അടൂര്‍: പുതിയകാവില്‍ചിറ വിനോദസഞ്ചാര വിശ്രമകേന്ദ്രം നശിക്കുന്നു. ചിറയിലെ പായല്‍ കോരുമെന്നും ഉടന്‍ ബോട്ടിങ് തുടങ്ങുമെന്നും ഡി.ടി.ഡി.സി അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറെയായി. ഇതുതന്നെ ജനപ്രതിനിധികളും ഏറ്റുപറഞ്ഞിരുന്നു. ചിറയില്‍ നിറയെ പായലും മദ്യക്കുപ്പികളും പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുമാണ്. വീണ്ടും ചിറ വൃത്തിയാക്കിയാല്‍ മാത്രമേ ബോട്ടിങ് നടത്താന്‍ പറ്റുകയുള്ളൂ. യു.ഡി.എഫ് മന്ത്രിസഭാകാലത്ത്് കേന്ദ്രം പണി പൂര്‍ത്തീകരിച്ച് ബോട്ടിങ് ഉള്‍പ്പെടെയുള്ള വിനോദ ഉപാധികളുമായി പ്രവര്‍ത്തനം തുടങ്ങുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉറപ്പിച്ചുപറഞ്ഞിരുന്നതാണ്. ഓണം, കേരളപ്പിറവി, മധ്യവേനലവധി, വിഷു ഇങ്ങനെ വിശേഷ ദിവസങ്ങള്‍ വരുന്നതിനു മുന്നോടിയായി ഡി.ടിഡി.സിയും ജനപ്രതിനിധികളും വാര്‍ത്താസമ്മേളനം വിളിച്ച് കേന്ദ്രത്തിന്‍െറ ഉദ്ഘാടനം നടത്തുമെന്നു പ്രഖ്യാപിക്കുന്നത് വര്‍ഷങ്ങളായി തുടരുന്ന പ്രവണതയാണ്. കഴിഞ്ഞ അവധിക്കാലത്തും ബോട്ടിങ് ഉള്‍പ്പെടെ വിനോദപദ്ധതികള്‍ക്കു തുടക്കമിടുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. ചിറ ഉദ്ഘാടനം ചെയ്യാന്‍ പല തവണ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ തവണ പായല്‍ കോരിയതിന് ആറു ലക്ഷം രൂപ, വൈദ്യുതീകരണത്തിന് 3.6 ലക്ഷം രൂപ, നടപ്പാത നവീകരണത്തിന് 11.23 ലക്ഷം രൂപ അങ്ങനെ പോകുന്നു കണക്കുകള്‍. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഹരികിഷോര്‍, മുന്‍ ജില്ലാ കലക്ടര്‍ പ്രണവ് ജ്യോതിനാഥ്, നഗരസഭാ ചെയര്‍മാന്‍ ഉമ്മന്‍ തോമസ്, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ച നടത്തിയാണ് പലതവണ പ്രഖ്യാപനങ്ങള്‍ നടത്തിയത്. 71.80 ലക്ഷം രൂപ ചെലവഴിച്ച് കേന്ദ്രം ഉടന്‍ തുറക്കുമെന്നായിരുന്നു 2013 ജനുവരിയില്‍ പറഞ്ഞിരുന്നത്. ഇതിന് ഭരണാനുമതി ലഭിച്ചതായും പറഞ്ഞിരുന്നു. 2010 ഏപ്രില്‍ ആദ്യവാരം ബോട്ടിങ് തുടങ്ങുമെന്നാണ് ഡി.ടി.ഡി.സി അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. 2010 ജനുവരിയിലാണ് മോടിപിടിപ്പിക്കല്‍ പണികള്‍ ആരംഭിച്ചത്. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് ഡി.ടി.ഡി.സി ചുമതലയില്‍ ചെറുകിട ജലസേചന വകുപ്പാണ് പണികള്‍ നടത്തിയത്. വലിയ വള്ളത്തില്‍ 20ഓളം തൊഴിലാളികള്‍ ചേര്‍ന്നാണ് പായല്‍ നീക്കി ബോട്ടിങ്ങിന് സൗകര്യമൊരുക്കിയത്. പ്രവേശഗോപുരവും ചുറ്റുമതിലും അറ്റകുറ്റപ്പണികള്‍ നടത്തി ചായം പൂശി. നിര്‍മാണത്തകരാര്‍ മൂലം താഴേക്കിരുത്തിയ ചിറയുടെ സംരക്ഷണഭിത്തിയുടെ മുകളിലെ നടപ്പാത മണ്ണിട്ടുനികത്തി നിരപ്പാക്കി തറയോട് പാകി. ഉദ്യാനത്തിലെ കാട് വെട്ടിത്തെളിച്ചു. പിന്നീട് ഇവിടെ പൂന്തോട്ടം നിര്‍മിക്കാന്‍ നടപടികളാരംഭിച്ചെങ്കിലും പ്രാവര്‍ത്തികമായില്ല. ചിറ വീണ്ടും മാലിന്യകേന്ദ്രമായി. ചായം പൂശിയതെല്ലാം പഴയ പരുവത്തിലായി. കേന്ദ്രം നവീകരിച്ച് ബോട്ടിങ്ങും കുട്ടികളുടെ ഉദ്യാനവും തുടങ്ങാനാണ് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ 2011 നവംബറില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനമായത്. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ബോട്ടിങ്ങിനും സൗകര്യമൊരുക്കി 2012 ഏപ്രില്‍ 14ന് വിഷുസമ്മാനമായി കേന്ദ്രം തുറന്നുനല്‍കുമെന്ന് കലക്ടറുടെ അധ്യക്ഷതയില്‍ 2011 ഡിസംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. 