വരള്‍ച്ച പാല്‍ ഉല്‍പാദനത്തെ ബാധിച്ചു

പത്തനംതിട്ട: വരള്‍ച്ച രൂക്ഷമാകുന്നത് ജില്ലയിലെ പാല്‍ ഉല്‍പാദനത്തെ ബാധിച്ചു. ജില്ലയില്‍ ക്ഷീരകര്‍ഷകരില്‍ പ്രധാനമായും പാല്‍ സംഭരിക്കുന്നത് മില്‍മയാണ്. ഏകദേശം 1000 ലിറ്റര്‍ പാലിന്‍െറ കുറവ് അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ദിനേന 30,500 ലിറ്റര്‍ പാല്‍ ജില്ലയിലെ 157ഓളം ക്ഷീരസഹകരണ സംഘങ്ങളില്‍നിന്ന് മില്‍മ സംഭരിക്കുന്നുണ്ട്. ദിവസവും ജില്ലയില്‍ 60,000 ലിറ്റര്‍ പാല്‍ വേണ്ടി വരുന്നുണ്ട്. ബാക്കി പാല്‍ കര്‍ണാടക, തമിഴ്നാട് ഫെഡറേഷനുകളില്‍നിന്ന് വാങ്ങുകയാണിപ്പോള്‍. 3500 ലിറ്റര്‍ തൈരും നിത്യവും ആവശ്യമായി വരുന്നുണ്ട്. ജില്ലയില്‍ ചെറുകുന്നം, റാന്നി, പെരുമ്പെട്ടി മേഖലകളില്‍നിന്നുമാണ് കൂടുതല്‍ പാല്‍ മില്‍മ സംഭരിക്കുന്നത്. പല സ്ഥലങ്ങളിലും ആളുകള്‍ പശു വളര്‍ത്തലില്‍നിന്ന് പിന്‍തിരിയുകയാണിപ്പോള്‍. വയ്ക്കോല്‍ ക്ഷാമം, കാലിത്തീറ്റയുടെ വില വര്‍ധന ഇതൊക്കെ കാലി വളര്‍ത്തല്‍ ഉപേക്ഷിക്കാന്‍ പ്രധാന കാരണങ്ങളായി മാറിയിട്ടുണ്ട്. കാലിത്തീറ്റക്ക് ഒരു ചാക്കിന് 1010 രൂപ വരെയാണ്. കൂടാതെ കൂടുതല്‍ പാല്‍ തരുന്ന സങ്കരയിനം പശുക്കള്‍ക്ക് വേനല്‍ക്കാലത്തെ സംരക്ഷണവും ബുദ്ധിമുട്ടുണ്ടാക്കുന്നതായി കര്‍ഷകര്‍ പറയുന്നു. കാലിത്തീറ്റക്ക് അടിക്കടി വില വര്‍ധിപ്പിക്കുന്നതായാണ് കര്‍ഷകരുടെ പരാതി. മില്‍മ പാല്‍ വില വര്‍ധിപ്പിച്ച് വന്‍ ലാഭം ഉണ്ടാക്കുമ്പോഴും ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടത്ര പ്രയോജനം ലഭിക്കുന്നില്ല. ഉല്‍പാദന ചെലവിലെ വര്‍ധനയും വരള്‍ച്ചയെ തുടര്‍ന്ന് ഉല്‍പാദനം കുറഞ്ഞതുമാണ് പാല്‍വില വര്‍ധിപ്പിക്കാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്. പാലിന്‍െറ ഗുണനിലവാരം അനുസരിച്ച് ലിറ്ററിന് 34 രൂപവരെയാണ് കര്‍ഷകന് ഇപ്പോള്‍ ലഭിക്കുന്നത്. ജില്ലയില്‍ പാല്‍ ഉല്‍പാദനം കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വ്യാജ പാല്‍ ഏറെ നാളായി ജില്ലയില്‍ വിതരണം ചെയ്യുന്നതായുള്ള പരാതി നിലനില്‍ക്കുന്നു. തമിഴ്നാട്ടില്‍നിന്നുമാണ് ഇത് കൂടുതലായി എത്തുന്നതെന്ന് പറയുന്നു. ചില ഹോട്ടലുകളിലും ചായക്കടകളിലുമാണ് ഇത് കൂടുതല്‍ വാങ്ങുന്നതെന്നും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.