പത്തനംതിട്ട: വാർഷിക പദ്ധതികൾക്ക് ഇനിയും അംഗീകാരം നേടിയിട്ടില്ലാത്ത തദ്ദേശഭരണ സ്ഥാപനങ്ങൾ 15ന് ചേരുന്ന ആസൂത്രണ സമിതിയിൽ നേടണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ല ആസൂത്രണ സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജൂൺ 15നുള്ള ആസൂത്രണ സമിതിയിൽ പരിഗണിക്കാനുള്ള ശിപാർശകൾ 13ന് മുമ്പ് ജില്ല പ്ലാനിങ് ഓഫിസിൽ എത്തിക്കണം. ഇതിനുശേഷം ലഭിക്കുന്നവ പരിശോധന നടത്തി ആസൂത്രണ സമിതിയിൽ സമർപ്പിക്കാൻ കഴിയില്ല എന്നതിനാൽ തദ്ദേശഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ജില്ല പഞ്ചായത്ത് ഈ വർഷത്തെ വാർഷിക പദ്ധതികൾക്ക് അംഗീകാരം നേടുകയും ഒരു പദ്ധതി നടപ്പാക്കുകയും ചെയ്തതായി പ്രസിഡൻറ് പറഞ്ഞു. തിരുവാഭരണപാതയിൽ തണൽ മരങ്ങൾ െവച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് ജില്ല പഞ്ചായത്ത് ഏറ്റെടുത്ത് പൂർത്തിയാക്കിയത്. പദ്ധതികൾക്ക് അംഗീകാരം തേടാനായി സർക്കാർ നൽകിയ അവസാന തീയതി ഈ മാസം 15. ഈ തീയതിയിൽ പദ്ധതികൾക്ക് അംഗീകാരം നേടാൻ കഴിയാത്ത തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുകയുടെ ഒരു ഗഡു നഷ്ടമാകും. ഇത് ഒഴിവാക്കുന്നതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനം ഏറ്റവും അത്യാവശ്യമുള്ള സമയമാണ് ഇതെന്ന് കലക്ടർ ആർ. ഗിരിജ പറഞ്ഞു. പദ്ധതികൾ സംബന്ധിച്ച് ജനപ്രതിനിധികൾക്ക് പരാതികൾ ഉള്ളപക്ഷം അവ പഞ്ചായത്ത് കമ്മിറ്റികളിൽ ചർച്ച ചെയ്ത് പരിഹരിച്ചശേഷം ജില്ല ആസൂത്രണ സമിതിയിൽ എത്തുന്നതാകും ഉചിതം. ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം പദ്ധതികൾക്ക് സമയത്തിന് അംഗീകാരം നൽകാൻ കഴിയാതിരുന്നാൽ അത് ഗൗരവമായി കാണുമെന്നും കലക്ടർ പറഞ്ഞു. യോഗത്തിൽ 11 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്കാണ് ആസൂത്രണ സമിതി അംഗീകാരം നൽകിയത്. ഇവയിൽ പുതിയ പദ്ധതികളും സ്പിൽ ഓവർ പദ്ധതികളും ഉൾപ്പെടും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് (104 പദ്ധതികൾ), റാന്നി ബ്ലോക്ക് പഞ്ചായത്ത് (106), ഗ്രാമ പഞ്ചായത്തുകളായ നാരങ്ങാനം (155), എഴുമറ്റൂർ (196), തോട്ടപ്പുഴശ്ശേരി (176), കവിയൂർ (128), റാന്നി പെരുനാട് (258), പന്തളം തെക്കേക്കര (202), മെഴുവേലി (166), ഏഴംകുളം (173), സീതത്തോട് (285) എന്നിങ്ങനെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ, ആസൂത്രണ സമിതി അംഗങ്ങളായ ലീല മോഹൻ, വിനീത അനിൽ, എലിസബത്ത് അബു, സാം ഈപ്പൻ, ആർ.ബി. രാജീവ്കുമാർ, എൻ.ജി. സുരേന്ദ്രൻ, അസി. ജില്ല പ്ലാനിങ് ഓഫിസർ എ.എസ്. മായ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.