അടൂർ: ഏറത്ത് ഗ്രാമപഞ്ചായത്തിൽ 18,97,82,06 കോടി വരവും 18,43,22,350 കോടി ചെലവും 54,59,711 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് ടി.ഡി. സജി അവതരിപ്പിച്ചു. കുടുംബശ്രീയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വനിത വികസന കോർപറേഷനും ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി പഞ്ചായത്തിൽ വാട്ടർ ബോട്ടിലിങ് യൂനിറ്റ് സ്ഥാപിക്കുന്നതിന് ബജറ്റിൽ 25 ലക്ഷം രൂപ നീക്കിവെച്ചു. പഞ്ചായത്തിലെ 10നും 70നും ഇടയിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് ‘വ്യക്തിരക്ഷ കുടുംബരക്ഷ’ പേരിൽ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിന് 25 ലക്ഷം നീക്കിവെച്ചു. ഭവനരഹിതർക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് തണൽ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിക്ക് ഒരുകോടിയും പട്ടികജാതി വിഭാഗങ്ങളുെട ക്ഷേമത്തിന് ഒരുകോടിയും ബജറ്റിൽ നീക്കിവെച്ചു. വികലാംഗ ക്ഷേമത്തിന് 17.5ലക്ഷവും കാർഷിക വിപണി തുടങ്ങുന്നതിനും വിള ഇൻഷുറൻസിനുമായി അഞ്ചുലക്ഷവും നീക്കിവെച്ചു. പഞ്ചായത്തിൽനിന്ന് വിഷമയ പച്ചക്കറി നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തിനായി ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ അഞ്ചുലക്ഷവും തരിശുകിടക്കുന്ന മുഴുവൻ പാടശേഖരങ്ങളിലും നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ അഞ്ചുലക്ഷവും ഗവ. സ്കൂളുകളിൽ പഠിക്കുന്ന സ്കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിന് അഞ്ചുലക്ഷവും നീക്കിവെച്ചു. നീന്തൽ പരിശീലന കേന്ദ്രവും പാർക്കും സ്ഥാപിക്കുന്നതിന് 25ലക്ഷം രൂപയും പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളായ മണക്കാല, വടക്കടത്തുകാവ്, പുതുശ്ശേരിഭാഗം, അന്തിച്ചിറ ജങ്ഷനുകളിൽ വെയിറ്റിങ് ഷെഡ് സ്ഥാപിക്കുന്നതിന് 20 ലക്ഷവും കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ മിനി കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് 50 ലക്ഷം രൂപയും ‘ഇരുട്ടില്ലാത്ത തെരുവുകൾ’ പദ്ധതിക്ക് 17 ലക്ഷവും ക്ഷീരവികസനത്തിന് അഞ്ചുലക്ഷവും നീക്കിവെച്ചു. റോഡു വികസനത്തിന് നാലുകോടി നീക്കിവെച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് വാങ്ങുന്നതിന് എട്ടുലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചു. പ്രസിഡൻറ് പ്രസന്ന വിജയകുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.