മുല്ളോട്ട് ഡാമില്‍ നാളെ ജലസംരക്ഷണ സംഗമം

കൊടുമണ്‍: മുല്ളോട്ട് ഡാമിന്‍െറ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പന്തളം തെക്കേക്കര, കൊടുമണ്‍ ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച മുല്ളോട്ട് ഡാമില്‍ ജലസംരക്ഷണ സംഗമം നടത്തും. രാവിലെ 9.30ന് പന്തളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. തങ്കമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സൗദ രാജന്‍ ശ്രമദാനം ഉദ്ഘാടനം ചെയ്യും. ഡാം സൗന്ദര്യവത്കരണത്തിന്‍െറ ഉദ്ഘാടനം സി. പ്രകാശും നിര്‍വഹിക്കും.10.30ന് ചിത്രരചന ക്ളാസ്, ഉച്ചക്ക് 1.30ന് ജലസംരക്ഷണ ക്ളാസ്, 2.30ന് സമൂഹ ചിത്രരചന, മൂന്നിന് കാവ്യാര്‍ച്ചന എന്നിവയും ഉണ്ടായിരിക്കും. അടൂര്‍ താലൂക്കിലെ കൊടുമണ്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളിലായാണ് മുല്ളോട്ട് ഡാം വ്യാപിച്ചുകിടക്കുന്നത്. 1957-58 കാലഘട്ടത്തില്‍ നിര്‍മിച്ചതാണിത്. ഏഴ് ഏക്കറോളം വിസ്തൃതിയില്‍ മൂന്ന് കുന്നുകള്‍ക്കിടയിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. സമീപ പഞ്ചായത്തുകളിലെ കൃഷി ആവശ്യത്തിന് വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡാം നിര്‍മിച്ചത്. ശോച്യാവസ്ഥയെ തുടര്‍ന്ന് 1998ല്‍ ഡാം പുനര്‍നിര്‍മിച്ചെങ്കിലും വെള്ളം കെട്ടിനില്‍ക്കാന്‍ കഴിയാതെ വന്നതോടെ ഉപയോഗശൂന്യമായി മാറി. ഇതേതുടര്‍ന്ന് വര്‍ഷങ്ങളായി കാടുമൂടിക്കിടന്ന ഡാമിലേക്ക് ആരും തിരിഞ്ഞുനോക്കാതായി. പൊങ്ങലടി ഗവ. എല്‍.പി സ്കൂളിലെ പി.ടി.എയും നാട്ടുകാരും ചേര്‍ന്ന് ഡാം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തയിടെ ജലസേചന മന്ത്രിക്കും കലക്ടര്‍ക്കും നിവേദനം നല്‍കുകയും അധികൃതര്‍ ഇവിടം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഡാം നവീകരണത്തിനായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡാം സംരക്ഷണ സമിതി രൂപവത്കരിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡാം ശുചിയാക്കുകയും ചെയ്തു. ഇവിടെ പൂന്തോട്ടവും പാര്‍ക്കും ബോട്ടിങ്ങുമൊക്കെ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. പന്തളം തെക്കേക്കര, കൊടുമണ്‍ പഞ്ചായത്തുകളിലെ ഏക്കറുകണക്കിനു പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കാനും വിവിധ വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയുന്ന ഡാമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.