കോഴഞ്ചേരി: പുഞ്ചകൃഷി സുഗമമാക്കാൻ നെടുമ്പ്രയാർ വലിയ തോട് നവീകരണം ജില്ല പഞ്ചായത്ത് ആരംഭിച്ചു. വർഷങ്ങളായി ചളിയ ും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട തോടാണിത്. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൻെറ പ്രധാന നെല്ലറയായ നെടുമ്പ്രയാർ പുഞ്ചയിലെ കൃഷിക്ക് ആവശ്യമായ ജലം ലഭിച്ചിരുന്ന തോടാണിത്. ഒഴുക്ക് തടസ്സപ്പെട്ടതോടെ കൃഷിക്കാവശ്യമായ ജലം ഇവിടെനിന്നും ലഭിക്കാതായി. ഇത് മൂലം കൃഷിക്കാർ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അവരുടെ ദുരിതം മനസ്സിലാക്കി ജില്ല പഞ്ചായത്ത് സുജലം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോട് പുനരുദ്ധാരണം നടത്തുന്നത്. തോടിൻെറ പാലക്കാട്ട് ചിറ മുതൽ പമ്പാ നദിയിലെ ചെപ്പള്ളിക്കടവ് വരെയുള്ള ഭാഗം നവീകരിക്കുന്നതിന് 10 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തിൻെറ 12, ഏഴ്, എട്ട് വാർഡുകളിൽ ഉൾപ്പെടുന്ന ഭാഗമാണിത്. ഇരപ്പൻ തോട് ഭാഗത്തുനിന്നും മറ്റും എത്തുന്ന ജലം വലിയ തോട്ടിലൂടെ ഒഴുകി പമ്പാ നദിയിലാണ് എത്തുന്നത്. കഴിഞ്ഞ പ്രളയത്തിൽ ചളിയുടെ അളവ് ക്രമാതീതമായി വർധിച്ച് തോടിൻെറ പല ഭാഗങ്ങളും നികന്നിരുന്നു. യന്ത്രങ്ങളുടെ സഹായത്തോടെ തോടിനിരുവശത്തെയും കാടുകൾ വെട്ടിത്തെളിച്ച് ചളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തികൾക്കാണ് തുടക്കമായത്. തോട്ടപ്പുഴപ്പുഴശ്ശേരി വില്ലേജ് ഓഫിസിന് സമീപമുള്ള അഞ്ചാം പാലത്തിൻെറ താഴ്ഭാഗത്ത് നിന്നാണ് പണി ആരംഭിച്ചത്. നീരൊഴുക്ക് ശക്തമാകുന്നതോടെ പുഞ്ചയിലെ കൃഷിക്കാവശ്യമായ ജലം ഇവിടെനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. നെൽ കർഷകരുടെ നാളുകളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ജനകീയ കർഷക സംരക്ഷണ സമിതി പ്രതിഷേധിച്ചു പത്തനംതിട്ട: വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവനും കൃഷിയും നഷ്ടപ്പെട്ട കർഷകർക്ക് സഹായം നൽകുന്നതിൽ സർക്കാർ കാലതാമസം വരുത്തുന്നതിൽ ജനകീയ കർഷക സംരക്ഷണ സമിതി പ്രതിഷേധിച്ചു. ആക്രമണ സ്വഭാവമുള്ള വന്യമൃഗങ്ങളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിച്ചു കൊല്ലുന്നതിനുള്ള നിയമം നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ച് ലക്ഷം പേർ ഒപ്പിട്ട ഭീമഹരജി കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കു നൽകാനും ഡിസംബർ ഒന്നിന് മുമ്പ് പഞ്ചായത്ത് അടിസ്ഥാനത്തിൽ കർഷക സംരക്ഷണ കൂട്ടായ്മയും ഒപ്പു ശേഖരണവും നടത്താനും യോഗം തീരുമാനിച്ചു. കൺവീനർ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരിമാരായ സുരേഷ് കോശി, ടി.ആർ. ബാലഗോപാലൻ നായർ, ജോയൻറ് കൺവീനർമാരായ ചിറ്റാർ ആനന്ദൻ, ഇലന്തൂർ ഹരികുമാർ, ട്രഷറർ ഡി.ബാബു ചാക്കോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.