പാഴായ പ്രഖ്യാപനങ്ങള്‍, സര്‍വേകള്‍; അടൂരിലൂടെ തീവണ്ടി വരുമോ..?

അടൂര്‍: അടൂര്‍ വഴി തീവണ്ടിപാതക്ക് കാത്തിരിപ്പ് തുടരുന്നു. കായംകുളത്തുനിന്ന് പത്തനാപുരം വരെ 45 കിലോമീറ്റര്‍ റെയില്‍പാത സ്ഥാപിക്കാനുള്ള നീക്കം 2008ല്‍ ആരംഭിച്ചെങ്കിലും എങ്ങുമത്തെിയില്ല. 2009 മാര്‍ച്ചിനുമുമ്പ് ഇതിന്‍െറ സര്‍വേ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മുന്‍ സഹമന്ത്രി ആര്‍. വേലു ലോക്സഭയില്‍ പ്രഖ്യാപിച്ചിരുന്നു. കായംകുളം, കറ്റാനം, ചാരുംമൂട്, അടൂര്‍, ഏനാത്ത് വഴി കൊല്ലം-ചെങ്കോട്ട പാതയിലെ പത്തനാപുരം ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ സന്ധിക്കുന്നതായിരുന്നു നിര്‍ദിഷ്ട റെയില്‍പാത. അടൂര്‍ വഴി തീവണ്ടിപ്പാതക്കായി രണ്ടുതവണ സര്‍വേ നടത്തിയിരുന്നു. എന്നാല്‍, പാത നഷ്ടമാകുമെന്ന നിഗമനത്തില്‍ അധികൃതര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അടൂരിലൂടെ തീവണ്ടിപ്പാത ഉണ്ടായാല്‍ ചരക്കുനീക്കത്തിലൂടെയും യാത്രാക്കൂലി വഴിയും റെയില്‍വേക്ക് വലിയ വരുമാനം ലഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷനല്‍ മാനേജരായിരുന്ന ഡോ. ജി. നാരായണന്‍ അധികൃതരെ അറിയിച്ചതിനത്തെുടര്‍ന്നാണ് ശ്രദ്ധ ഇവിടേക്കുതിരിഞ്ഞത്. തമിഴ്നാട്ടില്‍നിന്ന് ആര്യങ്കാവ് വഴി പുനലൂര്‍-മൂവാറ്റുപുഴ, കായംകുളം സംസ്ഥാനപാതകളിലൂടെയാണ് ഇപ്പോള്‍ ചരക്കുഗതാഗതം നടക്കുന്നത്. അനിയന്ത്രിത ഭാരവാഹനങ്ങളുടെ സഞ്ചാരം കാരണം ഈ റോഡുകള്‍ തകര്‍ച്ചയിലുമാണ്. ശരാശരി 1000 ലോറി പ്രതിദിനം തമിഴ്നാട്ടില്‍നിന്ന് ആര്യങ്കാവ് വഴി സംസ്ഥാനത്തത്തെുന്നുണ്ട്. ഇതില്‍ 500 ലോറി സിമന്‍റും 300 എണ്ണം പച്ചക്കറിയും ബാക്കി തടിയും മറ്റും വഹിക്കുന്നവയുമാണ്. കായംകുളം-പത്തനാപുരം തീവണ്ടിപ്പാത സാധ്യമായാല്‍ തമിഴ്നാടിനെയും തീരദേശ ജില്ലയായ ആലപ്പുഴയെയും ബന്ധിപ്പിച്ച് ചരക്കുഗതാഗതവും സുഗമമാക്കാം. ശബരി റെയില്‍പാത സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചപ്പോള്‍ കായംകുളം-അടൂര്‍-കൊട്ടാരക്കര പാതയോ ചെങ്ങന്നൂര്‍-പന്തളം-അടൂര്‍-കൊട്ടാരക്കര-തിരുവനന്തപുരം പാതയോ പരിഗണിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. ശബരിമല തീര്‍ഥാടകര്‍ക്കും വ്യാപാരികള്‍ക്കും പാത പ്രയോജനം ചെയ്യുന്നതോടൊപ്പം ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രധാനമായും തീവണ്ടിപ്പാത വന്നാല്‍ ഗുണകരമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.