തിരുവല്ല: പുളിക്കീഴ് ബ്ലോക്കിലെ നെടുമ്പ്രം, നിരണം, കടപ്ര, പെരിങ്ങര ഗ്രാമപഞ്ചായത്തുകളിലെ ശുദ്ധജലവിതരണം മെച്ചപ്പെടുത്താനുള്ള സമഗ്ര കുടിവെള്ളപദ്ധതി ഒന്നാംഘട്ടം നടപ്പാകുന്നതോടെ അപ്പർ കുട്ടനാട്ടിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിെൻറ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് വീയപുരം സെൻറ് ജോര്‍ജ് പാരിഷ് ഹാളില്‍ മന്ത്രി മാത്യു ടി. തോമസ് നിര്‍വഹിക്കും. ജലഗുണനിലവാര ബാധിത പ്രദേശങ്ങളായി കണ്ടെത്തിയ നെടുമ്പ്രം പഞ്ചായത്തിലെ ആറ്, ഏഴ്, നിരണം പഞ്ചായത്തിലെ രണ്ട്, ആറ്, ഏഴ്, ഒമ്പത്, കടപ്ര പഞ്ചായത്തിലെ ഒമ്പത് വാര്‍ഡുകള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ധനസഹായത്തോടെ 4.62 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. ഇതിനുപുറെമ 27 കോടി ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ബാക്കി ഭാഗം ഭാഗികമായി പൂര്‍ത്തിയായിട്ടുണ്ട്. തിരുവല്ല ജലശുദ്ധീകരണ ശാലയില്‍നിന്ന് ആലംതുരുത്തി ജലസംഭരണിയില്‍ ശേഖരിക്കുന്ന വെള്ളം ആലംതുരുത്തിലെ പമ്പ് ഹൗസിലെത്തിക്കും. ഇവിടെനിന്ന് എട്ട് കിലോമീറ്റർ ദൂരത്തില്‍ പമ്പുചെയ്ത് പുതുതായി ഇരതോടില്‍ പണിത ഒരു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉപരിതലടാങ്കില് എത്തിച്ച് വിതരണ ശൃംഖലവഴി ജലവിതരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. തിരുവല്ല ജലശുദ്ധീകരണ ശാലയില്നിന്നുളള വെള്ളത്തിെൻറ ലഭ്യത അപര്യാപ്തമായതിനാലാണ് പെരിങ്ങരകൂടി ഉള്‍പ്പെടുന്ന അപ്പര്‍ കുട്ടനാട് പഞ്ചായത്തുകള്‍ക്ക് മാത്രമായി സമഗ്ര കുടിവെള്ളവിതരണ പദ്ധതി നടപ്പാക്കിയത്. നെടുമ്പ്രം, നിരണം, കടപ്ര, പെരിങ്ങര ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പ്രതിദിനം 70 ലിറ്റര്‍ ജലം എന്നതോതില്‍ 30 വര്‍ഷത്തെ ആവശ്യം മുന്‍കൂട്ടിക്കണ്ടാണ് പദ്ധതി രൂപകൽപന ചെയ്തത്. കടപ്ര പഞ്ചായത്തിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സ് ഫാക്ടറിക്കുസമീപം റവന്യൂ വകുപ്പ് കൈമാറിയ 1.5 ഏക്കര്‍ ഭൂമിയിലാണ് പദ്ധതിക്കാവശ്യമായ കിണറും പ്രതിദിനം 14 ദശലക്ഷം ലിറ്റര്‍ ശേഷിയുളള ജലശുദ്ധീകരണശാലയും നിർമിച്ചത്. നിരണം, നെടുമ്പ്രം, കടപ്ര പഞ്ചായത്തുകളില്‍ നിലവിലുളള ജലസംഭരണികളും പദ്ധതിയില്‍ ഉപയോഗപ്പെടുത്തും. കടപ്ര പഞ്ചായത്തിലെ മോടിശേരിയില്‍ നിർമാണം നടത്തുന്ന ഉപരിതല ജലസംഭരണിക്കാവശ്യമായ സ്ഥലം കടപ്ര പഞ്ചായത്താണ് ലഭ്യമാക്കിയത്. നിരണം, കടപ്ര ഗ്രാമപഞ്ചായത്തുകളിലെ മുപ്പതിനായിരത്തോളം പേർക്ക് ശുദ്ധജലം എത്തിക്കാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.