പത്തനംതിട്ട: ജില്ലയെ പൂർണമായും തരിശുരഹിത ജില്ലയായി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി മാത്യു ടി. തോമസ്. സംസ്ഥാന സർക്കാറിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആറന്മുള മാതൃകയിൽ ജില്ലയിലെ തരിശുപാടങ്ങളിലും മറ്റു പ്രദേശങ്ങളിലും കൃഷിയിറക്കുന്നതിനുള്ള നടപടിയാണ് സർക്കാർ കൈക്കൊണ്ടുവരുന്നത്. കോന്നിയിലെ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് മെഡിക്കൽ കൗൺസിൽ പൂർത്തിയാക്കേണ്ട നടപടി കഴിഞ്ഞാൽ തുടർപ്രവർത്തനങ്ങൾ ഉണ്ടാകും. ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടി പ്രാഥമികഘട്ടത്തിലാണ്. വരൾച്ചയെ പ്രതിരോധിക്കുന്നതിനായി ജില്ലയിൽ 87 പ്രവൃത്തികൾക്കായി 1.69 കോടിയുടെ പ്രത്യേക പദ്ധതികൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ അനുമതി നൽകി നടപ്പാക്കി. പെരുനാട് -അത്തിക്കയം ശുദ്ധജല വിതരണ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് കിഫ്ബിയിൽ ഉൾപ്പെടുത്തി 41.4 കോടിയുടെ ഭരണാനുമതി നൽകി. ആറന്മുളയിൽ നെൽകൃഷി പുനരുജ്ജീവനത്തിെൻറ ഭാഗമായി ആദ്യഘട്ടത്തിൽ 56 ഹെക്ടറിൽ കൃഷിയിറക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 101.02 ഹെക്ടർ നിലത്തിൽ കൃഷിയിറക്കാൻ കഴിഞ്ഞു. ആറന്മുളയിലെ കൃഷി പുനുരുജ്ജീവനത്തിനായി 277.35 ലക്ഷം രൂപയുടെ പദ്ധതിയാണ് സർക്കാർ അംഗീകരിച്ചിട്ടുള്ളത്. ഇതിൽ 87.22 ലക്ഷം രൂപ ഇതുവരെ ചെലവഴിച്ചു. ആറന്മുളയിലെ നെൽകൃഷി 250 ഹെക്ടറിലേക്ക് വ്യാപിപ്പിക്കുന്നതിനും നെൽകൃഷി കഴിഞ്ഞ പാടങ്ങളിൽ ഇടകൃഷിയായി പയർ, ഉഴുന്ന് മുതലായവ കൃഷി ചെയ്യുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ഒരു വർഷത്തിനുള്ളിൽ ജില്ലയിൽ പുതിയ 55 ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുകയും രണ്ട് ട്രാൻസ്ഫോർമറുകളുടെ ശേഷി വർധിപ്പിക്കുകയും ചെയ്തു. വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനായി 52.81 കി.മീ. നീളത്തിൽ 11 കെ.വി ഓവർഹെഡ് ലൈനും 3.20 കി.മീ. നീളത്തിൽ 11 കെ.വി. ഭൂഗർഭ കേബിളും സ്ഥാപിക്കുന്നതിന് കഴിഞ്ഞു. വിവിധ തദ്ദേശഭരണ സ്ഥാപനങ്ങൾ നൽകിയ 80.49 കോടി ഉപയോഗിച്ച് 53 പ്രവൃത്തികൾ പൂർത്തീകരിച്ചു. ജില്ലയിൽ വൈദ്യുതി കണക്ഷന് അപേക്ഷ നൽകിയ 4936 ഗുണഭോക്താക്കൾക്കും വൈദ്യുതി കണക്ഷൻ നൽകി ജില്ലയെ സമ്പൂർണ വൈദ്യുതീകൃതമായി പ്രഖ്യാപിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഗുണഭോക്തൃ സർവേ സംസ്ഥാനത്ത് ആദ്യം പൂർത്തിയാക്കിയത് പത്തനംതിട്ട ജില്ലയാണ്. 