കോഴഞ്ചേരി: പുറമ്പോക്ക് ഭൂമി കൈയേറി കുറവൻകുഴി ചേറ്റുതടം ചുഴികുന്നു നിവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി സ്വകാര്യ വ്യക്തി നടത്തുന്ന അനധികൃത പാറ ഖനനം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മാത്യു കല്ലുങ്കത്ര ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി കോഴഞ്ചേരി താലൂക്ക് യൂനിയൻ സെക്രട്ടറി സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി, പശ്ചിമഘട്ട സംരക്ഷണ സമതി സെക്രട്ടറി റെജി മലയാലപ്പുഴ, ജനാധിപത്യ സംരക്ഷണ സമിതി സെക്രട്ടറി ബിജു വി.ജേക്കബ്, വിവരാവകാശ പ്രവർത്തകൻ അംബുജാക്ഷൻ നായർ, റെന്നി രാജു, എസ്.യു.സി.ഐ ജില്ല സെക്രട്ടറി ബി. രാജീവ്, രമേശൻ നായർ, പരമേശ്വരൻ നായർ, പി.എൻ. സോമൻ എന്നിവർ സംസാരിച്ചു. പാറമടയുടെ പ്രാരംഭ പ്രവർത്തനം ആരംഭിക്കുന്ന സമയത്തുതന്നെ അനധികൃതമായാണെന്നും പ്രദേശ വാസികൾക്ക് ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ചും അധികൃതർക്കും പൊലീസ് അധികാരികൾക്കും പരാതി നൽകിയിരുന്നു. ഇതനുസരിച്ച് കോഴഞ്ചേരി പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും പ്രദേശവാസികൾക്ക് ഉപദ്രവം ഉണ്ടാകുന്ന തരത്തിൽ പാറഖനനം പാടില്ല എന്ന് ക്വാറി ഉടമക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. കോയിപ്രം വില്ലേജ് ഒാഫിസർ സഥലം സന്ദർശിച്ച് പരിശോധന നടത്തി പാറ ഖനനം നടത്താൻ പാടില്ല എന്ന് വിലക്കി. പാറമടയുെട 100 മീറ്റർ സമീപമാണ് എസ്.എൻ.ഡി.പി ശാഖാ മന്ദിരം സ്ഥിതി ചെയ്യുന്നത്. ഇതെല്ലാം മറികടന്ന് ജനകീയ പ്രക്ഷോഭങ്ങളെ ധിക്കരിച്ചാണ് വീണ്ടും ഖനനം നടത്താൻ ഏകപക്ഷീയമായി ഉടമ മുന്നോട്ടുനീങ്ങുന്നത്. പാറ ഖനനം തുടർന്നാൽ ജനകീയ പങ്കാളത്തം വർധിപ്പിച്ച് സമരം ശകതിപ്പെടുത്തുമെന്നും ജനകീയ സമരസമതി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.