പത്തനംതിട്ട: മനം നിറഞ്ഞ് പുത്തനുടുപ്പുകളും പുതിയ അറിവുകളുമായി അട്ടത്തോട്, മൂഴിയാർ ആദിവാസി മേഖലകളിലെ എഴുപതോളം വരുന്ന എൽ.പി, യു.പി വിദ്യാർഥികൾ ജീവിതനൈപുണ്യ പരിശീലനം പൂർത്തിയാക്കി. സുഭക്ഷിതബാല്യം- സുന്ദരബാല്യം പദ്ധതിയുടെ ഭാഗമായി ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റും പട്ടിക വർഗ വികസന വകുപ്പും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്രമോഷൻ ട്രസ്റ്റും സംയുക്തമായി ഏപ്രിൽ 19 മുതൽ നടത്തിയ ക്യാമ്പിൽ ആവേശത്തോടെയാണ് വിദ്യാർഥികൾ പങ്കെടുത്തത്. അക്ഷരങ്ങളും അക്കങ്ങളും സയൻസും കണക്കും പാട്ടുകളിലൂടെയും കളികളിലൂടെയും പഠിച്ചത് കുട്ടികൾക്ക് വ്യത്യസ്ത അനുഭവമാണ് പകർന്നു നൽകിയത്. മൂഴിയാർ മേഖലയിലെ കുട്ടികൾ ആദ്യ ദിവസങ്ങളിൽ സ്ഥിരമായി ക്യാമ്പിൽ വരാതിരുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ മതിയായ വസ്ത്രങ്ങളുടെ അഭാവമാണ് ഇതിനു കാരണമെന്ന് ബോധ്യപ്പെട്ടു. വസ്ത്രങ്ങൾ കഴുകി ഉണക്കുന്ന ശീലം ഇവരിൽ കുറവായതിനാൽ മുഷിഞ്ഞ വസ്ത്രവുമായി ക്യാമ്പിലെത്താൻ കുട്ടികൾ മടികാണിച്ചു. ആരോഗ്യകരമായ ജീവിതശൈലിയെ സംബന്ധിച്ച് രക്ഷിതാക്കൾക്ക് നൽകിയ ബോധവത്കരണത്തിെൻറ അടിസ്ഥാനത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി കുട്ടികൾ ക്യാമ്പിലെത്തി തുടങ്ങി. ക്യാമ്പ് ദിവസങ്ങളിൽ രാവിലെ വിവിധ ഉൗരുപ്രദേശങ്ങളിലേക്ക് വാഹനം അയച്ച് കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുകയും തിരികെ വാഹനങ്ങളിൽതന്നെ അവരെ വീട്ടിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. മൂഴിയാർ കോളനിയിലെ മുഴുവൻ കുട്ടികൾക്കും ഓരോ ജോടി പുതിയ വസ്ത്രങ്ങൾ ക്യാമ്പിെൻറ ഭാഗമായി നൽകി. അവധിക്കാലത്ത് ആദിവാസി മേഖലകളിലെ കുട്ടികൾക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം നിലനിന്നിരുന്നതിനാൽ കുട്ടികൾക്ക് മൂന്നു നേരവും ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം സുഭക്ഷിതബാല്യം -സുന്ദരബാല്യം പദ്ധതി മുഖേന നേരത്തേതന്നെ ഏർപ്പെടുത്തിയിരുന്നു. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫിസർ എ.ഒ. അബീെൻറ അധ്യക്ഷതയിൽ കൂടിയ സമാപന യോഗത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്രമോഷൻ ട്രസ്റ്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ വിമൽ കുട്ടികൾക്ക് വസ്ത്ര വിതരണം നടത്തി. ക്യാമ്പ് കോഒാഡിനേറ്റർ എം.കെ. കൃഷ്ണകുമാർ, നാരായണൻ, ഷാൻ രമേശ് ഗോപൻ, വാഹിദ, മിനി, എം. പ്രകാശ്, ബേബി, വിനോദിനി, സഹദ്, രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിെൻറ രണ്ടാംഘട്ടം ഈ മാസം 18ന് മൂഴിയാറിലും അട്ടത്തോടിലും പുനരാരംഭിക്കും. പുതിയ അധ്യയന വർഷത്തിൽ അട്ടത്തോട്, മൂഴിയാർ മേഖലകളിലെ മുഴുവൻ കുട്ടികളെയും സ്കൂളികളിൽ പ്രവേശിപ്പിക്കുന്നതിനു സജ്ജരാക്കുക എന്നതാണ് ജീവിതനൈപുണ്യ പരിശീലന ക്യാമ്പിെൻറ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.