റാന്നി: ചെമ്പന്മുടിമലയിലെ ക്രഷര്‍ മാഫിയക്കെതിരെ സമരം നയിക്കുന്ന നേതാക്കളെ ശല്യക്കാരായി ചിത്രീകരിച്ച് തിരുവല്ല ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. നാറാണംമൂഴി പഞ്ചായത്ത് അംഗവും സമരസമിതി കണ്‍വീനറുമായ ഷാജി പതാലില്‍ അടക്കം 10 പേര്‍ക്കെതിരെയാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതിന്‍പ്രകാരം 21ന് കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ചു തിരുവല്ല ആര്‍.ഡി.ഒ നോട്ടീസ് സമരസമിതി നേതാക്കള്‍ക്ക് ലഭിച്ചു. ഹാജരായില്ളെങ്കില്‍ 107ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുകയും നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുവെന്നു കാട്ടിയാണ് ഇവര്‍ക്കെതിരെ പൊലീസ് ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കേസിലൂടെ അതിജീവന സമരം തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് നാട്ടുകാര്‍. ഇതിനുള്ള നീക്കം ചെറുക്കുമെന്ന് കെ.പി.സി.സി സെക്രട്ടറി പഴകുളം മധു പറഞ്ഞു. പൊലീസ് നടപടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പൊലീസ് നടപടിയില്‍ ഹരിത സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. നടപടിക്കെതിരെ മനുഷ്യാവകാശ കമീഷന് പരാതി നല്‍കും. പാറമട ഉടമകളും പൊലീസും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഷാജി മാത്യു അധ്യക്ഷതവഹിച്ചു. രാജേന്ദ്രന്‍ വയല, എസ്. അഫ്സല്‍, റെജി പ്ളാന്തോട്ടം, സജി ഇടിക്കുള, മാത്യൂസ് തോമസ്, ജോബി മണ്ണാരക്കുളഞ്ഞി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.