ഇടതുപക്ഷം ദേശത്തിനെതിരായിരുന്നുവെന്ന് ആര്‍.എസ്.എസ്

പത്തനംതിട്ട: ഇടതുപക്ഷം എല്ലാക്കാലത്തും ദേശത്തിനെതിരായിരുന്നുവെന്നും കേരളം മാറിമാറി ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളാണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ആര്‍.എസ്.എസ് സഹപ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍. വിജയദശമി മഹോത്സവത്തിന്‍െറ ഭാഗമായി ആര്‍.എസ്.എസ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇപ്പോഴും ഇടതുപക്ഷം അതേ നിലപാട് തുടരുന്നു. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ആരാധനാ സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെടുന്നു. ഒരു മതവിഭാഗത്തെയും സംഘടിപ്പിക്കാന്‍ ആര്‍.എസ്.എസ് ശ്രമിച്ചിട്ടില്ല. നിശ്ശബ്ദ പ്രവര്‍ത്തനത്തിലൂടെ ദേശസ്നേഹം ജനമനസ്സുകളില്‍ പകര്‍ന്നുനല്‍കാനാണ് ശ്രമിക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങളുള്‍ക്കൊണ്ടാണ് പ്രവര്‍ത്തനം 90വര്‍ഷം പിന്നിട്ടത്. പ്രകൃതിദുരന്തത്തിലും യുദ്ധമുഖത്തും പ്രവര്‍ത്തകരുടെ നിസ്വാര്‍ഥ സേവനം മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരും അംഗീകരിക്കുന്നു- അദ്ദേഹം പറഞ്ഞു. റിട്ട.സബ് രജിസ്ട്രാര്‍ എം.എ. കബീര്‍ അധ്യക്ഷത വഹിച്ചു. ശബരിഗിരി വിഭാഗ് സംഘ്ചാലക് സി.പി. മോഹനചന്ദ്രന്‍, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍, ജില്ലാ സംഘ്ചാലക് പി.കെ. രാമചന്ദ്രന്‍, വിഭാഗ് സഹകാര്യവാഹ് ആര്‍. പ്രദീപ്, വിഭാഗ് കാര്യകാരി സദസ്യന്‍മാരായ എന്‍.ജി. രവീന്ദ്രന്‍, പി. സുനില്‍, കെ. സന്തോഷ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ കാര്യവാഹ് എന്‍. വേണു സ്വാഗതവും ജില്ലാ സഹകാര്യവാഹ് ബി. സുരേഷ് നന്ദിയും പറഞ്ഞു.പൊതുപരിപാടിക്ക് മുന്നോടിയായി ജില്ലാ സ്റ്റേഡിയത്തില്‍ നിന്നും കുമ്പഴ ചന്ത മൈതാനിയില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനങ്ങള്‍ അബാന്‍ ജങ്ഷനില്‍ സംഗമിച്ച് സമ്മേളന നഗരിയില്‍ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.