ശമിക്കാതെ ഗതാഗതക്കുരുക്ക്

പത്തനംതിട്ട: ഓണം കഴിഞ്ഞിട്ടും സെന്‍ട്രല്‍ ജങ്ഷനിലെ ഗതാഗതക്കുരുക്കിന് ശമനമില്ല. രാവിലെ ഒമ്പതിന് ആരംഭിച്ച ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അനിയന്ത്രിതമായി തുടരുകയായിരുന്നു. സെന്‍റ് പീറ്റേഴ്സ് ജങ്ഷന്‍ വരെ നീളുന്ന റോഡിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, വോള്‍വോ ബസുകള്‍ സെന്‍റ് പീറ്റേഴ്സ് ജങ്ഷന്‍ വഴിയും മറ്റും ബസുകള്‍ പഴയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് റോഡ് വഴിയും തിരിച്ചുവിട്ടു. ഓണാവധിക്കുശേഷം വിദ്യാലയങ്ങളും ഓഫിസുകളും തുറന്നതിനാലാണ് തിരക്കനുഭപ്പെട്ടത്. എന്നാല്‍, തിങ്കളാഴ്ച പൊതുവെ തിരക്കേറിയതിനാല്‍ ഗതാഗതക്കുരുക്കും സ്വാഭാവികമാണെന്ന് അധികൃതര്‍ പറയുന്നു. എങ്കിലും മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് നഗരത്തില്‍ ഇതാദ്യമായാണ്. തിരക്ക് കുറക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച റോഡ് കോണുകള്‍ തിരക്ക് കൂട്ടിയതായാണ് പലരുടെയും അഭിപ്രായം. എന്നാല്‍, ഓണനാളുകളില്‍ ഇത്രയും ഗതാഗതക്കുരുക്ക് ഇല്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. ഗാന്ധി പ്രതിമ മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയാണ് റോഡ് കോണുകള്‍ സ്ഥാപിച്ചത്. റോഡ് കോണുകള്‍ സ്ഥാപിച്ചതോടെ മാര്‍ക്കറ്റ് റോഡ് വഴി പോകേണ്ട വാഹനങ്ങള്‍ മിനിസിവില്‍ സ്റ്റേഷനിലത്തെി തിരികെ വരേണ്ടിവരുന്നു. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോടൊപ്പം ഗതാഗത പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നു.വാഹനങ്ങളെ മാത്രമല്ല, കാല്‍നടയെയും കുരുക്ക് സാരമായി ബാധിച്ചു. റോഡിനു മറുവശം മുറിച്ചുകടക്കാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവന്നു. സെന്‍ട്രല്‍ ജങ്ഷന് പുറമെ അബാന്‍ ജങ്ഷന്‍, സെന്‍റ് പീറ്റേഴ്സ് ജങ്ഷന്‍, പഴയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി റോഡ് എന്നിവിടങ്ങളിലും ട്രാഫിക് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നെങ്കിലും കുരുക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.