ഹിരണ്യനല്ലൂര്‍ മഹാദേവര്‍ ക്ഷേത്ര ശ്രീകോവില്‍ കത്തിനശിച്ച സംഭവം: ദുരൂഹത നീങ്ങിയില്ല

അടൂര്‍: അതിപുരാതനമായ പള്ളിക്കല്‍ ഇളംപള്ളില്‍ ഹിരണ്യനല്ലൂര്‍ മഹാദേവര്‍ ക്ഷേത്ര ശ്രീകോവില്‍ പൂര്‍ണമായും കത്തിനശിച്ച് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ദുരൂഹത നീങ്ങിയില്ല. അന്വേഷണം നിലച്ച മട്ടാണ്. അപൂര്‍വമായ ഗര്‍ഭഗൃഹ വട്ടശ്രീകോവിലാണ് കത്തിനശിച്ചത്. 2014 സെപ്റ്റംബര്‍ 19ന് പുലര്‍ച്ചെ 5.15ന് ക്ഷേത്രമേല്‍ശാന്തി അരുണ്‍ ഭട്ടതിരി ക്ഷേത്രത്തിലത്തെിയപ്പോള്‍ ശ്രീകോവിലിന്‍െറ ഭാഗത്തുനിന്ന് പുക ഉയരുന്നതു ശ്രദ്ധയില്‍പെടുകയും അദ്ദേഹം ചുറ്റമ്പലത്തിലെ തിടപ്പള്ളി വാതില്‍ ചവുട്ടിത്തുറന്ന് അകത്തുകടന്നപ്പോഴാണ് ശ്രീകോവില്‍ മുഴുവന്‍ കത്തിയമര്‍ന്നതു കണ്ടതെന്നുമാണ് പറഞ്ഞിരുന്നത്. മേല്‍ശാന്തിയാണ് ക്ഷേത്ര മാനേജറെ വിവരം അറിയിച്ചത്. കിഴക്കോട്ട് ദര്‍ശനമുള്ള മഹാദേവ പ്രതിഷ്ഠയും പടിഞ്ഞാറോട്ട് ദര്‍ശനമുള്ള പാര്‍വതീദേവി പ്രതിഷ്ഠയുമാണ് ഇവിടെയുള്ളത്. അടൂരില്‍നിന്ന് അഗ്നിശമനസേന എത്തിയാണ് തീനിയന്ത്രിച്ചത്. മഹാദേവ പ്രതിഷ്ഠക്കു മുന്നിലെ കെടാവിളക്ക് അണയുകയോ കെടാവിളക്കില്‍നിന്ന് തീ പടരുകയോ ചെയ്തിരുന്നില്ല. തലേദിവസം വിഗ്രഹത്തില്‍ ചാര്‍ത്തിയ പൂമാല കരിയുകയോ ഉടയാടക്കു തീപിടിക്കുകയോ ചെയ്തിരിക്കുകയോ ചെയ്യാതിരിയുന്നത് സംശയത്തിന് ഇടവരുത്തുന്നതായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. അതേസമയം, ചുറ്റമ്പലത്തിലെ നാലുവശവുമുള്ള വാതിലുകള്‍ പൂട്ടിക്കിടക്കുകയായിരുന്നു. ശ്രീകോവിലിനുള്ളിലെ പാര്‍വതിദേവി പ്രതിഷ്ഠയുടെ നടുഭാഗം രണ്ടായി മുറിഞ്ഞിരുന്നു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുകയും കേസ് അന്വേഷണം ഊര്‍ജിതമാകുമെന്ന് വകുപ്പ് മന്ത്രി ഉറപ്പും നല്‍കിയിരുന്നു. അടൂര്‍ ഡിവൈ.എസ്.പിക്കായിരുന്നു അന്വേഷണ ചുമതല. വിരലടയാള വിദഗ്ധരും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും തെളിവെടുപ്പിന് എത്തിയിരുന്നു. അന്വേഷണം തൃപ്തികരമാകാത്തതിനെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ നിരാഹാരസമരവും നടത്തിയിരുന്നു. നിയമസഭ മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവിടെയത്തെി പലരെയും ചോദ്യം ചെയ്തു പോയതല്ലാതെ ഫലമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.