ശില്‍പശാല മാത്രം നടത്തിയാല്‍ മാലിന്യ നിര്‍മാര്‍ജനമാകുമോ? അടൂര്‍ നഗരവാസികള്‍ ചോദിക്കുന്നു

അടൂര്‍: മാലിന്യനിര്‍മാര്‍ജനത്തിന് ബോധവത്കരണ ശില്‍പശാല നടത്തിയാല്‍ മതിയോ? -ഇത് അടൂര്‍ നഗരസഭ വാസികളുടെ ചോദ്യമാണ്. യു.ഡി.എഫ് നേതൃത്വത്തില്‍ കാല്‍നൂറ്റാണ്ട് അടൂര്‍ നഗരസഭ ഭരിച്ചവര്‍ക്കെതിരെ സമാധാനത്തിലൂടെയും അക്രമത്തിലൂടെയുമുള്ള സമര പരാക്രമങ്ങള്‍ നടത്തിയ എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലേറി മാസങ്ങളായിട്ടും നഗരമാലിന്യം കുറക്കാനെങ്കിലും ഒരു നടപടിയും കൈക്കൊണ്ടില്ല. മഴക്കാലമായതോടെ ധൈര്യമായി നടന്നുപോകാന്‍പോലും പറ്റാത്ത അവസ്ഥയാണ് പാതകളില്‍. ആകെ ചെയ്തത് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഒരു ബോധവത്കരണ സെമിനാര്‍. അതോടെ കാര്യം തീര്‍ന്നു. ഓടകളില്‍ മാലിന്യം നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാനാകാതെ കൊതുകുകള്‍ വളരുന്നു. ശുചീകരണത്തിലും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിലും വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ എല്ലായിടത്തും പ്രവര്‍ത്തനം നടക്കുമ്പോള്‍ അടൂരില്‍ ഒന്നും ചെയ്യാതെയിരിക്കുകയാണ് നഗരസഭ അധികൃതര്‍. അടൂരിലെ ഏറ്റവും തിരക്കേറിയ ബൈപാസിന് ഇരുവശവും മാംസാവശിഷ്ടങ്ങളും പ്ളാസ്റ്റിക്കും ഉള്‍പ്പെടെ മാലിന്യം കുന്നുകൂടി കിടക്കുന്നു. നഗരത്തിലെ വിവിധ സ്ഥലങ്ങളിലും മാലിന്യനീക്കം ശരിയായ രീതിയില്‍ നടക്കുന്നില്ല. പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പല സ്ഥലത്തും വ്യാപകമായപ്പോള്‍ തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിന് പ്രാധാന്യം കൊടുത്തുവരുകയാണ്. അപ്പോഴാണ് അടൂരില്‍ അധികൃതര്‍ ഒന്നും ചെയ്യാതെയിരിക്കുന്നത്. നഗരസഭയുടെ അധീനതയിലുള്ള മാലിന്യ സംസ്കരണ പ്ളാന്‍റിലും മാലിന്യ സംസ്കരണം നിലച്ചിട്ട് വര്‍ഷങ്ങളായി. മാലിന്യ സംസ്കരണത്തിന് പുതിയ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്ന് ഭരണസമിതി വാഗ്ദാനമുണ്ട്. എന്നിട്ടും കുന്നുകൂടിയ മാലിന്യം നീക്കാന്‍പോലും അധികൃതര്‍ തയാറായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.