പന്തളം: തുടര്‍ച്ചയായ അവധിദിനങ്ങളുടെ മറവില്‍ മണ്ണുമാഫിയ കുന്നുകള്‍ ഇടിച്ചുനിരത്തി വയലുകള്‍ കരഭൂമിയാക്കി മാറ്റുന്നു. പന്തളത്ത് പന്നിവേലിക്കല്‍, പറന്തല്‍, കുരമ്പാല ഭാഗങ്ങള്‍ കേന്ദ്രീകരിച്ചിച്ചാണ് ശനിയാഴ്ച മുതല്‍ തുടങ്ങിയ തുടര്‍ച്ചയായ അഞ്ചുദിവസത്തെ അവധിദിനങ്ങള്‍ മുതലാക്കി മണ്ണുമാഫിയ വിലസുന്നത്. വ്യാപകതോതിലാണ് കുന്നിടിച്ച് നിരപ്പാക്കുന്നതും ഈ മണ്ണ് വയലുകളില്‍ നിക്ഷേപിക്കുന്നതും. എം.സി റോഡിന്‍െറ വശങ്ങളിലുള്ള വയലുകള്‍ നികത്തിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. തുടര്‍ച്ചയായ അവധി ദിനങ്ങളായതിനാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പലരും നാട്ടില്‍ തന്നെ ഇല്ലാത്തത് മാഫിയക്ക് അനുഗ്രഹമാകുന്നു. പല റവന്യൂ ഉദ്യോഗസ്ഥരും മണ്ണ് മാഫിയകളുടെ സഹായത്തോടെയാണ് വിനോദസഞ്ചാരത്തിനു പോയതെന്നും ആക്ഷേപം ശക്തമാണ്. കഴിഞ്ഞ അവധിദിനങ്ങളില്‍ എം.സി റോഡില്‍ പറന്തലിനു സമീപം വയല്‍ നികത്തിയത് നാട്ടുകാര്‍ തടഞ്ഞു. അനധികൃത പാസ് കാട്ടിയാണ് പലപ്പോഴും മണ്ണുമാഫിയ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നത്. ഹൈകോടതി സംരക്ഷണം ഉണ്ടെന്നടക്കം പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് മാഫിയകകള്‍ വന്‍തോതില്‍ പച്ചമണ്ണ് കടത്തുന്നത്. ഗ്രാമീണ മേഖലയില്‍ വീടുവെക്കാന്‍ 10 സെന്‍റ് നിലം നികത്താന്‍ അനുമതി ലഭിക്കുന്നതിന്‍െറ മറവിലാണ് അളവില്‍ കൂടുതല്‍ വയല്‍ നികത്തല്‍ നടക്കുന്നത്. വീടുവെക്കാന്‍ മറ്റ് സ്ഥലം ഇല്ലാത്തവര്‍ക്ക് വീടുവെക്കാന്‍ കഴിയുന്ന തരത്തില്‍ ഭൂമി നിരപ്പാക്കാന്‍ 10 സെന്‍റുവരെ പച്ചമണ്ണ് നീക്കം ചെയ്യാന്‍ അധികൃതര്‍ നല്‍കുന്ന അനുമതിയുടെ മറവില്‍ ഏക്കര്‍ കണക്കിന് ഭൂമിയിലെ മണ്ണാണ് നീക്കം ചെയ്യുന്നത്. റവന്യൂ അധികാരികള്‍ അളന്ന് തിട്ടപ്പെടുത്തി നല്‍കുന്ന സ്ഥലത്തെ മണ്ണ് മാത്രമേ നീക്കം ചെയ്യാവൂ എന്നാണ് ചട്ടം. റവന്യൂ അധികൃതര്‍ പലപ്പോഴും മണ്ണ് നീക്കം ചെയ്യുന്ന സ്ഥലം കാണാറേയില്ല എന്നതാണ് യാഥാര്‍ഥ്യം. മേല്‍മണ്ണ് മാത്രം നീക്കം ചെയ്യാനാണ് അനുമതി നല്‍കുന്നത്. ഇതിന്‍െറ മറവില്‍ 10ഉം 15ഉം അടിയില്‍ താഴ്ചയിലാണ് പലയിടത്തും മണ്ണ് നീക്കുന്നത്. അനിയന്ത്രിതമായ മണ്ണുനീക്കം വരും ദിവസങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാക്കുമെന്ന പേടിയിലാണ് നാട്ടുകാര്‍. അവധി ദിനങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ല എന്ന വ്യവസ്ഥയിലാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അധികൃതര്‍ പാസ് അനുവദിക്കുന്നത്. ഈ വ്യവസ്ഥയുമാണ് മാഫിയ ഇപ്പോള്‍ ലംഘിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.