പത്തനംതിട്ട: തദ്ദേശഭരണ സ്ഥാപനങ്ങൾ ജനോപകാര പ്രദമായ പദ്ധതികൾ രൂപവത്കരിക്കുന്നതിനു ശ്രദ്ധിക്കണമെന്ന് കലക്ടർ ആർ. ഗിരിജ. വാർഷിക പദ്ധതി രൂപവത്കരണം സംബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സാങ്കേതിക വിദഗ്ധ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജനകീയാസൂത്രണത്തിെൻറ ആദ്യഘട്ടത്തിൽ പല നൂതന പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കിയിരുന്നു. എന്നാൽ, തുടർന്ന് വന്ന കാലങ്ങളിൽ പദ്ധതി രൂപവത്കരണത്തിൽ കാര്യമായ പുതുമ ഉണ്ടായില്ല. പലപ്പോഴും മുൻവർഷങ്ങളിൽ നടപ്പാക്കിയ പദ്ധതികൾ തന്നെ വർഷങ്ങളോളം മാറ്റമില്ലാതെ തുടരുന്ന അവസ്ഥയുണ്ടായി. ഈ രീതിക്ക് മാറ്റം വരണം. വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളും വകുപ്പുകളും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താവുന്നവ സംബന്ധിച്ച നൂതന ആശയങ്ങൾ അവതരിപ്പിച്ചു. 89 ലക്ഷം രൂപ ചെലവിൽ 5000 ചതുരശ്രയടി വിസ്തീർണത്തിൽ ജില്ലയിൽ ഐ.ടി പാർക്ക് സ്ഥാപിക്കുന്നതു സംബന്ധിച്ച ആശയമാണ് ജില്ല വ്യവസായ കേന്ദ്രം മുന്നോട്ടുെവച്ചത്. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് എൽ.ഇ.ഡി ബൾബ് നിർമാണ യൂനിറ്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച ആശയം അവതരിപ്പിച്ചു. പന്തളത്ത് പട്ടിക ജാതി വിഭാഗങ്ങൾക്കായി 50 സെൻറ് സ്ഥലത്ത് ഫ്ലാറ്റ് സമുച്ചയം നിർമിക്കുക, ജില്ല പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്കൂളുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുക, ജില്ല പഞ്ചായത്തിെൻറ അധീനതയിലുള്ള എല്ലാ സർക്കാർ സ്കൂളുകളിലെയും പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് സൈക്കിൾ നൽകുക, പന്തളം മുതൽ ളാഹവരെ 48 കി.മീ. വരുന്ന തിരുവാഭരണ പാതയിൽ ഔഷധഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക തുടങ്ങിയ ആശയങ്ങളാണ് ജില്ല പഞ്ചായത്ത് മുന്നോട്ടുെവച്ചത്. സ്കൂൾ വിദ്യാർഥികൾക്ക് എൽ.ഇ.ഡി ലാമ്പുകൾ നൽകുക, എൽ.ഇ.ഡി തെരുവുവിളക്കുകൾ സ്ഥാപിക്കുക എന്നീ ആശയങ്ങളാണ് ഇരവിപേരൂർ പഞ്ചായത്ത് അവതരിപ്പിച്ചത്. ജില്ലയിലെ മിക്ക തദ്ദേശഭരണ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും നൂതന ആശയങ്ങൾ സംബന്ധിച്ച ശിപാർശകൾ യോഗത്തിൽ കൈമാറി. പദ്ധതി രൂപവത്കരണ വേളയിൽ പുതുതായി ശിപാർശ ചെയ്തിട്ടുള്ള പദ്ധതികളുടെ വിശദാംശങ്ങൾ പരിശോധിച്ചശേഷം അംഗീകരിക്കാവുന്നവ ഉൾപ്പെടുത്തിയായിരിക്കും പദ്ധതി രൂപവത്കരണം നടത്തുക. യോഗത്തിൽ ജില്ല പ്ലാനിങ് ഓഫിസർ പി.വി. കമലാസനൻ നായർ, ആസൂത്രണ സമിതിയിലെ സർക്കാർ പ്രതിനിധി രാജീവ്, വിവിധ തദ്ദേശഭരണ ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.