വടശ്ശേരിക്കര: പെരുനാട് പഞ്ചായത്തിൽ വിപ്പ് ലംഘിച്ച് നാല് അംഗങ്ങൾ വോട്ട് ചെയ്തു; കോൺഗ്രസിന് വൈസ് പ്രസിഡൻറ് സ്ഥാനം നഷ്ടമായി. ഭരണകക്ഷി അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിലാണ് ഏഴിനെതിരെ എട്ട് വോട്ടിന് പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.കെ. വാസുദേവന് സ്ഥാനം നഷ്ടമായത്. അവിശ്വാസം കൊണ്ടുവന്ന കോൺഗ്രസ് അംഗങ്ങളെ ഡി.സി.സി പ്രസിഡൻറ് പാർട്ടിയിൽനിന്ന് പുറത്താക്കി. കോൺഗ്രസിെൻറ പഴയകാല പ്രവർത്തകനായ വൈസ് പ്രസിഡൻറിനെതിരെ നാല് കോൺഗ്രസ് അംഗങ്ങളും ഒരു കേരള കോൺഗ്രസ് എം അംഗവും പ്രതിപക്ഷത്തുനിന്ന് മൂന്ന് സി.പി.എം അംഗങ്ങളും വോട്ട് ചെയ്തു. അവിശ്വാസം പാസായതോടെ ജില്ല സെക്രട്ടേറിയറ്റ് അംഗത്തിെൻറ നേതൃത്വത്തിൽ സി.പി.എം പെരുനാട്ടിൽ പ്രകടനവും നടത്തി. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ മുതൽ കോൺഗ്രസിനുള്ളിൽ നിലനിന്ന അസ്വാരസ്യങ്ങളാണ് വൈസ് പ്രസിഡൻറിെൻറ സ്ഥാനനഷ്ടത്തിൽ കലാശിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം നിരവധി തവണ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രമേയം പാസാകാൻ പ്രതിപക്ഷത്തെ സി.പി.എം അംഗങ്ങളുടെ പിന്തുണ വേണമെന്നതിനാൽ ഇരുപക്ഷവും അവരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. അവസാന നിമിഷംവരെ സി.പി.എം നിലപാട് വ്യക്തമാക്കാതിരുന്നത് ഇരുവിഭാഗത്തെയും ആശങ്കയിലാഴ്ത്തി. പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സി.പി.എം കരുക്കൾ നീക്കിയത്. പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് അംഗങ്ങൾക്കെതിരെ ഡി.സി.സി വിപ്പ് നൽകുകയും നടപടി എടുക്കുകയും ചെയ്തതോടെ ഉപതെരഞ്ഞെടുപ്പ് സാധ്യതകൾ ആരായുകയാണ് സി.പി.എം. എന്നാൽ, ഡി.സി.സിയുടെ നടപടി പഞ്ചായത്ത് അംഗങ്ങളുടെ സ്ഥാനത്തെ ബാധിക്കുന്ന പക്ഷം നിയമനടപടികളിൽകൂടി അഞ്ചു വർഷം തികക്കാനുള്ള ശ്രമത്തിലാണ് അവിശ്വാസത്തിൽ വിജയിച്ചവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.