ഒടുവില്‍ മക്കള്‍ നിയമത്തിനു വഴങ്ങി; പുറത്താക്കിയ മാതാവിനെ ഒപ്പം കൂട്ടി

അടൂര്‍: വഴിയില്‍ ഉപേക്ഷിച്ച വൃദ്ധമാതാവിന്‍െറ സംരക്ഷണം ഒടുവില്‍ മക്കള്‍ തന്നെ ഏറ്റെടുത്തു. ഇളമണ്ണൂര്‍ അല്‍-ഹിലാല്‍ വീട്ടില്‍ ഫാരിസ ബീവിയെയാണ് (87) സബ്ഡിവിഷനല്‍ മജിസ്ട്രേറ്റ് കൂടിയായ ആര്‍.ഡി.ഒയുടെ മുന്നില്‍ മാപ്പപേക്ഷിച്ച് മക്കള്‍ കൂട്ടിക്കൊണ്ടു പോയത്. ഫാരിസ ബീവിയെ വഴിയില്‍ ഉപേക്ഷിച്ച കേസില്‍ നാലു മക്കളെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏനാദിമംഗലം ഇളമണ്ണൂര്‍ നിഷാദ് മന്‍സില്‍ കെ.എസ്.ആര്‍.ടി.സി റിട്ട. ഉദ്യോഗസ്ഥന്‍ ഹാലിദ്കുട്ടി (70), അല്‍ഹിലാലില്‍ സവാദ്കുട്ടി (62), സലീന മന്‍സില്‍ സുലൈഖ ബീവി (72), കുറുമ്പകര അമീനമന്‍സില്‍ ഷറീഫ (50) എന്നിവരെയാണ് അടൂര്‍ എസ്.ഐ ആര്‍. മനോജ്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വിദേശത്തു ജോലി ചെയ്യുന്ന ഇളമണ്ണൂര്‍ അല്‍-നുജൂമില്‍ കബീര്‍കുട്ടി, രോഗശയ്യയിലായ സുഹറ ബീവി എന്നീ മക്കള്‍ക്കെതിരെയും കേസെടുത്തിരുന്നു. വയോജന നിയമപ്രകാരം ആര്‍.ഡി.ഒയും കേസെടുത്തിരുന്നു. ലീഗല്‍ സര്‍വിസ് സൊസൈറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ആര്‍. ജയകൃഷ്ണന്‍െറ നേതൃത്വത്തിലും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രീത രമേശും ഏഴംകുളം മുസ്ലിം ജമാഅത്ത്് ഭാരവാഹികളും പ്രശ്നത്തില്‍ ഇടപെട്ടു. കായംകുളം-പത്തനാപുരം സംസ്ഥാനപാതയില്‍ ഇരുപത്തിമൂന്നാം മൈല്‍ കവലയില്‍ ഓട്ടോയില്‍നിന്ന് റോഡില്‍ വൃദ്ധയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയ നാട്ടുകാര്‍ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ മനോജിന്‍െറ നേതൃത്വത്തില്‍ എത്തിയ സംഘം കൂട്ടിക്കൊണ്ടുവന്ന് മൊഴിവാങ്ങി കേസെടുത്ത ശേഷം ഹോളിക്രോസ് ജങ്ഷനിലുള്ള വൃദ്ധസദനത്തില്‍ എത്തിക്കുകയായിരുന്നു. അടൂര്‍ കോടതിയിലെ അദാലത്തില്‍ ഫാരിസ ബീവിയുടെ മക്കളായ ഹാലിദ്കുട്ടി, സവാദ്കുട്ടി, സുഹറ ബീവി, ഷരീഫ എന്നിവര്‍ അദാലത്തില്‍ ഹാജരായി. മക്കളെല്ലാം ചേര്‍ന്ന് മരണംവരെ മാതാവിന്‍െറ സംരക്ഷണം ഉറപ്പുവരുത്തുന്ന സംരക്ഷണപത്രം എഴുതി നല്‍കി. കബീര്‍കുട്ടിക്കു വേണ്ടി ഭാര്യ നസീമയാണ് പത്രത്തില്‍ ഒപ്പിട്ടത്. കുടുംബത്തില്‍ ആരും ഫാരിസ ബീവിയെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുകയില്ളെന്നും ഇവര്‍ സത്യവാങ്മൂലം നല്‍കി. ഇളമണ്ണൂര്‍ അല്‍-ഹിലാലില്‍ സവാദ്കുട്ടിയുടെ വീട്ടിലാണ് ഫാരിസ ബീവി. പിന്നീട് മറ്റു മക്കളുടെ വീടുകളിലും പാര്‍പ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.