തൃശൂര്‍: പട്ടയമേളയില്‍ ജില്ലയിലെ മലയോര, തീരദേശ മേഖലക്ക് വീണ്ടും അവഗണന. 1528 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടും സുപ്രീം കോടതിയും മനുഷ്യാവകാശ കമീഷനും അനുവദിച്ച അപേക്ഷകളില്‍ ഒന്നുപോലും പരിഗണിക്കപ്പെട്ടില്ല. മലയോര മേഖലയില്‍ 426ഉം തീരദേശ മേഖലയില്‍ 52ഉം പട്ടയങ്ങള്‍ അനുവദിക്കാനാണ് സുപ്രീംകോടതിയും മനുഷ്യാവകാശ കമീഷനും ഉത്തരവിട്ടത്. ജില്ലയില്‍ കൈവശഭൂമിക്ക് പട്ടയം കിട്ടാത്തവരായി 20,000ലധികവും ഭൂരഹിതരായി 32,000ഉം പേരുണ്ടെന്നാണ് കണക്ക്. ഭൂരഹിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളില്‍ നിന്ന് റവന്യൂവകുപ്പ് തയാറാക്കിയ ഒൗദ്യോഗിക റിപ്പോര്‍ട്ട് പ്രകാരമാണിത്. ജില്ലയില്‍ എണ്ണായിരത്തിലധികം മലയോര കര്‍ഷകര്‍ പതിറ്റാണ്ടുകളായി കൈവശഭൂമിയില്‍ താമസിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ രണ്ടു ജനസമ്പര്‍ക്കത്തിലും അപേക്ഷിച്ച ആയിരക്കണക്കിന് മലയോര കര്‍ഷകര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചില്ല. മലയോര കര്‍ഷകരെ കൂടാതെ റവന്യൂ-വില്ളേജ് പുറമ്പോക്കുകള്‍, തോട്, പുഴ, കനാല്‍, മേച്ചില്‍പുറം ഭാഗങ്ങളിലടക്കം 20,000ല്‍പരം പേര്‍ക്ക് ജില്ലയില്‍ കൈവശഭൂമിക്ക് പട്ടയം ലഭിക്കാനുണ്ടെന്നാണ് കണക്ക്. മലയോരകര്‍ഷകര്‍ക്കും പുറമ്പോക്ക് നിവാസികള്‍ക്കും പട്ടയം നല്‍കാന്‍ നിയമതടസ്സങ്ങളൊന്നുമില്ളെന്ന് റവന്യൂ വകുപ്പ് തന്നെ പറയുന്നു. ഒല്ലൂര്‍, വടക്കാഞ്ചേരി, ചേലക്കര, പുതുക്കാട്, ചാലക്കുടി മണ്ഡലങ്ങളിലാണ് മലയോര കര്‍ഷകര്‍ കൂടതലും. ജില്ലയില്‍ രണ്ടായിരം മലയോര കര്‍ഷകരുടെ ഭൂമിയുടെ സംയുക്ത പരിശോധന കഴിഞ്ഞ് പട്ടയം നല്‍കാന്‍ കേന്ദ്രാനുമതിയായെങ്കിലും നടപടിയുണ്ടായിട്ടില്ല. വ്യാഴാഴ്ച നടന്ന പട്ടയമേളയില്‍ കൊക്കാല അറയ്ക്കല്‍ സുലേഖ, ഷീബ ബഷീര്‍, കരിക്കാട് കിഴക്കേതില്‍ അബു, കരിക്കാട് കറുപ്പം ഹൈദ്രോസ് കുട്ടി, തളിക്കുളം പുളിക്കപ്പറമ്പില്‍ വിശ്വനാഥന്‍ തുടങ്ങിയവര്‍ മന്ത്രി അടൂര്‍ പ്രകാശില്‍ നിന്നും പട്ടയം ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള ധനസഹായവും ദേശീയ കുടുംബക്ഷേമനിധിയില്‍ നിന്നുള്ള ധനസഹായം മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ വിതരണം ചെയ്തു. ദുരിതാശ്വാസ നിധിയില്‍ 71.75 ലക്ഷം രൂപയുടെയും കുടുംബക്ഷേമനിധിയില്‍ നിന്ന് 1.78 കോടി രൂപയുടെയും ധനസഹായമാണ് വിതരണം ചെയ്തത്. ആകെ 1528 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തത്. ഇതില്‍ 116 എല്‍എ പട്ടയങ്ങളും ഏഴ് കോളനിപ്പട്ടയങ്ങളും 97 സൂനാമി പട്ടയങ്ങളും 11 മിച്ചഭൂമി പട്ടയങ്ങളും 1297 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.