അടൂര്‍: 'കര്‍ഷകജ്യോതി'യില്‍ തിളങ്ങിയ എം. മാധവന്‍ ഏറത്ത് ഗ്രാമത്തിൻെറ അഭിമാനമായി. ഒരുലക്ഷം രൂപയും സ്വര്‍ണമെഡലും അടങ്ങുന്നതാണ് അവാര്‍ഡ്. ഏറത്ത് മണക്കാല മണലിക്കല്‍ എം.മാധവനാണ് പരമ്പരാഗത, സമ്മിശ്ര കൃഷിരീതിയിലൂടെ പാടത്തും പറമ്പിലും കൃഷിഗാഥ രചിച്ച് പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്കുള്ള കര്‍ഷകജ്യോതി അവാര്‍ഡിന് അര്‍ഹനായത്. അഞ്ചേക്കര്‍ സ്ഥലത്താണ് നെല്ലും പച്ചക്കറിയിനങ്ങളും ഇദ്ദേഹം വിളയിച്ചത്. രണ്ടേക്കറില്‍ പച്ചക്കറി കൃഷിയും ഒന്നര ഏക്കറില്‍ നെല്‍കൃഷിയും ഒന്നര ഏക്കറില്‍ കിഴങ്ങുവര്‍ഗങ്ങളുമാണ് കൃഷി ചെയ്യുന്നത്. പരമ്പരാഗത കര്‍ഷകനായിരുന്ന ജ്യേഷ്ഠന്‍ എം. ഗോപാലൻെറ പാത പിന്തുടര്‍ന്ന് കൃഷിയിടത്തിലെത്തിയ മാധവന്‍ വീടിനോടുചേര്‍ന്ന് കിട്ടിയ കുടുംബ വസ്തുവിലാണ് കൃഷിയിറക്കിയത്. പറമ്പില്‍ കപ്പ, കാച്ചില്‍, ചേന, ചേമ്പ്, കിഴങ്ങ് തുടങ്ങിയ വിളകളും പാടത്ത് നെല്ല്, പാവല്‍, പടവലം, പയര്‍, ചീര, വെണ്ട, വഴുതന തുടങ്ങിയ ഇനങ്ങളും നട്ടുവളര്‍ത്തി. ക്ഷീരകര്‍ഷകന്‍ കൂടിയായ ഇദ്ദേഹം കൂടുതല്‍ പാല്‍ അളന്ന ജില്ലയിലെ മികച്ച കര്‍ഷകനായും അംഗീകരിക്കപ്പെട്ടിരുന്നു. ആട്, കോഴി എന്നിവയും വളര്‍ത്തുന്നുണ്ട്. കൃഷിയിടത്തിലെ നെല്ല് കൊയ്‌തെടുത്ത് മെതിച്ച് വീട്ടില്‍ തന്നെ പുഴുങ്ങി സ്വന്തം മില്ലില്‍ കുത്തി നാടന്‍ കുത്തരിയാക്കി 70ാം വയസ്സിലും വില്‍പന നടത്തുന്നു. മൂന്നേക്കര്‍ സ്ഥലം സ്വന്തമായുണ്ട്. രണ്ടേക്കര്‍കൂടി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. വിദ്യാർഥി സമ്പാദ്യശീല പദ്ധതിക്ക് തുടക്കമായി അടൂർ: ഏഴംകുളം പഞ്ചായത്ത് തൊടുവക്കാട് വാർഡ് സ്റ്റുഡൻറ്സ് ക്ലബ്ബും പറക്കോട് സർവിസ് സഹകരണബാങ്കുമായി ചേർന്ന് തൊടുവക്കാട് വാർഡിലെ താമസക്കാരായ വിദ്യാർഥികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം എസ്.ബി അക്കൗണ്ട് പാസ്ബുക്ക് വിതരണം ചെയ്ത് പറക്കോട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് അഡ്വ. ജോസ് കളീക്കൽ നിർവഹിച്ചു. സ്റ്റുഡൻറ്സ് ക്ലബ് പ്രസിഡൻറ് അഖില അധ്യക്ഷത വഹിച്ചു. വാർഡ് അംഗം വിജു രാധാകൃഷ്ണൻ, ഡയറക്ടർ ബോർഡ് അംഗം ദിവ്യ റെജി മുഹമ്മദ്, കുടുംബശ്രീ സി.ഡി.എസ് അംഗം അജിത സുധാകരൻ, സ്റ്റുഡൻറ്സ് ക്ലബ് സെക്രട്ടറി റോബിൻ ജോസ്, ട്രഷറർ ആഘോഷ്, അനഘ, അഞ്ജു, സാനു, ഇർഫാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.