ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു

പത്തനംതിട്ട: നാടെങ്ങും കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ചുകൊടുക്കുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. 1000 ലിറ്റര്‍ വെള്ളം വീടുകളില്‍ എത്തിച്ചുകൊടുക്കുന്നതിന് 400 രൂപ മുതല്‍ 750 രൂപവരെ ഈ ഏജന്‍സികള്‍ വാങ്ങുന്നുണ്ട്. മലിനജല സ്രോതസ്സുകളില്‍നിന്നുമാണ് വെള്ളം ശേഖരിച്ച് വില്‍പന നടത്തുന്നതെന്ന പരാതികളും ഉയരുന്നുണ്ട്. വിതരണം ചെയ്യുന്ന വെള്ളത്തിന്‍െറ ശുദ്ധത ഉറപ്പാക്കുന്ന തരത്തില്‍ പരിശോധന നടക്കുന്നില്ല. പലരും വീട്ടാവശ്യത്തിനും കുടിക്കാനുമൊക്കെ ഈ ജലം വാങ്ങുന്നുണ്ട്. മലയോര മേഖലകളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതോടെ ടാങ്കര്‍ ലോറികളില്‍ കൊണ്ടുവരുന്ന വെള്ളമാണ് വാങ്ങി ഉപയോഗിക്കുന്നത്. പത്തനംതിട്ട നഗരത്തില്‍പോലും അഞ്ചക്കാല, പെരിങ്ങമല ഭാഗങ്ങളില്‍ ഇത്തരത്തില്‍ പിക്-അപ് വാനിലും മറ്റും കൊണ്ടുവരുന്ന ജലമാണ് ആളുകള്‍ ഉപയോഗിക്കുന്നത്. മാലിന്യം നിറഞ്ഞ പമ്പ, അച്ചന്‍കോവില്‍ നദികളില്‍നിന്നുമാണ് ചില ടാങ്കര്‍ ലോറികളില്‍ വെള്ളം നിറക്കുന്നത്. നദിയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിറയെ പലതരം മാലിന്യമാണ്. ഈ വെള്ളം അകത്ത് ചെന്നാല്‍ ഗുരുതര രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുമുണ്ട്. കുടിവെള്ളമായി ചെറിയ ജാറുകളില്‍ എത്തിക്കുന്ന വെള്ളവും പരിശോധിക്കാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.