ചെറുതോണി: 2017--18 വാർഷിക പദ്ധതികൾ തയാറാക്കി നൽകി ഡി.പി.സി അംഗീകാരം വാങ്ങേണ്ട സമയപരിധി ബുധനാഴ്ച അവസാനിച്ചപ്പോൾ ജില്ല പഞ്ചായത്തിനു മാത്രം അംഗീകാരം നേടാൻ കഴിഞ്ഞില്ല. ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളും അംഗീകാരം നേടിയപ്പോൾ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ അഴുത, ഇളംദേശം ബ്ലോക്ക് പഞ്ചായത്തുകൾക്കും അംഗീകാരം ലഭിച്ചില്ല. 52 ഗ്രാമപഞ്ചായത്ത്, ആറ് ബ്ലോക്ക് പഞ്ചായത്ത്, തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റി എന്നിവ ഉൾെപ്പടെയുള്ള 60 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 11029 പ്രോജക്ടുകൾക്ക് ഡി.പി.സി അംഗീകാരം നൽകി. ബുധനാഴ്ച രാത്രി വാർഷിക പദ്ധതികൾ അംഗീകാരം ലഭിക്കേണ്ട സമയപരിധി അവസാനിച്ചപ്പോൾ സംസ്ഥാനതലത്തിൽ തന്നെ ഇടുക്കി ഒന്നാം സ്ഥാനത്താണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്റ്റാറ്റസ് റിപ്പോർട്ട് ക്രോഡീകരണം പൂർത്തീകരിക്കുന്നതിെൻറ തീയതി കഴിഞ്ഞ 12നും ഗ്രാമസഭ യോഗങ്ങൾ പൂർത്തീകരിക്കുന്നതിെൻറ തീയതി 20നും അവസാനിച്ചിരുന്നു. ജില്ലയിലെ വികസന സെമിനാർ 25നും പദ്ധതികൾ ഡി.പി.സി അംഗീകാരത്തിന് 31 വരെയുമാണ് സർക്കാർ അംഗീകരിച്ചിരുന്നത്. വികസന രേഖകൾ തയാറാക്കുന്നതിൽ ജനപ്രതിനിധികൾക്കുള്ള പരിചയക്കുറവ്, ജീവനക്കാരുടെ കുറവ് ഇവയെല്ലാം മൂലം ജില്ല പഞ്ചായത്തിനു സമയബന്ധിതമായി പദ്ധതി മുഴുവനായും പൂർത്തീകരിച്ച് സമർപ്പിക്കാൻ കഴിഞ്ഞില്ല. ഡി.പി.സി അംഗീകാരമില്ലാതെ പ്രോജക്ടുകൾ നടപ്പാക്കാനാകില്ല. ഗ്രാമസഭകളിൽനിന്നും വർക്കിങ് ഗ്രൂപ്പുകളിൽനിന്നും ഒാരോ സ്റ്റാൻഡിങ് കമ്മിറ്റിയും നൽകുന്ന പ്രോജക്ടുകൾക്ക് ഭരണസമിതി അംഗീകാരം നൽകിയതിനു ശേഷമാണ് ഡി.പി.സി അംഗീകാരത്തിനു നൽകുന്നത്. 2017 മുതൽ 2022വരെയുള്ള പഞ്ചവത്സര പദ്ധതിയായതിനാൽ വികസനരേഖ തയാറാക്കുന്നതിനു ജില്ല പഞ്ചായത്തിന് കാലതാമസം നേരിടുകയും ചെയ്തു. കേന്ദ്രസർക്കാർ നിതി ആയോഗിെൻറ പേരിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, പഞ്ചവത്സര പദ്ധതി എന്ന പേരിൽതന്നെ പദ്ധതി തുടർന്നാൽ മതിയെന്നാണ് സംസ്ഥാന സർക്കാറിെൻറ നിർദേശം. ഗ്രാമപഞ്ചായത്ത് 8955 പ്രോജക്ടുകൾക്കായി 431.06 കോടിയും ആറ് ബ്ലോക്ക് പഞ്ചായത്തുകൾക്ക് 644 പ്രോജക്ടുകൾക്കായി 61.51 കോടിയും കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികൾക്ക് അംഗീകാരം നൽകിയ 533 പ്രോജക്ടുകൾക്ക് 40.63 കോടിയുമാണ് അടങ്കൽ തുക. കേരളത്തിൽ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ഡി.പി.സി അംഗീകാരം ലഭിച്ച ഏക ജില്ല ഇടുക്കി മാത്രമാണ്. മൊത്തം 10132 പ്രോജക്ടുകൾക്കാണ് അംഗീകാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.