2012 ജൂണില്‍ കേന്ദ്രം സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കുമെന്ന് പിന്നീട് പറഞ്ഞു. നവീകരണപ്പട്ടികയില്‍ പുതിയ പദ്ധതികളും ചേര്‍ത്തിട്ടുണ്ടായിരുന്നു. പൂന്തോട്ടം, കുട്ടികള്‍ക്കായി ഗ്രന്ഥശാല, ലൈറ്റ് ആന്‍ഡ് മ്യൂസിക് സൗണ്ട് ഷോ, ഫിഷറീസ് വകുപ്പിന്‍െറ നേതൃത്വത്തില്‍ അലങ്കാര മത്സ്യകൃഷിയും വിപണനവും, അക്വേറിയം തുടങ്ങിയവ സാക്ഷാത്കരിച്ച് അവധിക്കാല റിസോര്‍ട്ടായി പുതിയകാവില്‍ചിറയെ മാറ്റിയെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതോടു ചേര്‍ന്ന നഗരസഭാസ്ഥലത്ത് ഷോപ്പിങ് കോംപ്ളക്സ് പണിയാന്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ ഉമ്മന്‍ തോമസ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അടൂര്‍ എം.എല്‍.എ ആയിരുന്ന കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ ശ്രമഫലമായാണ് പുതിയകാവില്‍ചിറ വിനോദസഞ്ചാരപദ്ധതിക്കു തുടക്കമായത്. അഞ്ചേക്കര്‍ സ്ഥലത്തെ വിനോദസഞ്ചാരകേന്ദ്രത്തിന് 1.20 കോടിയുടെ പദ്ധതിക്ക് 2002ല്‍ യു.ഡി.എഫ് സര്‍ക്കാറാണ് അംഗീകാരം നല്‍കിയത്. ഭരണം മാറിയതോടെ പദ്ധതി വെളിച്ചം കാണാതെ പോവുകയായിരുന്നു. ഒന്നാം ഘട്ടമായി നിര്‍മിച്ച കെ.ടി.ഡി.സി വഴിയോരവിശ്രമ കേന്ദ്രം 2002 ജൂണില്‍ ഉദ്ഘാടനം ചെയ്തിരുന്നു. 10 മാസത്തിലേറെ അടഞ്ഞുകിടന്ന കേന്ദ്രം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇവിടം സന്ദര്‍ശിച്ച് നിര്‍ദേശം നല്‍കിയതനുസരിച്ച് വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ചെറുകിട ജലസേചന വകുപ്പും ടൂറിസം വകുപ്പും ചേര്‍ന്ന് രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് ഏഴു വര്‍ഷമാകുന്നു. വിനോദസഞ്ചാര വകുപ്പ് 59 ലക്ഷം രൂപ ചെലവഴിച്ച് മൂന്നേക്കറോളം സ്ഥലത്തെ ചളി നീക്കി തെക്കും കിഴക്കും ഭാഗങ്ങളില്‍ സംരക്ഷണഭിത്തി കെട്ടി ചിറക്കുചുറ്റും നടപ്പാത നിര്‍മിച്ചു. മൂന്നാംഘട്ടത്തില്‍ മ്യൂസിക്ഫൗണ്ടന്‍, ഓപണ്‍ എയര്‍ തിയറ്റര്‍ എന്നിവ നിര്‍മിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍ രണ്ടാംഘട്ടത്തോടെ പണികള്‍ നിലച്ചു. അനാഥമായിക്കിടന്ന കേന്ദ്രം സാമൂഹികവിരുദ്ധരുടെ താവളമായി. ചുറ്റുമുള്ള കമ്പിവേലികള്‍ പൊളിച്ച് കന്നുകാലികളെ ഉദ്യാനത്തില്‍ അഴിച്ചുവിട്ട് ചെടികള്‍ തീറ്റിച്ചു. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ഉദ്യാനം പൂര്‍ണമായും നശിച്ചു. ഇവിടുത്തെ വിളക്കുകളും നശിച്ചു. ഇതൊന്നും പുന$സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷവും ഉദ്ഘാടനത്തിനായി ഇവിടെ അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും നടത്തി ചിറ ബോട്ടിങ്ങിനായി സജ്ജമാക്കിയിരുന്നു. പതിവുപോലെ ചിറയിലെ പായല്‍ നീക്കം ചെയ്തു. തകര്‍ന്ന ടൈലുകള്‍ മാറ്റിസ്ഥാപിച്ചു. മോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും ചുറ്റുമുള്ള സംരക്ഷണഭിത്തിയും ചായം പൂശി. ശൗചാലയം നിര്‍മിച്ചു. സര്‍ക്കാര്‍ അനുവദിച്ച 71 ലക്ഷം രൂപ ചെലവിട്ട് സിഡ്കോയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മുന്‍ മന്ത്രിസഭക്കാലത്ത് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുകയും തുക അനുവദിക്കുകയും കുട്ടികളുടെ പാര്‍ക് ഭാഗികമായി നിര്‍മിക്കുകയും ചെയ്തിരുന്നു. ചിറയില്‍ കെ.ടി.ഡി.സി മോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കുടുംബശ്രീക്ക് ഭക്ഷണശാല നടത്താന്‍ വിട്ടുനല്‍കാമെന്ന് വാഗ്ദാനം നല്‍കിയവരും അതു മറന്ന മട്ടാണ്. ഇപ്പോള്‍ ഡി.ടി.ഡി.സി അധീനതയിലാണ് മോട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.