തിരുവാഭരണ ഘോഷയാത്രക്ക് ഒരുക്കം പൂര്‍ത്തിയായി

പന്തളം: തിരുവാഭരണ ഘോഷയാത്രക്കുള്ള ഒരുക്കം പൂര്‍ത്തിയായി. 12നാണ് പന്തളത്തുനിന്ന് ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെടുന്നത്. ഘോഷയാത്ര പുറപ്പെടും മുമ്പ് പന്തളത്തു നടത്തേണ്ട ക്രമീകരണങ്ങള്‍ പന്തളത്തുചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആഭരണപ്പെട്ടി പുറത്തേക്കെടുക്കുമ്പോഴുണ്ടാകുന്ന തിക്കുംതിരക്കും ഒഴിവാക്കാനായിട്ടാണ് കൂടുതല്‍ ക്രമീകരണങ്ങളൊരുക്കുന്നത്. 12വരെ ബാരിക്കേഡുവഴി ദര്‍ശനം നടത്തുന്ന ഭക്തരെ അന്നദാന പന്തലിനു മുന്നിലൂടെ പാര്‍ക്കിങ് മൈതാനത്തേക്കിറക്കിവിടും. ഘോഷയാത്ര കാണാനത്തെുന്ന പ്രമുഖ വ്യക്തികള്‍ക്കായി പ്രത്യേകം സ്ഥലം ഒരുക്കും. ക്ഷേത്രത്തിനകത്ത് പ്രധാനപ്പെട്ട ആള്‍ക്കാരെ മാത്രമാകും നില്‍ക്കാന്‍ അനുവദിക്കുക. പെട്ടി ശിരസ്സിലേറ്റി കഴിഞ്ഞാല്‍ മാലയിട്ട് സ്വീകരിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നുപേരില്‍ കൂടുതല്‍ ഇവിടെ മാലയിടാന്‍ അനുവദിക്കുകയില്ല. ബാക്കിയുള്ളവര്‍ക്ക് പൂവിട്ട് തൊഴാന്‍ അവസരമുണ്ടാകും. ആദ്യ സ്വീകരണം മണികണ്ഠനാല്‍ത്തറയിലായിരിക്കും. വഴിയില്‍ നേരത്തേ അറിയിക്കുന്നവര്‍ക്കുമാത്രം മാലയിട്ടു സ്വീകരിക്കാനുള്ള അവസരം നല്‍കും. ഘോഷയാത്രയുടെ സുഗമമായ യാത്രക്കായി മണികണ്ഠനാല്‍ത്തറ മുതല്‍ ക്ഷേത്രം വരെയുള്ള ഭാഗത്തെ കടകള്‍ ഉച്ചക്ക് 12 മുതല്‍ ഘോഷയാത്ര കടന്നുപോകുന്നതുവരെ അടച്ചിടും. പൊടിശല്യം മാറ്റാനായി ഫയര്‍ഫോഴ്സ് വഴിത്താരയും പരിസരവും നനക്കും. തൂക്കുപാലത്തില്‍ ഭക്തരെ നില്‍ക്കാന്‍ അനുവദിക്കില്ല. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്‍റ് പി.ജി. ശശികുമാര്‍ വര്‍മ, സെക്രട്ടറി നാരായണവര്‍മ, കമ്മിറ്റി അംഗങ്ങളായ രാഘവവര്‍മ, ദീപ വര്‍മ, നഗരസഭ വൈസ് ചെയര്‍മാന്‍ ഡി. രവീന്ദ്രന്‍, കൗണ്‍സിലര്‍ കെ.ആര്‍. രവി, ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ള, ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ എസ്. മധു, ഡിവൈ.എസ്.പി എസ്. റഫീക്ക്, സി.ഐ ആര്‍. സുരേഷ്, എസ്.ഐ. സനൂജ്, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്‍റ് അഭിലാഷ് രാജ്, സെക്രട്ടറി ശാന്താറാം, വൈസ് പ്രസിഡന്‍റ്് ഗിരീഷ്കുമാര്‍, അയ്യപ്പാസേവാസംഘം ശാഖാ സെക്രട്ടറി നരേന്ദ്രന്‍ നായര്‍, വേണുഗോപാല്‍, പ്രിഥ്വിപാല്‍, പ്രതാപന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.