33,655 കുടുംബങ്ങളെയാണ് ഭവനരഹിതരായി കണ്ടെത്തിയിട്ടുള്ളത്. ഭൂരഹിതരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള ജില്ലയിലെ ആദ്യത്തെ ഫ്ലാറ്റ് സമുച്ചയം ഏഴംകുളം ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്നതിനുള്ള നടപടിയും പൂർത്തിയായി വരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ചരിത്രത്തിൽ ആദ്യമായി സ്കൂൾ തുറക്കുന്നതിനു മുമ്പ് പാഠപുസ്തകങ്ങൾ വിതരണത്തിന് എത്തിക്കാൻ കഴിഞ്ഞു. ജില്ലയിൽ 37 സ്പെഷലിസ്റ്റ് അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചു. ശബരിമലയിലേക്കുള്ള 36 റോഡുകൾ തീർഥാടന കാലത്തിനു മുമ്പ് പൂർത്തിയാക്കി. ബെയ്ലി പാലം റെേക്കാഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു നൽകി. കടയ്ക്കാട്-കൈപ്പട്ടൂർ റോഡ് ആറു കോടി ചെലവഴിച്ച് പൂർത്തിയാക്കി. തിരുവല്ല-കുമ്പഴ റോഡിൽ 25.6 കോടിയുടെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാക്കി. ജില്ലയിലെ 29 കുടുംബങ്ങൾക്ക് ഈ സർക്കാർ വന്ന ശേഷം പട്ടയം നൽകി. ശ്രീലങ്കയിൽനിന്ന് വർഷങ്ങൾക്ക് മുമ്പ് അഭയാർഥികളായി ഗവിയിലെത്തി താമസമാക്കിയവർക്ക് ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ സർക്കാർ രേഖകൾ നൽകുന്നതിന് റവന്യൂ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. റവന്യൂ റിക്കവറി ലക്ഷ്യമിട്ടതിെൻറ 95 ശതമാനവും പിരിച്ചെടുത്തു. കൂടങ്കുളം വൈദ്യുതി നിലയത്തിൽനിന്നു വൈദ്യുതി കൊണ്ടുവരുന്നതിനു ലൈൻ സ്ഥാപിക്കുന്നതിന് ജില്ലയിലെ 47 കിലോമീറ്റർ സ്ഥലത്തെ സർവേ റവന്യൂ വകുപ്പ് പൂർത്തിയാക്കി. ഓതറ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ജില്ലയിലെ ആദ്യ കുടുംബക്ഷേമ കേന്ദ്രമായി ഉടൻ പ്രഖ്യാപിക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പക്ഷാഘാത ചികിത്സാ സൗകര്യം ഏർപ്പെടുത്തി. അസംഘടിത തൊഴിലാളി ക്ഷേമ പെൻഷൻ പദ്ധതി പ്രകാരം 1744 ഗുണഭോക്താക്കൾക്ക് 2.29 കോടി വിതരണം ചെയ്തു. ഉൗർജിത വ്യവസായവത്കരണ പരിപാടിയിൻ കീഴിൽ 25 പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും 279 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ശുചിത്വ മിഷൻ നേതൃത്വത്തിൽ ജില്ലയെ സമ്പൂർണ വെളിയിട വിസർജനമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന് ഉൗർജിത പ്രവർത്തനങ്ങൾ നടത്തുകയും നഗരസഭകളെ സമ്പൂർണ വെളിയിട വിസർജ്യമുക്തമായും പ്രഖ്യാപിക്കുകയും ചെയ്തു. പരാതികളില്ലാതെ ശബരിമല തീർഥാടനം വിജയകരമായി നടത്താൻ സർക്കാറിനു കഴിഞ്ഞു. തീർഥാടനം തുടങ്ങുന്നതിനു മുമ്പായി മുഖ്യമന്ത്രി അടക്കം എട്ടു മന്ത്രിമാർ ശബരിമലയിൽ എത്തി ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തുന്നതിന് നിർദേശം നൽകി. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ചേർന്ന് നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതി പ്രകാരം ജില്ലയിൽ 2016-17ൽ 480 വീടുകൾ നിർമിക്കുന്നതിന് അനുമതി നൽകിയെന്നും മന്ത്രി പറഞ്ഞു. എം.എൽ.എമാരായ രാജു എബ്രഹാം, ചിറ്റയം ഗോപകുമാർ, വീണ ജോർജ്, കലക്ടർ ആർ. ഗിരിജ, എ.ഡി.എം അനു എസ്. നായർ, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുൽ റഷീദ്, ജില്ല ഇൻഫർമേഷൻ ഓഫിസർ സി.മണിലാൽ, അസി. ഇൻഫർമേഷൻ ഓഫിസർ കെ.പി. ശ്രീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.