കുട്ടിയാനകളെ മൃഗശാലയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തില്‍ പ്രതിഷേധം

കോന്നി: കോന്നി ആനത്താവളത്തിലെ കുട്ടിയാനകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇത്തരം നീക്കം നടക്കുന്നത് സംബന്ധിച്ച വാര്‍ത്ത 10ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത വന്നതോടെ പ്രതിഷേധ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. കൂടാതെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രതിഷേധവുമായി രംഗത്തത്തെി.അടവി, ടൂറിസം പദ്ധതികളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞദിവസങ്ങളില്‍ മുതിര്‍ന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ രഹസ്യ യോഗം നടത്തി പോയതിനുശേഷമാണ് കോന്നിയിലെ കുട്ടിയാനകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുപോകല്‍ തീരുമാനം അവസാനഘട്ടത്തിലേക്ക് എത്തിയത്. ആര്‍. ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ആനയെ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു. പിന്നീട് ദിവസങ്ങള്‍ക്കുശേഷം രാത്രിയുടെ മറവിലാണ് ആനകളെ കൊണ്ടുപോയത്. അതിനുശേഷം സംയുക്ത എന്ന പിടിയാനയെ പോര്‍ച്ചുഗല്‍ സര്‍ക്കാറിന് ഇന്ത്യയുടെ സമ്മാനമായി നല്‍കി. ഏറ്റവും അവസാനം കഴിഞ്ഞവര്‍ഷം പിടിയാനയെ തിരുവനന്തപുരത്ത് കൊണ്ടുപോയി. അത് മാസങ്ങള്‍ പിന്നിട്ടുകഴിഞ്ഞപ്പോള്‍ അത് ചെരിയുകയും ചെയ്തു.കോന്നിയിലെ ആനകള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതിരിക്കെ കൊണ്ടുപോകുന്നതിനോട് യോജിപ്പില്ളെന്ന് സി.പി.ഐ കോന്നി നിയോജകമണ്ഡലം അസി. സെക്രട്ടറി കെ. ശിവദാസ് പറഞ്ഞു. കോന്നിയിലെ ഇക്കോ ടൂറിസം പദ്ധതികള്‍ തകര്‍ക്കാന്‍ അനുവദിക്കില്ല. കോന്നി ആനത്താവളത്തിലെ ആനകളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തെകുറിച്ച് അടുത്തദിവസം തന്നെ പാര്‍ട്ടി നേതൃത്വം ചര്‍ച്ചചെയ്യുമെന്നും ശിവദാസ് അഭിപ്രായപ്പെട്ടു. കോന്നി ഇക്കോ ടൂറിസം പദ്ധതി തകര്‍ക്കുന്ന തീരുമാനത്തോട് യോജിപ്പില്ളെന്നും ആനകളെ കൊണ്ടുപോകാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കുമെന്നും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്‍റ് ദീപകുമാര്‍ പറഞ്ഞു. കോന്നി ഇക്കോ ടൂറിസത്തിന്‍െറ പ്രധാന ആകര്‍ഷണമായ കുട്ടിയാനകളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ ഒരു കാരണവശാലും അനുവദിക്കില്ളെന്ന് യു.ഡി.എഫ് കോന്നി നിയോജകമണ്ഡലം കണ്‍വീനര്‍ എസ്. സന്തോഷ്കുമാര്‍ പറഞ്ഞു. അടവി ഇക്കോ ടൂറിസം പദ്ധതികളെ തകര്‍ക്കാനാണ് വനംമന്ത്രിയും കോന്നി ഡി.എഫ്.ഒയും ചേര്‍ന്ന് ശ്രമം നടത്തുന്നത്. ഇതിനെ എന്തുവിലകൊടുത്തും നേരിടും. കോന്നി എം.എല്‍.എ അടൂര്‍ പ്രകാശ് കൊണ്ടുവന്ന വികസന പദ്ധതികളെ തകര്‍ക്കാനാണ് മന്ത്രി-ഉദ്യോഗസ്ഥതലത്തില്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.