വികസന സമിതിയില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതില്‍ വിമര്‍ശനം

റാന്നി: താലൂക്ക് വികസന സമിതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതില്‍ രൂക്ഷവിമര്‍ശനം. ശനിയാഴ്ച നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ പൊതുമരാമത്ത്, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തില്ല. മറ്റ് പല വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ യോഗം തുടങ്ങി വളരെ നേരം കഴിഞ്ഞാണ് പങ്കെടുത്തത്. ഇത് രൂക്ഷവിമര്‍ശനത്തിനിടയാക്കി. താലൂക്കില്‍ ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് വലിയ വീഴ്ചയായി. കഴിഞ്ഞ വികസന സമിതിയില്‍ ഉന്നയിച്ച പല വിഷയങ്ങള്‍ക്കും വ്യക്തമായ മറുപടി ലഭിച്ചില്ല എന്നതായിരുന്നു മറ്റൊരു പ്രധാന വിഷയം. ഇത് ആവര്‍ത്തിച്ചാല്‍ അടുത്ത വികസന സമിതി യോഗം ബഹിഷ്കരിക്കുമെന്നും അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ പഞ്ചായത്തിലും ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് പ്രദേശത്തെ ജലക്ഷാമം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ വികസന സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. റാന്നി, വടശ്ശേരിക്കര, പെരുനാട് പഞ്ചായത്തുകളില്‍ യോഗം ചേര്‍ന്നിരുന്നില്ല. ഇവിടെ യോഗം ചേര്‍ന്ന് സ്വീകരിക്കേണ്ട നടപടി ചര്‍ച്ച ചെയ്ത് അടിയന്തര തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ പഞ്ചായത്തിലും ജലവിതരണത്തിനായി കിയോസ്കുകള്‍ സ്ഥാപിക്കും. പെരുന്തേനരുവി-നവോദയ റോഡ് പുനരുദ്ധരിക്കാന്‍ വെച്ചൂച്ചിറ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. റാന്നി കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്‍ററില്‍ ഡ്രൈവര്‍മാരുടെ ഒഴിവ് നികത്താനും നിര്‍ദേശം നല്‍കും. വൈക്കം ഗവ.യു.പി സ്കൂള്‍ സ്ഥലം അളക്കാന്‍ അധികൃതര്‍ എത്തിയപ്പോള്‍ ബന്ധപ്പെട്ടവരെ അറിയിച്ചില്ല എന്നതായിരുന്നു മറ്റൊരു പ്രധാന പരാതി. അടുത്ത വസ്തു ഉടമകളെയും ബന്ധപ്പെട്ടവരെയും അറിയിച്ച ശേഷം സ്ഥലം അളക്കാന്‍ തീരുമാനിച്ചു. റാന്നി-ന്യൂ ബൈപാസിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തി. ഇവിടെ ബസ്സ്റ്റോപ്പ് ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കി. രാജു എബ്രഹാം എം.എല്‍.എ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ മധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ മോഹന്‍ രാജ് ജേക്കബ്, അനില്‍ തുണ്ടിയില്‍, ശശികല രാജശേഖരന്‍, ബാബു പുല്ലാട്ട്, ജില്ല പഞ്ചായത്ത് അംഗം എം.ജി. കണ്ണന്‍, രാഷ്ട്രീയ പ്രതിനിധികളായ ബേബിച്ചന്‍ വെച്ചൂച്ചിറ, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, ബിനു തെള്ളിയില്‍, ആലിച്ചന്‍, രാജേഷ് ആനമാടം, ഗോപാലകൃഷ്ണന്‍, ഷൈന്‍ ജി കുറുപ്പ്, സമദ് മേപ്രത്ത്, സജി ഇടിക്കുള, തോമസ് അലക്സ്, രാജപ്പന്‍, തഹസില്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.