എ.ഐ.വൈ.എഫ് നേതാവിനുനേരെ ആക്രമണം

അടൂര്‍: അടൂരില്‍ എ.ഐ.വൈ.എഫ് നേതാവിനുനേരെ ആക്രമണം. ശനിയാഴ്ച രാത്രി ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ്.ഐ സംഘര്‍ഷത്തിന്‍െറ ബാക്കിയാണ് ഞായറാഴ്ചയുണ്ടായ ആക്രമണത്തിനുപിന്നിലെന്ന് കരുതുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പറക്കോട് നഗരസഭ ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും ജില്ല സെക്രട്ടറിയും അഭിഭാഷകനുമായ ആര്‍. ജയനെയാണ് മൂന്നംഗസംഘം ആക്രമിച്ചത്. അടൂര്‍ ബസ്സ്റ്റാന്‍ഡിന് എതിര്‍വശം ഒരു കക്ഷിമുമായി സംസാരിച്ചശേഷം മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിലേക്കുള്ള വഴിയിലേക്ക് കയറിയപ്പോള്‍ തന്‍െറ സ്കൂട്ടിറിന് മുന്നിലേക്ക് ചിലര്‍ ചാടിവീണ് സ്കൂട്ടര്‍ തടഞ്ഞ് കൈയേറ്റം ചെയ്ത് തെള്ളിമറിച്ചിടുകയായിരുന്നെന്ന് ജയന്‍ പറയുന്നു. ഇതിനിടെ ഒരാള്‍ വടിവാള്‍ ഉപയോഗിച്ചു വെട്ടാന്‍ ആഞ്ഞപ്പോള്‍ ആശുപത്രിയിലേക്കുകയറി രക്ഷപ്പെട്ടു. ഇതുസംബന്ധിച്ച് അടൂര്‍ പൊലീസില്‍ ജയന്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച അടൂരില്‍ ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ് സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്.ഐ നേതാവിന് പരിക്കേറ്റിരുന്നു. ഡി.വൈ.എഫ്.ഐ അടൂര്‍ ഏരിയ സെക്രട്ടേറിയറ്റ് അംഗം അനസ് മുഹമ്മദിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഇരുകൂട്ടരിലുംപെട്ടവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചിലര്‍ ഇടപെട്ട് തടയുകയും ചെയ്തിരുന്നു. ഈ തര്‍ക്കം പറഞ്ഞുതീര്‍ക്കാനാണ് ശനിയാഴ്ച രാത്രി 7.30ന് ഡി.വൈ.എഫ്.ഐ ഏരിയ നേതാക്കള്‍ സി.പി.ഐ ഓഫിസില്‍ എത്തിയത്. ഇതിനിടെ സി.പി.ഐ ഓഫിസിന് മുന്‍വശത്ത് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇരു വിഭാഗത്തിലുംപെട്ടവരില്‍ ചിലര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡി.വൈ.എഫ്.ഐക്കാര്‍ രാത്രി പന്നിവിഴ കോട്ടപ്പുറത്തുള്ള എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്‍റ് അഖിലിനെ അക്രമിക്കാനത്തെി. അഖില്‍ അക്രമത്തില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും വീട്ടില്‍ കയറി പിതാവിനെ അസഭ്യം പറയുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സി.പി.ഐ യുവജന വിഭാഗം നേതാവിനെ നടുറോഡില്‍ വടിവാളുമായി ഒരുവിഭാഗം നേരിട്ടത്. ഇതുസംബന്ധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ രണ്ട് കേസുകളും എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ പേരില്‍ ഒരു കേസും എടുത്തതായി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.