സ്വ​കാ​ര്യ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍ത്തു​ന്ന​ു; 14 കു​ടും​ബ​ങ്ങ​ൾ ദുരിതത്തിൽ

പത്തനംതിട്ട: കാരികയത്ത് കക്കാട്ടാറിലെ സ്വകാര്യ ജലവൈദ്യുതി പദ്ധതിയുടെ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ത്തുന്നത് സമീപവാസികള്‍ക്ക് ഭീഷണിയാകുന്നു. ഇ.ഡി.സി.എല്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ കക്കാട്ടാറില്‍ കാരികയത്ത് സ്ഥാപിച്ച രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയുടെ ഇരകളും മണക്കയം- പാമ്പിനിനിവാസികളുമായ 14 കുടുംബങ്ങൾ പ്രദേശം വിട്ടൊഴിയാന്‍ നിർബന്ധിതരായിരിക്കുകയാണ്. ഭീഷണി നേരിടുന്നവരുടെ ഭൂമിയും വീടും കമ്പനിയെക്കൊണ്ട് വാങ്ങിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പദ്ധതിക്കെതിരെ സമരം നടത്താൻ തീരുമാനിച്ചു. ഇതിനു മുന്നോടിയായി നീതി തേടി ജില്ല ഭരണകൂടത്തെയും ഹൈകോടതിയെയും സമീപിച്ചിരിക്കുകയാണവർ. ഡാമിെൻറ ജലസംഭരണിയിൽ 47 മീറ്റര്‍വരെ മാത്രമേ ജലനിരപ്പ് ഉയര്‍ത്തുകയുള്ളൂവെന്ന് ആദ്യം പറഞ്ഞ കമ്പനി അധികൃതര്‍ ഇപ്പോള്‍ 55 മീറ്ററിലും അധികം ഉയരത്തിൽ വെള്ളം സംഭരിക്കാനുള്ള തയാറെടുപ്പിലാണെന്ന് മണക്കയം- പാമ്പിനി ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. ഇതോടെ തീരത്തുള്ള 15 ഓളം വീടുകളില്‍ വെള്ളം കയറും. നിലവില്‍ 47 മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ ഭീഷണി നേരിടുന്നവരുടെ ഭൂമിയില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. ജലനിരപ്പ് ഉയരുന്നതു മൂലമുള്ള ഭീഷണി ഒഴിവാക്കാന്‍ സംരക്ഷണ ഭിത്തി കെട്ടുമെന്ന് പറഞ്ഞ കമ്പനി അധികൃതര്‍ ഇപ്പോള്‍ അത് പ്രായോഗികമല്ലെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. ചിലരുടെ കൈയില്‍നിന്ന് കമ്പനി ഭൂമി വാങ്ങിയിട്ടുണ്ട്. സംഭരണിക്ക് സമീപത്ത് ഭൂമിയുള്ളവര്‍ക്ക് അവിടെ കൃഷി ചെയ്യാനോ താമസിക്കാനോ സാധിക്കാത്ത സാഹചര്യമാണ്. പെരുംപാമ്പ് അടക്കമുള്ളവയുടെ ശല്യം ഇവിടെ പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. ഡാം കമീഷന്‍ ചെയ്യുന്നതിനു മുമ്പു തന്നെ 15 കുടുംബങ്ങളുടെയും ഭൂമി കമ്പനി വാങ്ങണമെന്നാണ് സമരസമിതിയുടെ ആവശ്യം. ജലനിരപ്പ് ഉയര്‍ന്നതോടെ നാലു റോഡുകളും കുളിക്കടവുകളും വെള്ളത്തിനടിയിലായി. ഇവ പുനഃസ്ഥാപിക്കണമെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. 