റേഷന്‍ കടകളില്‍ സാധനങ്ങളുടെ അളവ് ബോര്‍ഡ് സ്ഥാപിക്കണം

പത്തനംതിട്ട: റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വിവരവും അളവും പ്രദര്‍ശിപ്പിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു. റേഷന്‍കടകളില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ അനുവദനീയമായ അളവില്‍ ലഭിക്കുന്നില്ളെന്നും ലഭ്യമാകുന്ന സാധനങ്ങളുടെ അളവ് രേഖപ്പെടുത്തിയ ബോര്‍ഡുകളില്ളെന്നുമുള്ള നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്‍റ് കടമ്മനിട്ട കരുണാകരന്‍െറ പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. വീണ ജോര്‍ജ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കോഴഞ്ചേരി തഹസില്‍ദാര്‍ സതീഷ്കുമാറിന്‍െറ സാന്നിധ്യത്തിലാണ് യോഗം നടന്നത്. കടമ്മനിട്ട, നാരങ്ങാനം ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകള്‍ പത്തനംതിട്ട ടൗണില്‍ പ്രവേശിക്കാതെ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ നേരിട്ട് എത്തുന്നതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുള്ളതായി പ്രസിഡന്‍റ് പറഞ്ഞു. ഇലന്തൂര്‍ ജങ്ഷനില്‍ ഗതാഗതക്കുരുക്ക് പൂര്‍ണമായും പരിഹരിച്ചില്ളെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സാംസണ്‍ തെക്കേതില്‍ പറഞ്ഞു. കോഴഞ്ചേരി-ആറന്മുള-നാല്‍ക്കാലിക്കല്‍-പന്തളം റോഡില്‍ രാവിലെ ഒമ്പതിനും 10നുമിടയിലും വൈകുന്നേരം നാലിനും അഞ്ചിനുമിടയിലും ബസ് ഇല്ളെന്നും ഇതിനാല്‍ എസ്.വി.ജി.വി.എച്ച്.എസിലെയും ആറന്മുള എന്‍ജിനീയറിങ് കോളജിലെയും കുട്ടികള്‍ ബുദ്ധിമുട്ടിലാണെന്നും ആറന്മുള പഞ്ചായത്ത് പ്രസിഡന്‍റ് ഐഷ പുരുഷോത്തമന്‍ പറഞ്ഞു. ഓടകളിലെ മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കണമെന്നും കുടിവെള്ള വിതരണം സുഗമമായി നടത്താന്‍ നടപടി സ്വീകരിക്കണമെന്നും വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ കര്‍ശനമായും താലൂക്ക് വികസന സമിതി യോഗത്തില്‍ പങ്കെടുക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു. ചെന്നീര്‍ക്കര പഞ്ചായത്ത് പ്രസിഡന്‍റ് കല അജിത്, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് മിനി ശ്യാം മോഹന്‍, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഗീത വിജയന്‍, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മാധവശേരില്‍, കുളനട പഞ്ചായത്ത് പ്രസിഡന്‍റ് സൂസന്‍ തോമസ്, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, താലൂക്കുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.