അടൂരില്‍ മൂടിയില്ലാ ഓടകള്‍ ഭീഷണിയാകുന്നു

അടൂര്‍: നടപ്പാതയുടെ മേല്‍മൂടികള്‍ തകര്‍ന്നത് മാറ്റി സ്ഥാപിക്കാന്‍ നടപടിയില്ല. ഏറെ തിരക്കുള്ള അടൂര്‍ ഹൈസ്കൂള്‍ കവല മുതല്‍ പറക്കോട് ഹൈസ്കൂള്‍ കവലവരെയാണ് മേല്‍മൂടിയില്ലാത്ത ഓടകള്‍ കാല്‍നടക്കാര്‍ക്ക് ഭീഷണിയാകുന്നത്. എം.സി റോഡിന്‍െറയും കായംകുളം-പത്തനാപുരം സംസ്ഥാന പാതയുടെയും വികസനത്തിനിടെ പാത ഓടയുടെ മേല്‍മൂടിയുടെ നിരപ്പിലേക്ക് ഉയര്‍ന്നു. ഇതോടെ ടണ്‍ കണക്കിനു ഭാരം വഹിച്ചുവരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ ഓടയുടെ മേല്‍മൂടിക്കു മുകളില്‍ കയറ്റി നിര്‍ത്തിയാണ് സ്ളാബുകള്‍ വ്യാപകമായി തകര്‍ന്നത്. പറക്കോട് ചന്തക്കവലയില്‍ ഓടയില്‍ വീണു ഗുരുതര പരിക്കേറ്റ് വ്യാപാരി മരിക്കാനിടയായിട്ടും മേല്‍മൂടിയിടാന്‍ പൊതുമരാമത്ത് അധികൃതര്‍ തയാറായില്ല. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന അടൂര്‍ ഹൈസ്കൂള്‍ കവലയില്‍ കായംകുളം ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്നിടത്തെ ഓടയുടെ സ്ളാബ് തകര്‍ന്നിട്ട് മാസങ്ങളായിട്ടും പുതിയത് സ്ഥാപിക്കാന്‍ നടപടിയില്ല. ഇതിനകം ഒരു ഡസന്‍ പേര്‍ ഓടയില്‍ കാല്‍വഴുതി വീണു. കരുവാറ്റ ഗവ. എല്‍.പി.എസ്, ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കേരള സര്‍വകലാശാല യു.ഐ.ടി, ഐ.ടി.സി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും മറ്റു യാത്രക്കാരും ബസ് കാത്തുനില്‍ക്കുന്നതും ബസില്‍ നിന്നിറങ്ങുന്നതും ഇവിടെയാണ്. ഹോളിക്രോസ് കവല, ഫയര്‍ സ്റ്റേഷനു കിഴക്കു ഭാഗം, ഗവ. ആശുപത്രി കവല, പാര്‍ഥസാരഥി ക്ഷേത്രക്കവല, കെ.എസ്.ആര്‍.ടി.സി, സെന്‍ട്രല്‍ കവല, മരിയ ആശുപത്രിക്കവല, കോട്ടമുകള്‍, ടി.ബി ജങ്ഷന്‍, പറക്കോട് മുസ്ലിംപള്ളിക്കു സമീപം, മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ്, ചന്തക്കവല, ഹൈസ്കൂള്‍കവലക്കു കിഴക്ക് എന്നീ തിരക്കുള്ള ഭാഗങ്ങളില്‍പോലും ഓടകള്‍ തുറന്ന നിലയിലാണ്. ഇതിനകം നിരവധി കാല്‍നടക്കാരുടെ കാലുകള്‍ ഇതിനുള്ളില്‍ കുടുങ്ങി പരിക്കേറ്റു. സമീപത്തെ വ്യാപാരികളും ഓട്ടോ ഡ്രൈവര്‍മാരുമാണ് അപകടത്തില്‍പെടുന്നവരെ രക്ഷിക്കുന്നത്. നടപ്പാതയിലെ മറ്റ് സ്ളാബുകളിലൂടെ സുഗമമായി നടന്നു വരുമ്പോള്‍ തകര്‍ന്നു കിടക്കുന്ന സ്ളാബുകളുടെ വിടവില്‍ കാല്‍നടക്കാര്‍ യാദൃച്ഛികമായി വീഴുകയാണ്. രാത്രിയില്‍ മിക്കയിടത്തും വേണ്ടത്ര വെളിച്ചം ഇല്ലാത്തത് കാല്‍നടക്കാര്‍ക്കു കൂടുതല്‍ വിനയാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.