്റ്റ്ഓഫിസിന് അനുവദിച്ച 16.5 സെന്‍റ് സ്ഥലം രണ്ട് മാസത്തിനകം തപാല്‍ വകുപ്പിന് കോര്‍പറേഷന്‍ ചെലവില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കും. ഇവിടെ 3500 ച.അടി വിസ്തീര്‍ണമുള്ള കെട്ടിടം അധികൃതര്‍ നിര്‍ദേശിക്കുന്ന അളവില്‍ എട്ടുമാസത്തിനുള്ളില്‍ കോര്‍പറേഷന്‍ പണിത് നല്‍കും. പുതിയ കെട്ടിടം സജ്ജമാകും വരെ നിലവിലുള്ള പോസ്റ്റ്ഓഫിസിലെ ഫയലുകളും, ഫര്‍ണിച്ചര്‍, മറ്റ് സാമഗ്രികള്‍ അടക്കമുള്ളവ കോര്‍പറേഷന്‍ എം.ഒ.റോഡില്‍ ഒരുക്കിയ താല്‍ക്കാലിക ഓഫിസിലേക്ക് മാറ്റുകയും, വാടകയില്ലാതെ പ്രവൃത്തിപ്പിക്കുകയും ചെയ്യും. കൂടാതെ പഴയ പോസ്റ്റ്ഓഫിസ് കെട്ടിടത്തിന് വിലയായി 3,52,240 രൂപയും കോര്‍പറേഷന്‍ നല്‍കണമെന്ന വ്യവസ്ഥയിലാണ് പോസ്റ്റ്ഓഫിസ് മാറാനുള്ള അനുമതി. കോര്‍പറേഷന് വേണ്ടി സെക്രട്ടറി കെ.എം.ബഷീറും തപാല്‍ വകുപ്പിന് വേണ്ടി സീനിയര്‍ സൂപ്രണ്ട് സി.ആര്‍.രാമകൃഷ്ണനും അസി.സൂപ്രണ്ട് ബിന്ദുവര്‍മയുമാണ് കരാറില്‍ ഒപ്പുവെച്ചത്. താല്‍ക്കാലിക പോസ്റ്റ്ഓഫിസ് പ്രവര്‍ത്തിക്കാന്‍ എം.ഒ. റോഡില്‍ തന്നെ കോര്‍പറേഷന്‍ കോംപ്ളക്സിന്‍െറ ആദ്യനിലയില്‍ വാടകയില്ലാതെ സൗകര്യം കോര്‍പറേഷന്‍ ഒരുക്കിയിട്ടുണ്ട്. കോര്‍പറേഷന്‍ പുതിയതായി നല്‍കിയ സ്ഥലത്ത് പുതിയ കെട്ടിടം പണിയാനുള്ള ഡിസൈനും തയാറാക്കി. കഴിഞ്ഞ ഒക്ടോബറിലാണ് പട്ടാളം റോഡ് വികസനവുമായി ബന്ധപ്പെട്ട് ബി.എസ്.എന്‍.എല്‍,പോസ്റ്റ്ഓഫിസ് എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്ന് റോഡ് വികസനത്തിന് വേണ്ട സ്ഥലം വിട്ടുകിട്ടുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട് മേയറും സംഘവും ഡല്‍ഹിയില്‍ പോയത്. തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ ബി.എസ്.എന്‍.എല്‍ സ്ഥലം വിട്ടുതരുന്നത് സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നും അനുവാദം ലഭിക്കുകയും, ബി.എസ്.എന്‍.എല്ലി ന്‍െറ മതില്‍ പൊളിച്ചുനീക്കി 4.5 സെന്‍റ് സ്ഥലം പട്ടാളം റോഡ് വീതികൂട്ടുന്നതിന് വേണ്ടി ലഭിച്ചിരുന്നു. ഇവിടെയുള്ള മാരിയമ്മന്‍ കോവിലിന്‍െറ രണ്ടര സെന്‍റ് സ്ഥലവും നേരത്തെ ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.