കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതി പല കാലഘട്ടങ്ങളിലായി ലക്ഷങ്ങള്‍ ചെലവഴിച്ച് മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ പലത് നടപ്പാക്കിയെങ്കിലും ഒന്നും വിജയിച്ചില്ല. ഇതിന് ഉദാഹരണങ്ങളാണ് കോന്നി നാരയണപുരം ചന്തയിലെ വിവിധ മാലിന്യ സംസ്കരണ പ്ളാന്‍റുകള്‍. 20 വര്‍ഷമായി കോന്നി പട്ടണം ചീഞ്ഞുനാറാന്‍ തുടങ്ങിയിട്ട്. 2000 മുതലാണ് കോന്നിയില്‍ മാലിന്യപ്രശ്നം സങ്കീര്‍ണമാകുന്നത്. അന്നുമുതലുള്ള ഭരണസമിതികള്‍ ശ്രമിച്ചിട്ടും ബോധവത്കരണം നടത്തിയിട്ടും മാലിന്യപ്രശ്നത്തിന് പരിഹാരമില്ല. കോന്നി ടൗണിനോട് ചേര്‍ന്ന കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, മത്സ്യ-മാംസ വിപണനകേന്ദ്രം എന്നിവിടങ്ങളില്‍നിന്നുള്ള മാലിന്യം വ്യാപകമായി തള്ളുന്നത് കോന്നി നാരായണപുരം ചന്തയിലാണ്. ഈ മാലിന്യം തെരുവുനായ്ക്കളും പക്ഷികളും കൊണ്ടുപോയി സമീപപ്രദേശത്തെ വീടുകളിലെ കിണറുകളില്‍ തള്ളുന്നതുകാരണം പരിസരത്തെ പത്തോളം കിണറുകള്‍ ഉപയോഗശൂന്യമായി. നാരായണപുരം ചന്തയില്‍നിന്നുള്ള ദുര്‍ഗന്ധംമൂലം പരിസരത്തെ ജനങ്ങള്‍ മൂക്കുപൊത്തിയാണ് വീടിനു പുറത്തിറങ്ങുന്നത്.വ്യാപാര സ്ഥാപനങ്ങളുടെയും തട്ടുകടകളുടെയും എണ്ണം കൂടിയതോടെ മാലിന്യം പൊതുസ്ഥലങ്ങളിലും തള്ളുന്നത് വ്യാപകമായി. മാലിന്യം പൂര്‍ണമായി സംസ്കരിച്ച് മാലിന്യമുക്തമാക്കാന്‍ 2000ല്‍ മാലിന്യമുക്ത കോന്നിയെന്ന പദ്ധതിക്ക് അന്നത്തെ ഭരണസമിതി രൂപംനല്‍കിയിരുന്നു. ഇതിന്‍െറ ഭാഗമായി 2005ല്‍ 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് കോന്നി നാരായണപുരം ചന്തയില്‍ ഖര-ദ്രവ മാലിന്യ പ്ളാന്‍റ് സ്ഥാപിച്ചു. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടതോടെ പ്രവര്‍ത്തനം നിലച്ചു. 2006ലെ ഭരണസമിതി വീണ്ടും പണം ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി. ഇപ്പോള്‍ ഖര-ദ്രവ മാലിന്യ പ്ളാന്‍റ് കാടുകയറി. ഖരമാലിന്യ പ്ളാന്‍റ് പരാജയമായതിനെ തുടര്‍ന്ന് 40 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഇതിനോടുചേര്‍ന്ന് മാലിന്യ നിര്‍മാര്‍ജന പ്ളാന്‍റ് സ്ഥാപിച്ചിരുന്നു. ഇതിന്‍െറ പ്രവര്‍ത്തനവും അവതാളത്തിലാണ്. കുടുംബശ്രീയിലെ സ്ത്രീകള്‍ക്കാണ് ഇതിന്‍െറ ചുമതല. ഇവരുടെ വേതന പ്രശ്നങ്ങള്‍ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. നാരായണപുരം ചന്തയില്‍ നിരവധി കെട്ടിടങ്ങള്‍ ഉയര്‍ന്നതോടെ മാലിന്യം തള്ളുന്നത് കോന്നി കെ.എസ്.ആര്‍.ടി.സിക്കായി വിട്ടുനല്‍കിയ സ്ഥലത്താണ്. എല്‍.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ടൗണിനോട് ചേര്‍ന്നുള്ള വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും മാലിന്യം ശേഖരിച്ച് പഞ്ചായത്തെടുത്ത് സംസ്കരിക്കാനായി ലക്ഷങ്ങള്‍ ചെലവഴിച്ച് വെയ്സ്റ്റ് ബിന്‍ കൊണ്ടുവന്നെങ്കിലും ടൗണിലെ കച്ചവട സ്ഥാപനങ്ങളില്‍ മാത്രമാണ് വിതരണം ചെയ്തത്. ബാക്കി വെയ്സ്റ്റ് ബിന്‍ വെളിച്ചം കണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.