വണ്ണപ്പുറം: പ്രവേശനോത്സവ ദിനത്തിൽ രക്ഷിതാക്കൾ സംഘടിച്ചെത്തി മാനേജ്മെൻറിനെ നേരിട്ടതോടെ ഗ്ലോബൽ ഇൻഡ്യൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ തോമസ് ജെ. കാപ്പന് സസ്പെഷൻ നടപടിയിൽനിന്ന് മോചനം. മാനേജ്മെൻറും പി.ടി.എയും തമ്മിൽ വാക്പോരിൽ തുടങ്ങിയ കലഹത്തിനു പ്രിൻസിപ്പലിനെ തിരിച്ചെടുക്കാമെന്ന് തീരുമാനിച്ച ശേഷമാണ് തിരശ്ശീല വീണത്. ഏതാനും നാളായി തുടരുന്ന കോടിക്കുളം ഗ്ലോബൽ ഇൻഡ്യൻ പബ്ലിക് സ്കൂളിൽ മാനേജ്മെൻറും പി.ടി.എയും തമ്മിലുള്ള ചേരിതിരിവാണ് പ്രവേശന ദിനത്തിൽ പൊട്ടിത്തെറിയിലെത്തിയത്. സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷാകർത്താക്കൾ പ്രതിഷേധത്തിലായിരുന്നു. സസ്പെൻഷൻ പിൻവലിക്കാതെ ക്ലാസ് ആരംഭിക്കാൻ അനുവദിക്കില്ലെന്ന് വ്യാഴാഴ്ച ചേർന്ന പി.ടി.എ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിനായി രക്ഷാകർത്താക്കളും വിദ്യാർഥികളുമായി നാനൂറോളം പേർ സ്കൂളിലെത്തി. സംഭവമറിഞ്ഞ് തഹസിൽദാർ സോമനാഥൻ നായർ, തൊടുപുഴ ഡിവൈ.എസ്.പി എൻ.എൻ. പ്രസാദ്, കാളിയാർ സി.ഐ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ചർച്ചകൾക്കും സംവാദങ്ങൾക്കുമൊടുവിൽ പ്രിൻസിപ്പലിനെതിരായ നടപടി പിൻവലിക്കാൻ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് എന്ന നിലയിൽ തഹസിൽദാർ മാനേജർക്ക് നിർദേശം നൽകി. സസ്പെൻഷൻ പിൻവലിച്ചതായി മാനേജർ എഴുതി നൽകിയതോടെയാണ് പ്രശ്നങ്ങൾ താൽക്കാലികമായി അവസാനിച്ചത്. ജൂൺ 15ന് മുമ്പ് ജില്ല കലക്ടർ, ആർ.ഡി.ഒ എന്നിവരുടെ മുന്നിൽ െവച്ച് പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്നും ധാരണയായി. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ആദ്യ ദിനം ക്ലാസ് ഉണ്ടായിരുന്നത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു പ്രസന്നൻ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, സ്കൂൾ മാനേജർ ടോജൻ വി. സിറിയക്, വൈസ് പ്രിൻസിപ്പൽ പ്രീത, അക്കാദമിക് കോഓഡിനേറ്റർ രാധാകൃഷ്ണൻ, പി.ടി.എ ഭാരവാഹികൾ എന്നിവരെ ഒരുമിച്ചിരുത്തി തഹസിൽദാർ നടത്തിയ ചർച്ചയെ തുടർന്നാണ് പ്രശ്നം ശമിച്ചത്. എന്നാൽ, മറ്റ് മാനേജ്മെൻറ് പ്രതിനിധികളാരും സ്ഥലത്തെത്താൻ തയാറായില്ല. ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് തഹസിൽദാർ പറഞ്ഞു. വൈസ് പ്രിൻസിപ്പൽ തങ്ങളെ മുറിയിൽ പൂട്ടിയിടാൻ ശ്രമിച്ചതായും ബലപ്രയോഗം നടത്തിയതായും പത്താം ക്ലാസിലെ ഏതാനും വിദ്യാർഥിനികൾ തഹസിൽദാർക്ക് മുന്നിൽ പരാതി പറഞ്ഞു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി രക്ഷിതാക്കൾ യോഗത്തെ അറിയിച്ചു. അധ്യാപകരിൽ ചിലരും മാനേജ്മെൻറിനെതിരെ പരാതിയുന്നയിച്ചു. ഇതോടെ ഓഫിസ് മുറിയിലേക്ക് രക്ഷാകർത്താക്കൾ തള്ളിക്കയറി. വൈസ് പ്രിൻസിപ്പലിനെതിരെ കേസെടുക്കണമെന്നും അവരെ പുറത്താക്കണമെന്നും രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടു. ചർച്ചകൾക്കുശേഷം അഞ്ചാം തീയതി സ്കൂൾ തുറക്കാമെന്ന് തഹസിൽദാർ അറിയിച്ചു. ഇത് അംഗീകരിക്കാതെ രക്ഷിതാക്കൾ തഹസിൽദാറെ തടഞ്ഞുെവച്ചു. അതിനിടെ നാലു ദിവസം മുമ്പ് സ്ഥാനമേറ്റ അക്കാദമിക് കോഓഡിനേറ്റർ രാധാകൃഷ്ണൻ സ്ഥാനം രാജിെവച്ച് ഇറങ്ങിപ്പോയി. ബഹളം രൂക്ഷമായതോടെ കാളിയാർ എസ്.ഐ വിഷ്ണുകുമാറിെൻറ നേതൃത്വത്തിൽ പൊലീസ് മുറിയിലെത്തി. സസ്പെൻഷൻ പിൻവലിക്കാതെ തഹസിൽദാർ, മാനേജർ, വൈസ് പ്രിൻസിപ്പൽ എന്നിവരെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് സ്ത്രീകളടക്കമുള്ള രക്ഷിതാക്കൾ പറഞ്ഞു. തുടർന്നാണ് പ്രിൻസിപ്പലിനെതിരായ നടപടി പിൻവലിക്കാൻ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് എന്ന നിലയിൽ തഹസിൽദാർ മാനേജർക്ക് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.