സംസ്കാരത്തിന് തങ്ങള്‍ നല്‍കുന്ന നിര്‍വചനം എല്ലാവരും അംഗീകരിക്കണമെന്ന് ചിലര്‍ – സ്പീക്കര്‍

പത്തനംതിട്ട: മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്‍വെന്‍ഷന്‍െറ ശതാബ്ദി ആഘോഷം മാക്കാംകുന്ന് കണ്‍വെന്‍ഷന്‍ നഗറില്‍ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആത്മീയത, തങ്ങളുടെ മുന്നിലുള്ള തിന്മകളോട് എതിര്‍ക്കാനുള്ള ദൈവീകമായ ശക്തിയുടെ ഭാഗമായി കാണണമെന്ന് നിയസഭ സ്പീക്കര്‍ പറഞ്ഞു. മനുഷ്യനെ സ്നേഹിക്കുമ്പോഴും മനുഷ്യനുവേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തനം നടത്തുമ്പോഴും കിട്ടുന്ന ശാന്തതയാണ് ആത്മീയത. ഒട്ടും കലര്‍പ്പില്ലാത്ത സംസ്കാരമാണ് ഇന്ത്യയുടേത്. കലര്‍പ്പുള്ളതെല്ലം പുറത്തുനിന്ന് വന്നതാണ്. നാം ഇന്നുവരെ ആര്‍ജിച്ചെടുത്ത ജ്ഞാന മൂലധനത്തിന്‍െറ പേരാണ് സംസ്കാരം. ഇന്ത്യയുടെ സംസ്കാരത്തെക്കുറിച്ച് ദുര്‍വ്യാഖ്യാനം അടിച്ചേല്‍പ്പിക്കുന്ന കാലമാണിത്. സംസ്കാരത്തിന് തങ്ങള്‍ നല്‍കുന്ന നിര്‍വചനം എല്ലാവരും അംഗീകരിക്കണമെന്ന് ചിലര്‍ പറയുന്നു. ആരാധനാലയങ്ങള്‍ കേവലമായ ആരാധനാലയങ്ങളുടെ കേന്ദ്രം മാത്രമല്ല, മനുഷ്യ സഹൂഹത്തിന്‍െറ എല്ലാ നന്മയെയും പ്രതിനിധാനം ചെയ്യുന്ന പൊതു ഇടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മോറാന്‍മോര്‍ ബസേലിയോസ് മര്‍ത്തോമ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ അധ്യക്ഷനായി. അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭ ആര്‍ച്ച് ബിഷപ് ഡോ. മിഖായേല്‍ ഡഹ്ളച്ച് ശതാബ്ദി സന്ദേശം നല്‍കി. ചലച്ചിത്ര നടന്‍ മധു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്മരണികയുടെ പ്രകാശനം ടൂറിസം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. സഭ അസോ. സെക്രട്ടറി ജോര്‍ജ് ജോസഫ്, വീണ ജോര്‍ജ് എം.എല്‍.എ, നഗരസഭ അധ്യക്ഷ രജനി പ്രദീപ് എന്നിവര്‍ സംസാരിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ബിജു മാത്യൂസ് നന്ദി പറഞ്ഞു. മെത്രാപ്പൊലീത്തമാരായ തോമസ് മാര്‍ അത്താനിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, എബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. യുഹാനോന്‍ മാര്‍ ദീയസ്കോറസ്, ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ്, ഡോ. സക്കറിയാസ് മാര്‍ അപ്രേം, ഡോ. എബ്രഹാം മാര്‍ സെറാഫീം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.