പന്തളം: നഗരത്തിൽ ഗതാഗതപരിഷ്കാരത്തിനു തീരുമാനമെടുത്ത് 10 ദിവസത്തിനകം നടപ്പാക്കുമെന്ന പ്രഖ്യാപനം ഒരു വർഷം കഴിഞ്ഞിട്ടും പാഴ്വാക്കായി. യാതൊരു െചലവുമില്ലാതെ നടപ്പാക്കാൻ കഴിയുമായിരുന്ന പരിഷ്കാരം സർക്കാർ ഫയലിൽ ഉറങ്ങുകയാണ്. നഗരത്തിലെ സൂചനാഫലകങ്ങൾ പഴയവ മാറ്റി പുതിയവ സ്ഥാപിക്കുന്നതടക്കം നിരവധി പരിഷ്കാരങ്ങൾക്കാണ് ഗതാഗത ഉപദേശക സമിതി ഒരു വർഷം മുമ്പ് തീരുമാനമെടുത്തത്. 10 ദിവസത്തിനുള്ളിൽ ഇവ നടപ്പാക്കുമെന്ന പ്രഖ്യാപനവും ഉപദേശക സമിതി യോഗത്തിനുശേഷം നഗരഭരണക്കാർ നടത്തി. കഴിഞ്ഞ വർഷം ഫെബ്രുവരി 20ന് ചേർന്ന ഉപദേശ സമിതി യോഗത്തിലെ ഒരു തീരുമാനവും നടപ്പാക്കാനായില്ല. ഇപ്പോഴും നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. തിങ്കളാഴ്ച പകൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. അനധികൃത പാർക്കിങ്ങാണ് നഗരം നേരിടുന്ന പ്രധാന വെല്ലുവിളി. നഗര കേന്ദ്രത്തിലെ ഒാഡിറ്റോറിയങ്ങളിൽ വിവാഹവും മറ്റ് ചടങ്ങുകളും നടന്നാൽ എം.സി റോഡിനിരുവശവും വലിയ വാഹനങ്ങളടക്കം അലക്ഷ്യമായ വാഹന പാർക്കിങ്ങാണ് നടത്തുന്നത്. ഇതോടൊപ്പം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ ചരക്കുമായെത്തുന്ന വാഹനങ്ങളും തിരക്കേറിയ സമയത്ത് റോഡിൽ വാഹനം പാർക്ക് ചെയ്ത് ലോഡിറക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. തിരക്കേറിയ സമയങ്ങളിൽ ചരക്കു വാഹനങ്ങളിൽനിന്ന് ലോഡിറക്കുന്നത് നിരോധിക്കാനും തിരക്കു കുറഞ്ഞ രാത്രി സമയത്ത് ചരക്കിറക്കുന്നത് ക്രമീകരിക്കാനാണ് ഗതാഗത ഉപദേശക സമിതി തീരുമാനമെടുത്തത്. വ്യാപാരികളുമായി ചർച്ച ചെയ്ത് തീരുമാനം നടപ്പാക്കണമെന്നതും പാഴ്വാക്കായി. നഗരത്തിലെ ഫുട്പാത്തുകളിലുള്ള അനധികൃത വ്യാപാരം ഒഴിവാക്കി കാൽനടക്കാർക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുമെന്ന തീരുമാനവും കടലാസിൽ തന്നെ. ഫുട്പാത്തുകളിലുള്ള അനധികൃത വ്യാപാരം ഒഴിവാക്കണമെന്ന ആവശ്യം വരുന്നതോടെ പ്രമുഖ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ പുറകോട്ടുപോകുകയാണ് പതിവ്. ഇതോടെ പ്രമുഖ വ്യാപാര സ്ഥാപന ഉടമകളും ഫുട്പാത്തിലേക്ക് കച്ചവടസാധനങ്ങൾ ഇറക്കിവെക്കുന്നത് പതിവാക്കുകയാണ്. ഫുട്പാത്തിലെ വ്യാപാരം നിയന്ത്രിക്കാനുള്ള നടപടി നഗരസഭ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് സഹായകരമായ ദിശാസൂചക ബോർഡുകൾ പുതുതായി സ്ഥാപിക്കാനുള്ള തീരുമാനവും കടലാസിൽ ഒതുങ്ങി. പാർക്കിങ്, നോപാർക്കിങ് ബോർഡുകളും തുരുമ്പെടുത്ത അവസ്ഥയിലാണ്. ഇവയും മാറ്റി സ്ഥാപിക്കാൻ നടപടിയില്ല. നഗരത്തിലെത്തുന്ന കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകളുടെ സ്റ്റോപ് പുനഃക്രമീകരിക്കാനും തീരുമാനമെടുത്തിരുന്നു. ഇതും നടപ്പാക്കേണ്ട നഗരഭരണസമിതി അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും നഗരത്തിൽ തോന്നും പോലെയാണ് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇത് പലപ്പോഴും നഗരത്തിലെ ഗതാഗതക്കുരുക്കിനു കാരണമാകുന്നു. നഗരകേന്ദ്രത്തിലെ കുറുന്തോട്ടയം പാലം നിർമാണം പൂർത്തിയായതോടെ ഗതാഗത ക്രമീകരണം സുഖമാകുമെന്ന പ്രതീക്ഷയിലായിരുന്നു നഗരവാസികൾ. നഗരകേന്ദ്രത്തിലുള്ള സിഗ്നൽ സംവിധാനം പലപ്പോഴും തകരാറിലാകുന്നത് പതിവാണ്. ഇതിനു ശാശ്വതപരിഹാരം കാണാനും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടിയില്ലെന്നാണ് ഉയരുന്ന ആക്ഷേപം. വരും ദിവസങ്ങളിൽ നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ഗതാഗത ഉപദേശക സമിതി തീരുമാനങ്ങൾ ഉടൻ നടപ്പാക്കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.