കുത്തഴിഞ്ഞ് അബാന്‍ ജങ്ഷനിലെ ഗതാഗതം

പത്തനംതിട്ട: അബാന്‍ ജങ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. കിഴക്കന്‍ മലയോര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശ കവാടമായ റിങ് റോഡിലെ ഈ കവലയില്‍ തിരക്കൊഴിഞ്ഞ നേരമില്ല. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയും റിങ് റോഡും ചേരുന്ന അബാന്‍ ജങ്ഷനില്‍ ഇരുവഴികളും തിരക്കേറിയതാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കുള്ളതിനു പുറമേ, തമിഴ്നാട്ടിലേക്കുള്ള യാത്രക്കാരും ഈ കവല കടന്നാണ് പോകേണ്ടത്. മണ്ഡലകാലത്തും മാസപൂജാസമയത്തും വാഹനത്തിരക്ക് ഏറെയാണ്. ട്രാഫിക് സിഗ്നലുണ്ടെങ്കിലും പാലിക്കേണ്ട നിയന്ത്രണങ്ങള്‍ ഇവിടെ ആരും വകവെക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. സിഗ്നല്‍ ലൈറ്റിന് മുമ്പായി റോഡില്‍ കുറുകെ വരച്ചിടേണ്ട സീബ്രാലൈന്‍ നാല് ഭാഗത്തും കാണാനില്ല. വെള്ള വരകളിലൂടെയാണ് കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കേണ്ടത്. ചുവപ്പ് ലൈറ്റ് തെളിഞ്ഞു കിടന്നാല്‍ അതിനപ്പുറത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കരുത്. സീബ്രാലൈന്‍ തെളിഞ്ഞു കാണാനില്ളെങ്കിലും നിയമവും നിയന്ത്രണവുമറിയാവുന്നവര്‍ ചുവപ്പ് തെളിഞ്ഞാല്‍ നിര്‍ത്തേണ്ടിടത്ത് വണ്ടി നിര്‍ത്തും. ആ സമയം ചില ഓട്ടോക്കാരും ബൈക്കുയാത്രക്കാരും ആദ്യം പോകാനായി മുന്നിലേക്ക് കയറും. അപ്പോള്‍ സിഗ്നല്‍ ലൈറ്റ് അവര്‍ക്ക് പിറകിലാകും. പച്ച ലൈറ്റ് ആ വണ്ടികളില്‍ ഇരിക്കുന്നവര്‍ക്ക് കാണാനാവില്ല. പിറകിലുള്ള വാഹനത്തില്‍നിന്ന് തുരുതുരാ ഹോണ്‍ ശബ്ദമുയരുമ്പോഴാണ് പച്ചകത്തിയ വിവരം അവരറിയുന്നത്. ധിറുതിക്കിടെ ചില വാഹനങ്ങള്‍ ഓഫായി പോയിട്ടുണ്ടാവാം. ഇതിനിടെ വീതികുറഞ്ഞ വഴിയിലൂടെ ഇടതുസൈഡിലൂടെ രണ്ടു വലിയ വണ്ടികൂടി കടന്നുവന്നാല്‍ ആകെ ബഹളമാവും. സിഗ്നല്‍ കാത്തുകിടന്ന മൂന്നോ, നാലോ വാഹനങ്ങള്‍ കടന്നുകഴിയുമ്പോഴേക്കും വീണ്ടും ചുവപ്പ് വീഴും. വേണ്ടത്ര പൊലീസുകാര്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടാവാറില്ല. ആകെയുള്ള ഒരാളാകട്ടെ ഒന്നും കണ്ടതായി ഭാവിക്കാറുമില്ല. നഗരത്തില്‍ പുതിയ ഗതാഗത പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ജില്ലാ പൊലീസ് മേധാവി അബാന്‍ ജങ്ഷനിലെ കുത്തഴിഞ്ഞ ട്രാഫിക്കൂടി നേരെയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.