പമ്പാനദിയില്‍ മാലിന്യം പെരുകുന്നു; നാട്ടുകാര്‍ ആശങ്കയില്‍

വടശ്ശേരിക്കര: പമ്പാനദി മലിനപ്പെടുന്നുവെന്ന വെളിപ്പെടുത്തല്‍ കുടിവെള്ള പദ്ധതികളെ ആശ്രയിക്കുന്നവരെ അങ്കലാപ്പിലാക്കുന്നു. നദിയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ആറിരട്ടി വര്‍ധിച്ചതായുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ വെളിപ്പെടുത്തലാണ് പമ്പ മുതല്‍ കുട്ടനാടുവരെ കുടിവെള്ളത്തിനും നിത്യോപയോഗ ആവശ്യങ്ങള്‍ക്കുമായി പമ്പാനദിയെ ആശ്രയിക്കുന്നവരുടെ ഇടയില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. നൂറുകണക്കിനു കുടിവെള്ള പദ്ധതികള്‍ പമ്പാനദിയുടെ നീരൊഴുക്കിനെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നു. അതുവഴി ആയിരക്കണക്കിനു കുടുംബങ്ങള്‍ കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ഈ നദിയിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ 30,000 കോളിഫോം ബാക്ടീരിയ ഉണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ കണക്ക്. കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ ബാക്ടീരിയയുടെ അളവ് പൂജ്യം ശതമാനം ആയിരിക്കണമെന്നും സാധാരണഗതിയില്‍ ഇത് 5000 വരെയായാല്‍ കുളിക്കാനും മറ്റും മാത്രമേ വെള്ളം ഉപയോഗിക്കാവൂ എന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പമ്പാനദിയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് മുപ്പതിനായിരത്തിനു മുകളിലാണെന്ന് കണ്ടത്തെിയിരിക്കുന്നത്. ശബരിമല സീസണ്‍ കഴിയുന്നതോടുകൂടി ഇത് ഇനിയും വര്‍ധിക്കുമെന്നും ആശങ്കയുണ്ട്. മലയോരമേഖലയായ പത്തനംതിട്ട ജില്ലയില്‍ വേനല്‍ക്കാലമായാല്‍ പമ്പാനദിയിലെ ജലം മാത്രം കുടിക്കാന്‍ വിധിക്കപ്പെട്ട നിരവധി കുടുംബങ്ങളുണ്ട്. നദീതീരത്തെ വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. വേനല്‍ തുടങ്ങിയപ്പോള്‍ തന്നെ പമ്പാനദി ജനവാസമേഖലകളില്‍കൂടി കടന്നുപോകുന്ന ഭാഗങ്ങളില്‍ മലിനീകരണം വ്യാപകമായിട്ടുണ്ട്. നദിയിലിറങ്ങി കുളിച്ചാല്‍ ശരീരം ചൊറിഞ്ഞുതടിക്കുകയും കണ്ണുകള്‍ നീറിച്ചുവക്കുകയും ചെയ്യുമെന്ന് നാട്ടുകാര്‍ പറയുന്നു. ശബരിമല സീസണ്‍ കഴിയുന്ന മുറക്ക് പമ്പാനദിയിലെ ജലസമ്പത്തിനെ ശുദ്ധീകരിക്കാന്‍ നടപടിയെടുത്തില്ളെങ്കില്‍ അട്ടത്തോട് മുതല്‍ ആലപ്പുഴവരെയുള്ള പ്രദേശത്ത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.