അടൂര്‍: തെരുവുനായ്ക്കള്‍ക്കും ഇരുചക്രവാഹന പാര്‍ക്കിങ്ങിനുമായി ഒരു കാത്തിരിപ്പ് കേന്ദ്രം. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മണ്ണടി ചന്തക്കവലയിലെ കാത്തിരിപ്പു കേന്ദ്രവും കടമുറിയും ഉള്‍പ്പെടെയുള്ള ഇരുനില കെട്ടിടമാണ് ജീര്‍ണാവസ്ഥയിലായിട്ടും പരിഹാരത്തിന് അധികൃതര്‍ ഒരുങ്ങാത്തത്. വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതാണ് കെട്ടിടം ഈ അവസ്ഥയിലത്തൊന്‍ കാരണം. 1988 മേയ് എട്ടിന് അന്നത്തെ എം.എല്‍.എ ആര്‍. ഉണ്ണികൃഷ്ണപിള്ളയാണ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തത്. പി. ഭാസ്കരന്‍ നായര്‍ പഞ്ചായത്ത് പ്രസിഡന്‍റും മണ്ണടി പുഷ്പാകരന്‍ വാര്‍ഡ് അംഗവും ആയിരുന്നപ്പോഴാണ് കെട്ടിടം തുറന്നത്. താഴെ കാത്തിരിപ്പ് കേന്ദ്രവും കടമുറിയും മുകള്‍നിലയില്‍ രണ്ടു മുറിയും ശൗചാലയവുമാണുള്ളത്. കെട്ടിടത്തിന്‍െറ ഭിത്തികളുടെയും മേല്‍ക്കൂരയുടെയും കോണ്‍ക്രീറ്റ് ഇളകി. മഴപെയ്യുമ്പോള്‍ ചോര്‍ന്നൊലിക്കും. മുകള്‍നിലയിലെ കട്ടിളകളും ജനാലകളും കതകുകളും ദ്രവിച്ച് ഉപയോഗയോഗ്യമല്ലാതായി. മുകള്‍ നിലയിലെ മുറികള്‍ തലക്കുളം-മണ്ണടി അന്തര്‍ സംസ്ഥാന തമിഴ്നാട് സര്‍ക്കാര്‍ വക ബസ് ജീവനക്കാര്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും രാത്രി തങ്ങുന്നതിന് നല്‍കിയിരുന്നു. കെട്ടിടം ഏതുസമയവും ഇടിഞ്ഞുവീഴാവുന്ന നിലയിലായപ്പോള്‍ അവര്‍ അവിടെ നിന്ന് ഒഴിഞ്ഞു. ഇപ്പോള്‍ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണിവിടം. മദ്യപാനവും ശീട്ടുകളിയും അനാശാസ്യവുമുണ്ട്. കാത്തിരിപ്പ് കേന്ദ്രവും മിക്കവരും ഉപയോഗിക്കാറില്ല. ഇവിടെ പുതിയ ഷോപ്പിങ് കോംപ്ളക്സ് നിര്‍മിക്കുമെന്ന ബജറ്റ് വാഗ്ദാനം നടപ്പായില്ല. ജീര്‍ണാവസ്ഥയിലായ കെട്ടിടം പൊളിച്ച് അനുയോജ്യമായ കെട്ടിടം നിര്‍മിക്കണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.