ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍ പ്രവര്‍ത്തനം ഇന്ന് തുടങ്ങും

പന്തളം: കുളനട ഗ്രാമപഞ്ചായത്ത് മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പരിപാലിക്കാനായി ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍ പ്രവര്‍ത്തനം ബുധനാഴ്ച തുടങ്ങുന്നു. പഞ്ചായത്ത് ഉളനാട്ടില്‍ പണിതിരിക്കുന്ന പകല്‍വീടാണ് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററാക്കി മാറ്റുന്നത്. ജില്ലയിലെ മൂന്നാമത്തെ റീഹാബിലിറ്റേഷന്‍ സെന്‍ററാണ് ഉളനാട്ടില്‍ ആരംഭിക്കുന്നത്. ജില്ല കുടുംബശ്രീ മിഷന്‍ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2007 മുതല്‍ കുളനട പഞ്ചായത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷാകര്‍ത്താക്കളും കുടുംബശ്രീയും നിരന്തരമായി നടത്തിയ ഇടപെടീലിന്‍െറ ഫലമാണ് സെന്‍റര്‍ യാഥാര്‍ഥ്യമാകുന്നതിലേക്ക് നയിച്ചത്. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വന്നതു മുതല്‍ സെന്‍ററിന്‍െറ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാവശ്യമായ ഇടപെടല്‍ ഗ്രാമപഞ്ചായത്ത് അംഗം പോള്‍രാജിന്‍െറ നേതൃത്വത്തില്‍ തുടങ്ങിയിരുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന പ്രായപൂര്‍ത്തിയായവരെയും കുട്ടികളെയും ഒരേ പോലെ പരിപാലിക്കുകയും അവര്‍ക്കാവശ്യമായ പരിശീലനം നല്‍കാനുമാണ് സെന്‍ററിന്‍െറ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. കുളനട പഞ്ചായത്ത് പ്ളാന്‍ ഫണ്ടില്‍നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപ പദ്ധതിക്കായി ചെലവാക്കി. ജില്ല കുടുംബശ്രീ മിഷന്‍ രണ്ട് ലക്ഷം രൂപയും സെന്‍ററിന്‍െറ പ്രവര്‍ത്തനത്തിനായി അനുവദിച്ചു. സെന്‍ററിന്‍െറ നടത്തിപ്പ് സംബന്ധിച്ച് പഠിക്കാനായി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ജില്ലയില്‍ ബഡ്സ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന പന്തളം തെക്കേക്കര, പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളിലെ സ്കൂളിന്‍െറ പ്രവര്‍ത്തനം മനസ്സിലാക്കിയതായി ഗ്രാമപഞ്ചായത്ത് അംഗം പോള്‍ രാജന്‍ പറഞ്ഞു. പഞ്ചായത്തിലാകെ 27 പേരാണ് മാനസിക വെല്ലുവിളികള്‍ നേരിടുന്നതായുള്ളതെന്നാണ് പ്രാരംഭകണക്കുകള്‍ സൂചിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.