ചെമ്പന്‍മുടിയില്‍നിന്ന് പാറയുമായി വാഹനങ്ങള്‍ പുറത്തേക്ക്

വടശ്ശേരിക്കര: മൂന്നര വര്‍ഷത്തിനുശേഷം ചെമ്പന്‍മുടിയില്‍നിന്ന് പാറ കയറ്റിയ വാഹനങ്ങള്‍ പുറത്തേക്ക്. ചെമ്പന്‍മുടിമലയിലെ വിവാദ പാറമടയില്‍നിന്ന് തിങ്കളാഴ്ച രാവിലെ മുതല്‍ ഖനനം ചെയ്ത പാറ നീക്കിത്തുടങ്ങി. ജനകീയ സമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ചെമ്പന്‍മുടിമലയിലെ മണിമലത്തേ് മടയില്‍നിന്ന് 499 ലോഡ് പാറ നീക്കം ചെയ്യാമെന്ന കോടതി വിധിയെ തുടര്‍ന്നാണ് നടപടി. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍, വില്ളേജ് ഓഫിസ് ജീവനക്കാര്‍, ചെമ്പന്‍മുടി സംരക്ഷണ സമരസമിതി പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ 30 ലോഡ് പാറയാണ് തിങ്കളാഴ്ച പുറത്തേക്ക് കൊണ്ടുപോയത്. വരുംദിവസങ്ങളില്‍ ബാക്കി ലോഡുകളും കൊണ്ടുപോകും. ചെമ്പന്‍മുടിമലയിലെ അനധികൃത പാറമടകളും ക്രഷര്‍ യൂനിറ്റുകളും അടച്ചുപൂട്ടി പ്രദേശവാസികള്‍ മൂന്നരവര്‍ഷത്തോളം സമരം ചെയ്തതിനൊടുവിലാണ് പാറ കയറ്റിക്കൊണ്ടുപോകാന്‍ കോടതിവിധി ഉണ്ടാകുന്നതും ഖനനം പുനരാരംഭിക്കാന്‍ നാറാണംമൂഴി പഞ്ചായത്ത് ലൈസന്‍സ് നല്‍കുന്നതും. മതിയായ രേഖകളില്ലാതെ പുനര്‍പ്രവര്‍ത്തനത്തിനായി പഞ്ചായത്ത് അനുമതി നല്‍കിയതിനെതിരെയും കോടതിയെ സമീപിച്ച പാറമടലോബിക്ക് അനുകൂലമായി പഞ്ചായത്ത് നിലപാടെടുക്കുകയും ചെയ്തതിനത്തെുടര്‍ന്ന് വീണ്ടും ജനകീയസമരം തിരിച്ചുവന്നു. ഇതേതുടര്‍ന്ന് ഉപവാസവും നിയമപോരാട്ടവും നടക്കുന്നതിനിടെ മടയില്‍നിന്ന് പാറ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടയുകയും സമരസമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് സ്റ്റേഷന്‍ ഉപരോധം ഉള്‍പ്പെടെ ആരംഭിച്ചതോടെ പുതിയതായി ചാര്‍ജെടുത്ത കലക്ടര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയും പൊട്ടിച്ചിട്ട പാറ നീക്കാന്‍ ഉടമക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പാറ നീക്കം ചെയ്യാന്‍ അനുവദിച്ചത് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്നും അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ചെമ്പന്‍മുടിയില്‍നിന്ന് പാറ നീക്കം ചെയ്യുന്നത് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.