പത്തനംതിട്ട: രണ്ടു വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ മരിച്ച ബാലിക സദനത്തിലെ അന്തേവാസി അമ്പിളിയുെട മരണം അന്വേഷിക്കുമെന്ന് ജില്ല പൊലീസ് മേധാവി ബി. അശോകൻ പറഞ്ഞു. ഇലന്തൂർ ഗവ. കോളജ് ബി.എ വിദ്യാർഥിനി റാന്നി പുതുശ്ശേരിമല തേവരപ്പാറ വീട്ടിൽ വത്സലയുടെ മകളാണ് അമ്പിളി (18). ഇതു സംബന്ധിച്ച് ‘മാധ്യമം’ തിങ്കളാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് ബന്ധുക്കളും കോളജിലെ എസ്.എഫ്.ഐ, കെ.എസ്.യു യൂനിറ്റ് കമ്മിറ്റികളും എസ്.പിക്ക് പരാതി നൽകി. തുടർന്നാണ് അന്വേഷണം. കേസ് ഫയൽ ഹാജരാക്കാൻ റാന്നി സി.ഐ, എസ്.ഐ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എസ്.പി പറഞ്ഞു. 2015 ഫെബ്രുവരി അഞ്ചിനാണ് അമ്പിളി മരിച്ചത്. അന്ന് രാവിലെ 7.30ന് അമ്പിളി ഛർദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. റാന്നി മേനാന്തോട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വൈകുന്നേരം നാലിനാണ് മരിച്ചത്. മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ഡോ. ശശികലയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഫോറൻസിക് പരിശോധന പൂർത്തിയാകാതെ അന്തിമ നിഗമനത്തിൽ എത്താൻ കഴിയില്ലെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഡോക്ടർ പറഞ്ഞിരുന്നത്. എന്നിരുന്നാലും അമ്പിളി ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. ഗുഹ്യഭാഗങ്ങളിൽ മാരകമുറിവുകൾ ഉണ്ടായിരുന്നു. വയറ്റിൽ കറുത്ത നിറത്തിലുള്ള ദ്രാവകത്തിെൻറ അംശം കണ്ടെത്തി. ഇതിന് പുറമെ ശരീരമാസകലം നഖംകൊണ്ട് മുറിവേറ്റിരുന്നു. കാലിൽ പൊള്ളലേറ്റിരുന്നുവെന്നും ഇടതു നെഞ്ചിലും കൈകളിലും കുത്തിവെപ്പുകൾ എടുത്ത പാടുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുചെവിയിലും ചോര കട്ടി പിടിച്ചിരുന്നു. വലതു കൈവെള്ളയിൽ മൈലാഞ്ചികൊണ്ട് അച്ചു എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ഇടതു കൈവെള്ളയിലും ഇതേപോലെ എഴുതിയിട്ടുണ്ടെങ്കിലും വ്യക്തമല്ല. അമ്പിളിയുടെ ഗർഭപാത്രത്തിന് ശക്തമായ ക്ഷതമേറ്റ് ചതഞ്ഞിരുന്നു. കുടലുകളിൽനിന്ന് രക്തം പൊടിഞ്ഞിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അതിെൻറ ഫലം വന്നാലുടൻ അന്തിമ റിപ്പോർട്ട് തയാറാകുമെന്നുമാണ് 2015 ഫെബ്രുവരി 25ന് ഡോ. ശശികല പൊലീസിന് നൽകിയ റിപ്പോർട്ടിലുള്ളത്. ഇത്രയുമൊക്കെ അസ്വാഭാവികത മരണത്തിലുണ്ടായിരുന്നിട്ടും പൊലീസ് കേസെടുത്തത് ആത്മഹത്യക്കുള്ള വകുപ്പിട്ടായിരുന്നു. ഇതുപ്രകാരം േകാടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ച് കേസ് എഴുതി ത്തള്ളുകയും ചെയ്തുവെന്നാണ് ആരോപണം. ഫോറൻസിക് പരിശോധനഫലം അടങ്ങിയ റിപ്പോർട്ട് പൊലീസ് ഇതുവരെ മെഡിക്കൽ കോളജിൽനിന്ന് ഏറ്റുവാങ്ങിയിട്ടില്ലെന്നും പറയുന്നു. പിതാവ് മരിച്ചു പോയതിനാലും മാതാവ് രോഗബാധിതയായിരുന്നതിനാലുമാണ് ബാലിക സദനത്തിൽനിന്ന് അമ്പിളി പഠിച്ചിരുന്നത്. അമ്പിളിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഇലന്തൂർ കോളജ് വിദ്യാർഥികൾ സമരം നടത്തിയിരുന്നു. എന്നിട്ടും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ബന്ധുക്കൾ പരാതിയുമായി മുന്നോട്ടു പോകാതിരുന്നതും പൊലീസിെൻറ അനാസ്ഥക്ക് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.