1994ല്‍ നിർമാണ പ്രവര്‍ത്തനം ആരംഭിച്ച പദ്ധതിക്കുവേണ്ടി 2010 ജൂലൈ 29ന് മുഖ്യമന്ത്രിയായിരുന്ന വി. എസ്. അച്യുതാനന്ദെൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ യോഗമാണ് 59 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി നല്‍കിയത്. ഇതിനെതിെര അന്ന് ശക്തമായ ചെറുത്തുനിൽപ് ഉയര്‍ന്നിരുന്നു. സമരം ചെയ്തവര്‍ക്കെതിെര കമ്പനി ഹൈകോടതിയില്‍ കേസ് നല്‍കി. ഇതോടെ സമരം തണുത്തു. ഭൂമി സര്‍ക്കാര്‍ പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുമെന്ന് അന്നത്തെ കലക്ടര്‍ അറിയിക്കുകയും ചെയ്തതോടെ, സെൻറിന് 7000 മുതല്‍ 25000 രൂപവരെ വില വാങ്ങി നാട്ടുകാര്‍ വസ്തു കമ്പനിക്ക് ഭൂമി നല്‍കി. പിന്നീട് സ്ഥലം എം.എൽ.എയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ബാക്കി വസ്തുക്കള്‍ 30,000 രൂപക്ക് വാങ്ങുകയും സെൻറിന് 7000 രൂപക്ക് നല്‍കിയ ഭൂവുടമകള്‍ക്ക് ബാക്കി തുക നല്‍കാമെന്ന് ധാരണയാകുകയും ചെയ്തിരുന്നു. എന്നാല്‍, ഈ തുക പലര്‍ക്കും ലഭിച്ചിട്ടില്ല. അതിനിടെ ഈ പ്രദേശത്ത് കമ്പനി ഇപ്പോള്‍ സെൻറിന് 1.2 ലക്ഷം രൂപക്ക് വസ്തു വാങ്ങിയിട്ടുണ്ട്. ഒരേ ആവശ്യത്തിനുവേണ്ടി ഒരു പ്രദേശത്തുനിന്ന് വ്യത്യസ്ത വിലയ്ക്ക് ഭൂമി ഏറ്റെടുത്തത് നീതിയല്ലെന്ന് സമരത്തിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. 116 കുടുംബങ്ങളില്‍നിന്ന് 70 ഏക്കറില്‍ അധികം ഭൂമി വാങ്ങിയതായാണ് പ്രാഥമിക കണക്കുകള്‍. ഇതുകൂടാതെ വനം വകുപ്പിെൻറ ഉമടസ്ഥതയിലുള്ള ഭൂമിയിലും ഹാരിസണ്‍ മലയാളം ലിമിറ്റഡിെൻറ ഭൂമിയിലും ജലം സംഭരിക്കുന്നതിനു കമ്പനി ധാരണയിലുമെത്തി. ഏറ്റെടുക്കാത്ത ഭൂമിയില്‍ വെള്ളം കയറുന്നുണ്ടെങ്കില്‍ ജലനിരപ്പ് താഴ്ത്തണമെന്ന് ഹൈകോടതി ബന്ധപ്പെട്ട ജില്ല കലക്ടറടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയിരുന്നു. എന്നാല്‍, ഹൈകോടതി ഉത്തരവുമായി കലക്ടറെ സമീപിച്ചെങ്കിലും നീതി ലഭിക്കുന്നില്ലെന്ന് റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിലെ 10ാം വാര്‍ഡ് നിവാസികളായ മണക്കയം തടത്തില്‍ ശശീധരന്‍ നായര്‍, ചരിവുപുരയിടത്തില്‍ സി.എ. ഷാബു, സി.എ. ഷാജന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ കടക്കേത്ത് വീട്ടില്‍ ഏബ്രഹാം ദാനിയേലും കുടുംബവും മുഴിക്കല്‍ പ്രസാദും കലക്ടറേറ്റിനു മുന്നില്‍ ഇതേ ആവശ്യമുന്നയിച്ച് തിങ്കളാഴ്ച സത്യഗ്രഹം ഇരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.