ആറ് കുടുംബങ്ങളെ പെരുവഴിയിലാക്കി പന്തളം നഗരസഭയുടെ പാലം പണി

പന്തളം: ആറ് കുടുംബങ്ങളെ പെരുവഴിയിലാക്കി പന്തളം നഗരസഭ. കുറുന്തോട്ടയം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് പഴയ പാലത്തിന് സമീപം താമസിച്ചിരുന്ന ആറ് കുടുംബങ്ങളെയാണ് നഗരസഭ പെരുവഴിയിലാക്കിയത്. പാലം നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുത്തതോടെ ഇവിടെനിന്ന് ഒഴിയുന്ന കുടുംബങ്ങള്‍ക്ക് മൂന്ന് സെന്‍റ് ഭൂമിയും വീടുവെക്കാന്‍ രണ്ടുലക്ഷം രൂപയുമാണ് നഗരസഭ വാഗ്ദാനം ചെയ്തത്. മുട്ടാര്‍ പള്ളിക്കു സമീപം ആറ് കുടുംബങ്ങള്‍ക്കും മൂന്ന് സെന്‍റ് ഭൂമി വീതം നഗരസഭ നല്‍കി. ഒരു മാസത്തിനകം വീടുവെക്കാന്‍ നഗരസഭാ ഫണ്ടില്‍നിന്ന് പണം അനുവദിക്കാമെന്ന ഉറപ്പും നല്‍കി. കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. എന്നാല്‍, ആറുമാസം പിന്നിട്ടിട്ടും പണം നല്‍കാന്‍ നഗരസഭ തയാറാകുന്നില്ല. നഗരസഭാ അധികൃതരുടെ വാക്ക് വിശ്വസിച്ച് കിടപ്പാടം ഒഴിഞ്ഞു നല്‍കിയവരാണ് ഇപ്പോള്‍ വാടകവീടുകളെയും ബന്ധുവീടുകളെയും ആശ്രയിക്കുന്നത്. നഗരസഭ ആറ് കുടുംബംഗങ്ങള്‍ക്കും അനുവദിച്ച ഭൂമിയുടെ പട്ടയം സംബന്ധിച്ചും നടപടി ഇഴയുകയാണ്. നഗരസഭാ ചെയര്‍പേഴ്സണും സെക്രട്ടറിയും ചേര്‍ന്ന് ഒപ്പിട്ടു നല്‍കിയ രേഖ മാത്രമാണ് ഭൂമിയുടെ അവകാശം സംബന്ധിച്ച് ഇവരുടെ കൈവശമുള്ളത്. പട്ടയം അനുവദിക്കുന്നതിന് കലക്ടറോട് അഭ്യര്‍ഥിക്കാനാണ് നഗരസഭാ തീരുമാനം. ഇതുസംബന്ധിച്ചും നടപടിയായിട്ടില്ളെന്നാണ് വിവരം. പന്തളം മതിലിന്‍െറ വടക്കേതില്‍ സെയ്നുദ്ദീന്‍, ശിവന്‍, മുഹമ്മദ്, മണിയന്‍, ജലാലുദ്ദീന്‍, കൃഷ്ണന്‍ക്കുട്ടി എന്നിവരുടെ ആറ് കുടുംബങ്ങളിലായി 30ഓളം പേരെയാണ് നഗരസഭ പെരുവഴിയിലാക്കിയത്. വികലാംഗകനായ ജലാലുദ്ദീന്‍ പാലത്തിനു സമീപത്തുണ്ടായിരുന്ന പെട്ടിക്കടയില്‍നിന്നുള്ള വരുമാനംകൊണ്ടാണ് ഉപജീവനം നടത്തിവന്നത്. പാലത്തിന് സ്ഥലം ഏറ്റെടുത്തതോടെ ഉപജീവനമാര്‍ഗവും നിലച്ചു. നഗരസഭ നല്‍കിയ സ്ഥലത്ത് കടംവാങ്ങിയും പണയം വെച്ചും ആറ് കുടുംബങ്ങളും വീടിന്‍െറ അടിത്തറ കെട്ടിയിട്ടു. അടിത്തറ കെട്ടുന്നതിനു മുമ്പ് പണം നല്‍കാമെന്നായിരുന്നു നഗരസഭാ വാഗ്ദാനം. മാസങ്ങളായി ഈ കുടുംബങ്ങള്‍ നഗരസഭാ കാര്യാലയത്തില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടാകുന്നില്ളെന്നാണ് ആക്ഷേപം. പണം ഉടന്‍ അനുവദിക്കാത്തപക്ഷം നഗരസഭയില്‍ കുടില്‍ക്കെട്ടി താമസിക്കുന്നതടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് തയാറെടുക്കുകയാണ് ഈ കുടുംബങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.