ഏനാദിമംഗലം സര്‍ക്കാര്‍ ആശുപത്രിക്ക് ഇല്ലായ്മകള്‍ മാത്രം

അടൂര്‍: ഗ്രാമവാസികള്‍ക്ക് ആശാകേന്ദ്രമായ ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ആരോഗ്യവകുപ്പ് അവഗണന തുടരുന്നു. ഇവിടെയുള്ള സൗകര്യങ്ങള്‍പോലും പ്രയോജനപ്പെടുത്താത്ത സ്ഥിതിയാണ്. ഫിസിഷ്യന്‍, ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ധന്‍, ശസ്ത്രക്രിയ വിദഗ്ധന്‍ എന്നിവരുള്‍പ്പെടെ ഏഴ് ഡോക്ടര്‍മാരാണ് വേണ്ടത്. എന്നാല്‍, ഈ ഗണത്തില്‍പെട്ട ആരും ഇവിടെയില്ല. ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്ക് ഭരണകാര്യങ്ങളും കോണ്‍ഫറന്‍സുകളുമൊക്കെ ഒഴിഞ്ഞിട്ട് ഒ.പി നോക്കാന്‍ സമയമില്ല. താല്‍ക്കാലികവും സ്ഥിരവുമായ ആറ് ഡോക്ടര്‍ ഇവിടെയുണ്ടെങ്കിലും രണ്ടോ മൂന്നോ ഡോക്ടര്‍മാര്‍ മാത്രമേ മിക്ക ദിവസവും ഒ.പിയില്‍ ഉണ്ടാവൂ. ഒ.പി കഴിഞ്ഞാല്‍ ഡോക്ടര്‍മാരെല്ലാം ദൂരസ്ഥലത്തുള്ള അവരുടെ വീടുകളിലേക്കുപോകും. ഡോക്ടര്‍മാര്‍ വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ പരിധിയിലെ പ്രാഥമികാരോഗ്യ കേന്ദങ്ങളില്‍ ഡ്യൂട്ടിക്ക് പോകുമ്പോള്‍ ഇവിടെ വരുന്ന രോഗികളുടെ കാര്യം കഷ്ടത്തിലാകും. വര്‍ഷങ്ങളായി ഐ.പി വിഭാഗം കാര്യക്ഷമമല്ലാതായിട്ട്. 24 കിടക്കകളുള്ള ഐ.പി വിഭാഗത്തിലെ രോഗികളെ പരിശോധിക്കാന്‍ രാത്രി ഡോക്ടറില്ല. ഡോക്ടര്‍മാര്‍ക്ക് ക്വാര്‍ട്ടേഴ്സ് സൗകര്യം ഉണ്ടെങ്കിലും സ്ഥിതി ദയനീയമാണ്. മിക്ക ക്വാര്‍ട്ടേഴ്സുകളും ചോര്‍ന്നൊലിക്കുന്നവയാണ്. ഇവിടെ ഡോക്ടര്‍മാര്‍ താമസിക്കാറില്ല. ഇരനൂറിലേറെ രോഗികള്‍ ദിനേന ഒ.പിയില്‍ എത്തുന്നുണ്ട്. ജീവനക്കാരുടെ കുറവും ആശുപത്രിയുടെ ദിനേന പ്രവര്‍ത്തനത്തെ ബാധിക്കുന്നു. സ്റ്റാഫ് നഴ്സ് എട്ടുപേരുള്ളതില്‍ ഒരാള്‍ പ്രസവാവധിയിലും മറ്റൊരാള്‍ വാഹനാപകടത്തില്‍പെട്ട് നീണ്ട അവധിയിലുമാണ്. രണ്ടുപേര്‍ ശബരിമല ഡ്യൂട്ടിക്കുപോയി. പകല്‍ മൂന്നുപേരും രാത്രി ഒരു നഴ്സുമാണ് ഉള്ളത്. നഴ്സിങ് അസിസ്ന്‍റ്-രണ്ട്, സെക്കന്‍ഡ് ഗ്രേഡ് (അറ്റന്‍ഡര്‍)-രണ്ട്, ഫാര്‍മസിസ്റ്റ്-രണ്ട്, പാര്‍ട്ട് ടൈം സ്വീപ്പര്‍-രണ്ട് എന്നിങ്ങനെയാണ് ജീവനക്കാരുടെ എണ്ണം. ലാബ് ടെക്നീഷ്യന്‍ രണ്ടുപേരില്‍ ഒരാള്‍ താല്‍ക്കാലിക നിയമനത്തില്‍ വന്നതാണ്. 10 ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാരും ഒരു സൂപ്പര്‍വൈസറും പബ്ളിക് ഹെല്‍ത്ത് നഴ്സും ഹെല്‍ത്ത് ഇന്‍സ്പെക്ടറും സൂപ്പര്‍വൈസറും ആറ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ഫീല്‍ഡ് പ്രവര്‍ത്തനത്തിനുണ്ട്. പണി പൂര്‍ത്തിയായി വര്‍ഷങ്ങളായിട്ടും ഓപറേഷന്‍ തിയറ്റര്‍, ലേബര്‍ റൂം, പ്രസവ വാര്‍ഡ് എന്നിവ ആരംഭിച്ചില്ല. ഓപറേഷന്‍ തിയറ്റര്‍ സ്റ്റോറായി ഉപയോഗിക്കുകയാണ്. പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡ് കെട്ടിടത്തിലാണ് പ്രതിരോധ കുത്തിവെപ്പ് യൂനിറ്റ്. പ്രസവവാര്‍ഡ് അടുത്തിടെ ആരോഗ്യവിഭാഗം ഓഫിസാക്കി മാറ്റി. ഒ.പി പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടം ജീര്‍ണാവസ്ഥയിലാണ്. ഏറെ പഴക്കമില്ലാത്തതും ഐ.പി പ്രവര്‍ത്തിക്കുന്നതുമായ കെട്ടിടവും ചോര്‍ന്നൊലിച്ച് ജീര്‍ണാവസ്ഥയിലാണ്. ഇതിനു മുകളില്‍ 2013-2014 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച രണ്ടാംനില ജറിയാട്രിക് കെയര്‍ വിഭാഗമായാണ് അറിയപ്പെടുന്നതെങ്കിലും കുത്തനെ പടികളുള്ള രണ്ടാംനിലയില്‍ രോഗികള്‍ക്ക് എത്തിപ്പടാന്‍ പ്രയാസമായതിനാല്‍ ഉദ്ഘാടനത്തത്തെുടര്‍ന്ന് ഇത് അടച്ചിട്ടിരിക്കുകയാണ്. കെട്ടിടത്തിന്‍െറ ജനാലചില്ലുകള്‍ മിക്കതും തകര്‍ന്ന നിലയിലാണ്. ആശുപത്രിയില്‍ വൈദ്യുതി നിലച്ചാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. ഐ.പി വിഭാഗത്തിനും ലബോറട്ടറിക്കും വേണ്ടിയുള്ള ജനറേറ്റര്‍ ഉപയോഗശൂന്യമായി പ്രത്യേക മുറിയില്‍ വിശ്രമിക്കുകയാണ്. നഴ്സിങ് റൂമില്‍ ഒരു എമര്‍ജന്‍സി ലാംപ് മാത്രമാണ് ഉള്ളത്. ആശുപത്രിയില്‍ പ്രത്യേക വിഭാഗം ഡോക്ടര്‍മാരുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ജനപ്രതിനിധികള്‍ അനാസ്ഥ കാട്ടുന്നതായാണ് പരക്കെയുള്ള ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.