സീതത്തോട് മുണ്ടന്‍പാറയില്‍ വീണ്ടും പുലിയിറങ്ങി

ചിറ്റാര്‍: ജനങ്ങളുടെ സൈ്വരജീവിതം ഇല്ലാതാക്കി സീതത്തോട് മുണ്ടന്‍പാറയില്‍ വീണ്ടും പുലിയിറങ്ങി. തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പോത്തുകിടാവിനെ പുലിപിടിച്ചു. തെക്കുംകോവില്‍ കുട്ടപ്പന്‍പിള്ളയുടെ പോത്തുകിടാവിനെയാണ് തിങ്കളാഴ്ച രാത്രിയോടെ പുലിപിടിച്ചത്. കിടാവിന്‍െറ ശബ്ദംകേട്ട് ലൈറ്റ് ഇട്ടുനോക്കിയ കുട്ടപ്പന്‍പിള്ള പോത്തു കിടാവിനെയും വലിച്ചുകൊണ്ടുപോകുന്ന പുലിയെയാണ് കണ്ടത്. ഉടന്‍തന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി രാത്രിയില്‍തന്നെ പുലിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കുറേ ദൂരെ മാറി പോത്തുകിടാവിനെ ഉപേക്ഷിച്ച് പുലി തൊട്ടടുത്ത കാട്ടിലേക്ക് മറഞ്ഞു. ചൊവ്വാഴ്ച രാവിലെ വനപാലകര്‍ എത്തി പുലിയുടെ കാല്‍പ്പാടുകളാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം തൊട്ടടുത്ത പ്രദേശമായ കോട്ടപ്പാറയിലെ ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങിയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് ഇവിടെ പുലിയിറങ്ങിയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ജനവാസ കേന്ദ്രത്തില്‍ പുലിയത്തെിയതോടെ ഇവിടെയുള്ള പ്രദേശവാസികളുടെ സൈ്വരജീവിതത്തെ ബാധിച്ചെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പുലിക്കെണിയൊരുക്കി പുലിയെ പിടികൂടണം എന്നാണ് ഇവരുടെ ആവശ്യം. ഈ പ്രദേശത്തെ വനാതിര്‍ത്തികളില്‍ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കാനുള്ള വേലികളൊ കിടങ്ങുകളൊ ഇല്ലാത്തതാണ് വന്യമൃഗങ്ങള്‍ ഇവിടങ്ങളില്‍ ഇറങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.