സംഭരണിയും കണക്ഷനും ഉണ്ടായിട്ടും കുടിവെള്ളമില്ല

തിരുവല്ല: സ്വന്തമായി കുടിവെള്ള സംഭരണിയും കണക്ഷനും ഉണ്ടായിട്ടും പെരിങ്ങരയിലെ ജനം വര്‍ഷങ്ങളായി കുടിവെള്ളം തേടി വലയുന്നു. പെരിങ്ങര പഞ്ചായത്തിലെ അഴിയിടത്തുചിറ, കുഴുവേലിപ്പുറം, വൈലപ്പള്ളി, വേങ്ങല്‍, മുണ്ടപ്പള്ളി ഭാഗങ്ങളിലുള്ളവരാണ് പൈപ്പ് കണക്ഷന്‍ ഉണ്ടായിട്ടും കുടിവെള്ളത്തിനായി അലയുന്നത്. കുടിവെള്ളം നല്‍കിയില്ളെങ്കിലും ഇവരില്‍നിന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വെള്ളക്കരവും ഈടാക്കുന്നുണ്ട്. വര്‍ഷങ്ങളായി ഈസ്ഥിതി തുടരുകയാണ്. കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിലൂടെ കാല്‍നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പൈപ്പ്ലൈനില്‍നിന്നാണ് ഇവര്‍ക്ക് കുടിവെള്ളം കിട്ടേണ്ടത്. എന്നാല്‍, ഈ പൈപ്പിലൂടെ വെള്ളം കിട്ടാതായിട്ട് വര്‍ഷങ്ങളായെന്ന് നാട്ടുകാര്‍ പറയുന്നു. കാലഹരണപ്പെട്ട പൈപ്പിലെ ചോര്‍ച്ച കാരണമാണ് കുടിവെള്ളം കിട്ടാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. പടിഞ്ഞാറന്‍ മേഖലയിലെ റോഡുകള്‍ ഉയര്‍ന്നതോടെ പത്തടിയിലേറെ താഴ്ചയിലൂടെയാണ് പൈപ്പ് കടന്നുപോകുന്നത്. ഇതുകാരണം അറ്റകുറ്റപ്പണിയും സാധ്യമല്ലാതായി. സമീപങ്ങളിലൊക്കെ പുതിയ പൈപ്പ് ലൈന്‍ അടുത്തകാലത്ത് സ്ഥാപിച്ചെങ്കിലും ഇവരുടെ ദുരിതത്തിന് ഇനിയും പരിഹാരമായിട്ടില്ല. പ്രദേശത്തെ വീടുകളില്‍ കിണര്‍ ഉണ്ടെങ്കിലും കുടിക്കാന്‍ കൊള്ളാത്ത വെള്ളമാണ്. നിറവ്യത്യാസമുള്ള വെള്ളമാണ് ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം കിണറുകളിലും. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി വേനല്‍ക്കാലത്ത് ഉള്‍പ്പെടെ വെള്ളം വിലയ്ക്ക് വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് പ്രദേശത്തെ നൂറുകണക്കിനു കുടുംബങ്ങള്‍. പലതവണ അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയും പ്രതിഷേധം ഉയര്‍ത്തിയിട്ടും പ്രശ്നം പരിഹരിക്കാതെ നീളുകയാണ്. കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ഒപ്പിട്ട നിവേദനം കഴിഞ്ഞദിവസം മന്ത്രി മാത്യു ടി. തോമസിനു നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.