അടൂര്‍: മലയോര ജില്ലക്ക് പ്രതീക്ഷയേകുന്ന ചെങ്കോട്ട-കൊല്ലം പാത പൂര്‍ണമായും സജ്ജമാകുന്നു. സുഗമമായ ചരക്കുനീക്കത്തിനും ഇതുവഴി പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു വിലക്കുറവിനും സഹായകമായേക്കാവുന്ന റെയില്‍ പാത ശബരിമല തീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനകരമാകും. പുനലൂര്‍ മുതല്‍ ചെങ്കോട്ടവരെ മീറ്റര്‍ ഗേജ് ബ്രോഡ്ഗേജ് ആക്കുന്ന പണി അവസാനഘട്ടത്തിലാണ്. ഇതിനിടെ പണിപൂര്‍ത്തിയായ ചെങ്കോട്ട-ഭഗവതിപുരം-ന്യൂആര്യങ്കാവ് റീച്ചില്‍ ട്രയല്‍ റണ്‍ നടത്തിയിരുന്നു. പുനലൂര്‍-ഇടമണ്‍ റീച്ച് നേരത്തേ പണി തീര്‍ത്തിരുന്നു. ഇടമണ്‍ മുതല്‍ ആര്യങ്കാവുവരെ 20 കി.മീ. പണി തീരാനുണ്ട്. മാര്‍ച്ച് അവസാനവാരത്തില്‍ കൊല്ലത്തുനിന്നുള്ള ട്രെയിന്‍ പുനലൂരില്‍ യാത്ര അവസാനിപ്പിക്കാതെ ഇടമണ്‍വരെ ഓടും. ചെങ്കോട്ട-ന്യൂ ആര്യങ്കാവ് റീച്ചിലും സര്‍വിസ് തുടങ്ങും. മേയ് അവസാനത്തോടെ സര്‍വിസ് പൂര്‍ണമായി തുടങ്ങും. കൊല്ലം-ചെന്നൈ റൂട്ടിലും നാഗൂര്‍-വേളാങ്കണ്ണി-മധുര-തിരുനെല്‍വേലി റൂട്ടുകളില്‍ ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വിസ് നടത്താനാണ് സതേണ്‍ റെയില്‍വേയുടെ നീക്കം. പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് ഇതുവഴി ട്രെയിന്‍ യാത്ര കൂടുതല്‍ പ്രയോജനപ്പെടുക. ജില്ലക്കാര്‍ വ്യാപാര ആവശ്യങ്ങള്‍ക്കും മറ്റു യാത്രകള്‍ക്കും കൊല്ലം-പുനലൂര്‍ ബ്രോഡ്ഗേജ് പാത ഉപയോഗിക്കുന്നുണ്ട്. പുനലൂര്‍-മധുര, പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചറുകളും കൊല്ലം-പുനലൂര്‍ പാസഞ്ചറുകളും ഇതിലേ ഓടുന്നുണ്ട്. ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂര്‍, തണ്ണിത്തോട്, അരുവാപ്പുലം, കോന്നി, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാസികള്‍ക്ക് പാത ഏറെ പ്രയോജനകരമാണ്. ട്രെയിന്‍ യാത്രക്കാര്‍ക്ക് കൊല്ലം വഴി തെക്കോട്ട് തിരുവനന്തപുരം, നാഗര്‍കോവില്‍, കന്യാകുമാരി, വടക്കോട്ട് കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് വഴി അയല്‍സംസ്ഥാനങ്ങളിലേക്കും പുനലൂര്‍-ചെങ്കോട്ട പാതയില്‍ ട്രെയിന്‍ ഓടിത്തുടങ്ങുമ്പോള്‍ തിരുനെല്‍വേലി, തൂത്തുക്കുടി, മധുര, രാമേശ്വരം, ചെന്നൈ, സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാം. ഷൊര്‍ണൂര്‍, പാലക്കാട് വഴിയുള്ള യാത്ര തിരക്കായതിനാലും റിസര്‍വേഷന്‍പോലും പലപ്പോഴും കിട്ടാതെ വരുകയും ചെയ്യുമ്പോള്‍ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്ക് ഭാവിയില്‍ പുനലൂര്‍-ചെങ്കോട്ട വഴി പോകുന്നത് അനുഗ്രഹമാകും. ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നതിനാല്‍ പുനലൂരില്‍നിന്ന് ചെങ്കോട്ട വഴി നിലവില്‍ ബസിലേ പോകാന്‍ കഴിയൂ. പത്തനംതിട്ട ജില്ലക്കാര്‍ക്ക് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ ആവണീശ്വരമാണ്. ജില്ല അതിര്‍ത്തിയായ പത്തനാപുരത്തുനിന്ന് കുന്നിക്കോട് റൂട്ടില്‍ ആറ് കി.മീ. ബസില്‍ സഞ്ചരിച്ചാല്‍ ആവണീശ്വരം റെയില്‍വേ സ്റ്റേഷനു മുന്നില്‍ ഇറങ്ങാം. ആവണീശ്വരത്തുനിന്ന് ട്രെയിനില്‍ ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലത്തൊം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.